
ബംഗളൂരു: സെമിയിലേക്ക് മുന്നേറാനുള്ള എളുപ്പവഴി നോക്കി കിവീസ് ഇന്ന് ശ്രീലങ്കയ്ക്കെതിരേ. ലോകകപ്പില്‍ ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ ജയിച്ചാല്‍ മറ്റ് കാര്യമായ വൈതരണികളില്ലാതെ സെമിയിലെത്താമെന്ന ആത്മവിശ്വാസത്തില്‍ കിവികള്‍. മത്സരം ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍. ശ്രീലങ്ക ഇതിനോടകം ലോകകപ്പില്‍നിന്ന് പുറത്തായതിനാല്‍ ചാംപ്യന്‍സ് ട്രോഫി ബെര്‍ത്താണ് ഉറ്റുനോക്കുന്നത്. ഇരുടീമും ലോകകപ്പിലെ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ഇന്ന് പാഡ് കെട്ടും. അതേസമയം ഇന്ന് ബംഗളൂരുവിൽ മഴ പെയ്യുമെന്നത് കിവികളെ ആശങ്കപ്പെടുത്തുന്നു.
ലോകകപ്പിന്റെ തുടക്കത്തല് മികച്ച മുന്നേറ്റം കാഴ്ചവച്ച കിവികള്‍ക്ക് പക്ഷേ, പിന്നീട് അത് തുടരാനായില്ല. ഇന്നത്തെ മത്സരത്തില്‍ ശ്രീലങ്കയെ മികച്ച മാര്‍ജിനില്‍ മറികടക്കുക തന്നെയാണ് കിവികളുടെ ലക്ഷ്യം. കെയ്ന്‍ വില്യംസണ് ഇന്നത്തെ മത്സരത്തിലും കളിക്കുമെന്നതിനാല്‍ ന്യൂസിലന്‍ഡ് നിറഞ്ഞ ആത്മവിശ്വാസത്തിലാണ്. ലോകകപ്പിലെ കഴിഞ്ഞ നാല് മത്സരത്തിലും പരാജയപ്പതിന്റെ ക്ഷീണവും അവര്‍ക്ക് തീര്‍ക്കേണ്ടതുണ്ട്. മറുവശത്ത് ശ്രീലങ്ക മൂന്ന് തുടര്‍ തോല്‍വിക്കു ശേഷമാണ് ഇന്നിറങ്ങുന്നത്. ഒന്നും നഷ്ടപ്പെടാനില്ലെന്നിരിക്കേ ആത്മവിശ്വാസത്തോടെ അവര്‍ക്ക് കളിക്കാനാകും.
ബാറ്റിങ്ങില്‍ രചിന് രവീന്ദ്രയാണ് കിവീകളുടെ തുരുപ്പ് ചീട്ട്. ഇതിനോടകം 523 റണ്‍സ് അദ്ദേഹം അടിച്ചുകൂട്ടിക്കഴിഞ്ഞു. റണ്‍വേട്ടക്കാരുടെ പട്ടികയില്‍ അദ്ദേഹം മൂന്നാമതാണ്. കിവീസ് നിരയില്‍ ഇന്ന് ജാമിസണും ഫെര്‍ഗൂസനും കളിക്കുമെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ ഇഷ് സോധിയും ടിം സൗത്തിയുമാവും പുറത്താകുന്നത്.
ലങ്കന്‍ ടീം അപ്രതീക്ഷിതമായി ബംഗ്ലാദേശിനോട് പരാജയപ്പെട്ട നടുക്കത്തിലാണ്. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റഅ നേടിയ താരമെന്ന ഖ്യാതി ദില്ഷന് മധുശങ്കയ്ക്കാണ്, 20 വിക്കറ്റുകള്‍.