ടി20 ലോകകപ്പിൽ അഫ്ഗാന്‍റെ കിവി കശാപ്പ്

അഫ്ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ ന്യൂസിലൻഡ് വെറും 75 റൺസിന് ഓൾഔട്ട്
ടി20 ലോകകപ്പിൽ അഫ്ഗാന്‍റെ കിവി കശാപ്പ്
അഫ്ഗാനിസ്ഥാൻ ഫാസ്റ്റ് ബൗളർ ഫസൽഹഖ് ഫാറൂഖിയെ അഭിനന്ദിക്കുന്ന സഹതാരങ്ങൾ.

പ്രൊവിഡൻസ്: ഈ ലോകകപ്പിലെ ഏറ്റവും കരുത്തുറ്റ ബൗളിങ് നിരകളിലൊന്ന് അഫ്ഗാനിസ്ഥാന്‍റേതാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് ന്യൂസിലൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസണാണ്. ഗ്രൂപ്പ് സി മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ, കിവികളെ വെറും 75 റൺസിന് അരിഞ്ഞിട്ടുകൊണ്ട് അഫ്ഗാൻ ബൗളർമാർ ആ വാക്കുകൾ സത്യമാണെന്നു തെളിയിച്ചിരിക്കുന്നു.

ട്വന്‍റി20 ക്രിക്കറ്റിന്‍റെ പ്രവചനാതീത സ്വഭാവം ഒരിക്കൽക്കൂടി തെളിയിക്കുന്നതായിരുന്നു കിവികളെ ചിവിട്ടിയരച്ചുകൊണ്ടുള്ള അഫ്ഗാനിസ്ഥാൻ പടയോട്ടം. ടോസ് നേടി ഫീൽഡ് ചെയ്യാനുള്ള വില്യംസണിന്‍റെ തീരുമാനം ശരിയോ തെറ്റോ എന്നുറപ്പിക്കാനാവാത്ത രീതിയിലായിരുന്നു അഫ്ഗാനിസ്ഥാന്‍റെ ബാറ്റിങ്. ഓപ്പണിങ് കൂട്ടുകെട്ടിൽ 103 റൺസ് പിറന്നെങ്കിലും അപ്പോഴേക്കും പതിനഞ്ചാം ഓവറായിരുന്നു. ആദ്യ മത്സരത്തിൽ ഉഗാണ്ടയ്ക്കെതിരേ 154 റൺസും ഇതേ ഓപ്പണിങ് സഖ്യം അടിച്ചെടുത്തതാണ്.

41 പന്തിൽ 44 റൺസെടുത്ത ഇബ്രാഹിം സദ്രാന്‍റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തുടർന്ന് മൂന്നാം നമ്പറിലേക്കു പ്രമോട്ട് ചെയ്യപ്പെട്ട അസ്മത്തുള്ള ഒമർസായ് 13 പന്തിൽ 22 റൺസുമായി സ്കോറിങ്ങിനു വേഗം കൂട്ടി. പക്ഷേ, ഒമർസായിക്കു പിന്നാലെ മുഹമ്മദ് നബിയും (0) ക്യാപ്റ്റൻ റാഷിദ് ഖാനും (6) ക്ഷണത്തിൽ മടങ്ങി.

ഈ സമയമത്രയും ഗുർബാസ് മറ്റേയറ്റത്ത് ഒറ്റയാൾ പോരാട്ടം തുടരുകയായിരുന്നു. ഒടുവിൽ അവസാനത്തെ ഓവറിൽ ട്രെന്‍റ് ബൗൾട്ടിന്‍റെ പന്തിൽ ക്ലീൻ ബൗൾഡാകുമ്പോൾ ഗുർബാസ് 56 പന്തിൽ 80 റൺസെടുത്തിരുന്നു. അഞ്ച് ഫോറും അഞ്ച് സിക്സും ഉൾപ്പെട്ടെ അസാമാന്യ ഇന്നിങ്സ്. ന്യൂസിലൻഡിനു വേണ്ടി ബൗൾട്ടും മാറ്റ് ഹെൻറിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 20 ഓവറിൽ അഫ്ഗാൻ നേടിയത് 6 വിക്കറ്റ് നഷ്ടത്തിൽ 159 റൺസ്.

ന്യൂസിലൻഡ് ഇന്നിങ്സിൽ ഒന്നാമത്തെ പന്ത് മുതൽ അവർക്കു തിരിച്ചടി കിട്ടിത്തുടങ്ങി. ഫസൽഹഖ് ഫാറൂഖിയുടെ ആദ്യ പന്തിൽ ഓപ്പണർ ഫിൻ അല്ലൻ ക്ലീൻ ബൗൾഡ്. തന്‍റെ അടുത്ത ഓവറിൽ ഡെവൺ കോൺവെയെയും ഫാറൂഖി തന്നെ തിരിച്ചയച്ചു. പവർ പ്ലേയിൽ തന്നെ തങ്ങളുടെ പ്രീമിയർ ഫാസ്റ്റ് ബൗളർക്ക് മൂന്നാം ഓവറും നൽകിയ റാഷിദ് ഖാന്‍റെ തീരുമാനം പിഴച്ചില്ല, ഡാരിൽ മിച്ചലും പുറത്ത്! പിന്നെ കിവികൾക്കൊരു തിരിച്ചുവരവുണ്ടായതുമില്ല.

ആദ്യ മത്സരത്തിൽ അഞ്ച് വിക്കറ്റ് നേടിയ ഫാറൂഖി ഇക്കുറി നാല് വിക്കറ്റെടുത്തപ്പോഴേക്കും ന്യൂസിലൻഡിന്‍റെ ഇന്നിങ്സ് തീർന്നുപോയി. രണ്ടാം സ്പെല്ലിൽ ശേഷിച്ച ഒരേയൊരു ഓവറിലെ രണ്ടാം പന്തിൽ അദ്ദേഹം മാറ്റ് ഹെൻറിയെ പുറത്താക്കിയത് ന്യൂസിലൻഡിന്‍റെ പത്താം വിക്കറ്റിന്‍റെ രൂപത്തിലായിരുന്നു. ആകെ 3.2 ഓവറിൽ 17 റൺസിന് നാല് വിക്കറ്റ്.

ഫാറൂഖിയെ കൂടാതെ റഷീദ് ഖാനും അഫ്ഗാനു വേണ്ടി നാലു വിക്കറ്റ് വീഴ്ത്തി. നാലോവറിൽ വഴങ്ങിയത് പതിനേഴ് റൺസ് മാത്രം. ശേഷിച്ച രണ്ട് വിക്കറ്റ്, ന്യൂബോളെടുത്ത മുഹമ്മദ് നബിയും സ്വന്തമാക്കി.

18 പന്തിൽ 18 റൺസെടുത്ത ഗ്ലെൻ ഫിലിപ്സാണ് കിവികളുടെ ടോപ് സ്കോറർ. ഫിലിപ്സിനെ കൂടാതെ രണ്ടക്കം കാണാനായത് 12 റൺസെടുത്ത മാറ്റ് ഹെൻറിക്കു മാത്രം. 75 റൺസിന് ന്യൂസിലൻഡ് ഓൾഔട്ടാകുമ്പോൾ 84 റൺസിന്‍റെ കൂറ്റൻ വിജയം അഫ്ഗാനു സ്വന്തം. ഗുർബാസാണ് പ്ലെയർ ഓഫ് ദ മാച്ച്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com