

ലാമിൻ യമാൽ ഗോൾ ആഘോഷിക്കുന്നു.
ആൽബാസെറ്റെയെ 2-1ന് കീഴടക്കി ബാഴ്സലോണ കോപ്പ ഡെൽ റേ സെമി ഫൈനലിൽ പ്രവേശിച്ചു. ലാമിൻ യമാൽ, അരൗഹോ എന്നിവർ ബാഴ്സയ്ക്കായി ഗോളുകൾ നേടിയപ്പോൾ ജാവി മൊറേനോ ആൽബാസെറ്റെയുടെ ആശ്വാസ ഗോൾ നേടി. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ബാഴ്സ തുടർച്ചയായ നാലാം തവണയാണ് സെമിയിൽ പ്രവേശിക്കുന്നത്.
മാഡ്രിഡ്: രണ്ടാം ഡിവിഷൻ ക്ലബ്ബായ ആൽബാസെറ്റെയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി ബാഴ്സലോണ കോപ്പ ഡെൽ റേ സെമി ഫൈനലിൽ പ്രവേശിച്ചു. ലാമിൻ യമാൽ, റൊണാൾഡ് അരൗഹോ എന്നിവരാണ് ബാഴ്സലോണയ്ക്കായി ഗോളുകൾ നേടിയത്.
പ്രീ-ക്വാർട്ടറിൽ കരുത്തരായ റയൽ മാഡ്രിഡിനെ അട്ടിമറിച്ചെത്തിയ ആൽബാസെറ്റെ, ബാഴ്സലോണയ്ക്കും കടുത്ത വെല്ലുവിളിയാണ് ഉയർത്തിയത്. മത്സരത്തിന്‍റെ 39-ാം മിനിറ്റിൽ മിഡ്ഫീൽഡർ ഫ്രെങ്കി ഡി ജോങ്ങിന്‍റെ അസിസ്റ്റിൽ ലാമിൻ യമാലാണ് ബാഴ്സയെ മുന്നിലെത്തിച്ചത്. തന്‍റെ അവസാന ആറ് മത്സരങ്ങളിൽ യമാലിന്‍റെ അഞ്ചാം ഗോളായിരുന്നു ഇത്.
56-ാം മിനിറ്റിൽ മാർക്കസ് റാഷ്ഫോർഡ് എടുത്ത കോർണറിൽ നിന്ന് തകർപ്പൻ ഹെഡറിലൂടെ റൊണാൾഡ് അരൗഹോ ലീഡ് ഇരട്ടിയാക്കി. കഴിഞ്ഞ വർഷം മാനസികാരോഗ്യത്തിനായി വിട്ടുനിന്ന ശേഷം അരൗഹോ നേടുന്ന ആദ്യ ഗോളാണിത്.
അവസാന നിമിഷങ്ങളിൽ ആൽബാസെറ്റെ തിരിച്ചടിക്കാൻ ശ്രമിച്ചു. 87-ാം മിനിറ്റിൽ ജാവി മൊറേനോയിലൂടെ അവർ ഒരു ഗോൾ മടക്കിയതോടെ മത്സരം ആവേശകരമായി. ഇതിനിടെ ബാഴ്സയുടെ ഫെറാൻ ടോറസ് നേടിയ ഗോളും ആൽബാസെറ്റെയുടെ മറ്റൊരു ഗോളും ഓഫ്‌സൈഡ് വിധിയിൽ റദ്ദാക്കപ്പെട്ടു.
മത്സരത്തിന്‍റെ അവസാന മിനിറ്റുകളിൽ ആൽബാസെറ്റെ സമനിലയ്ക്കായി പൊരുതിയെങ്കിലും ജെറാർഡ് മാർട്ടിന്‍റെ ഗോൾ-ലൈൻ ക്ലിയറൻസ് ബാഴ്സലോണയെ രക്ഷിച്ചു.
ഈ സീസണിൽ കളിച്ച അവസാന 17 മത്സരങ്ങളിൽ ബാഴ്സലോണ നേടുന്ന 16-ാം വിജയമാണിത്. റയൽ സൊസൈഡാഡിനെതിരെ മാത്രമാണ് ഈ കാലയളവിൽ ടീം പരാജയപ്പെട്ടത്. ഹാൻസി ഫ്ലിക്കിന്‍റെ കീഴിൽ ലാലിഗയിലും ഒരു പോയിന്‍റ് വ്യത്യാസത്തിൽ റയലിന് മുന്നിൽ ഒന്നാമതാണ് ബാഴ്സലോണ. ടൂർണമെന്‍റിലെ മറ്റ് മത്സരങ്ങളിൽ വലൻസിയ അത്ലറ്റിക് ബിൽബാവോയെയും, റയൽ സൊസൈഡാഡ് അലാവസിനെയും നേരിടും. വ്യാഴാഴ്ച അത്ലറ്റിക്കോ മാഡ്രിഡ് റയൽ ബെറ്റിസിനെ നേരിടും.