
മുംബൈ: ഈ ലോകകപ്പില്‍ ആരായിരിക്കും ടോപ് സ്കോററാവുക? ആരായിരിക്കും മികച്ച ബൗളറാവുക. ഈ രണ്ട് സ്ഥാനങ്ങളിലേക്കും പോരാട്ടം രൂക്ഷമായിരിക്കുകയാണ്. ബാറ്റര്‍മാരുടെ പട്ടികയില്‍ ഇന്ത്യയുടെ വിരാട് കോലിയെയും രോഹിത് ശര്‍മയെയും പിന്തള്ളി ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് മുന്നിലെത്തിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളില്‍നിന്ന് 81. 40 ശരാശരിയുമായി 407 റണ്‍സാണ് ഇതുവരെ ക്വിന്റണിന്റെ അക്കൗണ്ടിലുള്ളത്. ഇതില്‍ മൂന്നു സെഞ്ചുറിയുമുണ്ട്. ബംഗ്ലാദേശിനെതചിരേ നേടിയ 174 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഈ ലോകകപ്പിലെയും ഉയര്‍ന്ന സ്കോറാണിത്. സ്ട്രൈക്ക് റേറ്റ് 114.97 ആണ്. രണ്ടാം സ്ഥാനത്ത് വിരാട് കോലിയാണ്. അഞ്ച് മത്സരങ്ങളില്‍നിന്ന് 354 റണ്‍സുള്ള കോലിയുടെ ശരാശരി 118 ആണ്. മൂന്ന് അര്‍ധസെഞ്ചുറിയും ഒരു സെഞ്ചുറിയും കോലിയുടെ അക്കൗണ്ടിലുണ്ട്. സ്ട്രൈക്ക് റേറ്റ് 90.53. ഉയര്‍ന്ന സ്കോര്‍ പുറത്താകാതെ 103. മൂന്നാം സ്ഥാനത്ത് ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ്. 332 റണ്‍സ്, ശരാശരി 66.40. രണ്ട് സെഞ്ചുറി നേടിയ വാര്‍ണറുടെ സ്ട്രൈക്ക് റേറ്റ് 109.93 ആണ്. നാലാം സ്ഥാനത്ത് ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയാണുള്ളത്. 311 റണ്‍സ്, 62.20 ശരാശരിയുമുണ്ട്. ഉയര്‍ന്ന സ്കോര്‍ 131. ഒരു സെഞ്ചുറിയും ഒരു അര്‍ധസെഞ്ചുറിയും രോഹിതിന്റെ അക്കൗണ്ടിലുണ്ട്. അഞ്ചാം സ്ഥാനത്ത് പാക്കിസ്ഥാന്റെ മുഹമ്മദ് റിസ്വാന്, 302 റണ്‍സ്.
ബൗളര്‍മാരില്‍ ന്യൂസിലന്‍ഡിന്റെ മിച്ചല്‍ സാന്റ്നറാണ് മുന്നില്‍ അഞ്ച് മത്സരങ്ങള്‍ കളിച്ച സാന്റ്നര്‍ക്ക് 12 വിക്കറ്റുകളുണ്ട്. 286 പന്തുളെറിഞ്ഞ സാന്റ്നര്‍ 203 റണ്‍സ് വഴങ്ങി. 59 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. രണ്ടാം സ്ഥാനത്ത് ശ്രീലങ്കയുടെ ദില്ഷന് മദുഷങ്കയും ഇന്ത്യയുടെ ജസ്പ്രീത് ബുമ്രയുമാണ്. ഇരുവരും 11 വിക്കറ്റുകള്‍ വീതം നേടി. ബുമ്ര 282 പന്തുകള്‍ എറിഞ്ഞപ്പോള്‍ 179 റണ്‍സ് മാത്രമാണ് വഴങ്ങിയത്. മികച്ച പ്രകടനം 39 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ നേടിയത്. കിവീസിന്റെ മാറ്റ് ഹെന്റി, പാക്കിസ്ഥാന്റെ ഷഹീന് അഫ്രീദി, ദക്ഷിണാഫ്രിക്കയുടെ മാര്‍കോ ജാന്സന്, കാഗിസോ റബാഡ, ജറാര്‍ഡ് ഗോറ്റ്സെ എന്നിവര്‍ 10 വിക്കറ്റുകളുമായി പിന്നില്‍ത്തന്നെയുണ്ട്.