
പൂനെ: ലോകകപ്പ് ടൂർണമെന്റിലെ ഏറ്റവും മികച്ച രണ്ട് ടീമുകൾ ഇന്ന് നേർക്കുനേർ പോരാട്ടത്തിന് എത്തുന്നു. പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും മൂന്നാം സ്ഥാനത്തുള്ള ന്യൂസിലൻഡും കളത്തിൽ എത്തുമ്പോൾ ഗ്രൂപ്പ് ഘട്ടത്തിലെ ഒരു സെമിഫൈനൽ പോരാട്ടമെന്ന് വിശേഷിപ്പിക്കാം. ഗ്രൂപ്പ് ഘട്ടം അവസാനിക്കുമ്പോൾ ഇവർ ഈ സ്ഥാനങ്ങളിൽ തന്നെ തുടർന്നാൽ സെമിയിലും ഇവർ തന്നെയാകും നേർക്കുനേർ എത്തുക. 2019 ലെ ഇംഗ്ലണ്ടിലും വെയിൽസിലും നടന്ന ഏറ്റവും പുതിയ ലോകകപ്പിന് ശേഷം ഇരു ടീമുകളും ഒരു ഏകദിനത്തിൽ ഏറ്റുമുട്ടിയിട്ടില്ല എന്നതാണ് കൗതുകകരം, ആ മത്സരത്തിൽ നായകൻ കെയ്ൻ വില്യംസണിന്റെ ഗംഭീര സെഞ്ചുറിയുടെ പിൻബലത്തിൽ കിവീസാണ് ത്രില്ലറിൽ ജയിച്ച് കയറിയത്.
നായകൻ കെയ്ൻ വില്ല്യംസണിന്റെ പരുക്ക് കിവീസിനെ വലയ്ക്കുന്നുണ്ട്. അവസാന രണ്ട് മത്സരങ്ങളിൽ ആതിഥേയരായ ഇന്ത്യയോടും ഓസ്ട്രേലിയയോടും തോറ്റാണ് കിവീസ് ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടാൻ എത്തുന്നത്. അതിൽ ഓസ്ട്രേലിയയ്ക്കെതിരേ അവസാന പന്ത് വരെ ആവേശം നിറച്ച ത്രില്ലറിൽ അഞ്ച് റൺസിനാണ് ന്യൂസിലൻഡ് തോൽവി വഴങ്ങിയത്. 107 സ്ട്രൈക്ക് റേറ്റിൽ 406 റൺസ് നേടിയ രച്ചിൻ രവീന്ദ്രയാണ് ന്യൂസിലൻഡിനായി ടോപ് സ്കോറർ. ഡാരിൽ മിച്ചൽ 107 സ്ട്രൈക്ക് റേറ്റിൽ 322 റൺസും നേടിയിട്ടുണ്ട്. ന്യൂസിലൻഡിനായി 20 ശരാശരിയിലും 4.91 ഇക്കോണമി റേറ്റിലും ബൗൾ ചെയ്യുന്ന മിച്ചൽ സാന്റ്നർ 14 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്.
മറുവശത്ത് പാക്കിസ്ഥാനെ അവസാന വിക്കറ്റിൽ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസവുമായണ് ദക്ഷിണാഫ്രിക്ക എത്തുന്നത്. ദക്ഷിണാഫ്രിക്കൻ ടീമിനെ പുതിയ പരുക്കുകളൊന്നുമില്ല. നട്ടല്ലിന് വേദനയെ തുടർന്ന് പാക്കിസ്ഥാനെതിരേ പുറത്തിരുന്ന സീമർ കഗിസോ റബാഡ ഇന്ന് കളിക്കുന്ന കാര്യം ഉറപ്പായിട്ടില്ല. 117 സ്ട്രൈക്ക് റേറ്റിൽ 431 റൺസ് നേടിയ ക്വിന്റൺ ഡി കോക്കാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 15 സിക്സറുകളും 44 ഫോറുകളും അദ്ദേഹം അടിച്ചു. 149 സ്ട്രൈക്ക് റേറ്റിൽ 300 റൺസാണ് ഹെൻറിച്ച് ക്ലാസൻ നേടിയത്. മാർക്കോ ജാൻസൻ 13 വിക്കറ്റുകൾ സ്വന്തമാക്കി (6.17 ഇക്കോണോമി റേറ്റ് ). കിരീടപോരാട്ടത്തിന് ഏറെ സാധ്യത കൽപിക്കുന്ന രണ്ട് ടീമുകൾ ഇന്ന് ഏറ്റുമുട്ടുമ്പോൾ മികച്ച മത്സരം തന്നെ പ്രതീക്ഷിക്കാം.