പുറത്താകൽ ഭീഷണിയിൽ ചാംപ്യൻമാർ

ഓസ്ട്രേലിയ ഇത്തവണത്തെ ട്വന്‍റി20 ലോകകപ്പിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ കുറിച്ചപ്പോൾ ഇംഗ്ലണ്ടിന് 36 റൺസിന്‍റെ തോൽവി
പുറത്താകൽ ഭീഷണിയിൽ ചാംപ്യൻമാർ
വിൽ ജാക്ക്സിനെ സിക്സർ പറത്തുന്ന ട്രാവിസ് ഹെഡ്. ഇംഗ്ലണ്ട് ക്യാപ്റ്റനും വിക്കറ്റ് കീപ്പരുമായ ജോസ് ബട്‌ലർ പിന്നിൽ.

ബ്രിഡ്ജ്ടൗൺ: ഇത്തവണത്തെ ട്വന്‍റി20 ലോകകപ്പിൽ ഇതുവരെയുള്ള ഏറ്റവും ഉയർന്ന സ്കോർ ഓസ്ട്രേലിയ മുന്നോട്ടുവച്ചപ്പോൾ, നിലവിലുള്ള ചാംപ്യൻമാരായ ഇംഗ്ലണ്ട് നിഷ്പ്രഭരായി. 201/7 എന്ന ഓസ്ട്രേലിയൻ സ്കോറിനെതിരേ ഇംഗ്ലണ്ടിന്‍റെ മറുപടി 165/6 വരെ മാത്രമാണെത്തിയത്. മുൻ ചാംപ്യൻമാർക്ക് 36 റൺസിന്‍റെ ആധികാരിക വിജയം.

ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോസ് ബട്‌ലർ എതിരാളികളെ ബാറ്റിങ്ങിനു ക്ഷണിക്കുകയായിരുന്നു. രണ്ടാം ഓവർ മുതൽ ബട്‌ലറുടെ തീരുമാനത്തെ പരിഹസിക്കും വിധം ബാറ്റ് വീശിയ ഓസ്ട്രേലിയയുടെ ഇടങ്കയ്യൻ ഓപ്പണിങ് ജോടി അഞ്ചോവറിൽ സ്കോർ 70 കടത്തി.

ആദ്യ ഓവർ മൊയീൻ അലിയെ ഏൽപ്പിച്ച ഇംഗ്ലിഷ് തീരുമാനം മോശമായില്ലെങ്കിലും, അമിത ആത്മവിശ്വാസത്തിൽ പാർട്ട് ടൈം ഓഫ് സ്പിന്നർ വിൽ ജാക്ക്സിനെ രണ്ടാം ഓവർ ഏൽപ്പിച്ച തീരുമാനം പാളി. ഈ ഓവറിൽ, ഐപിഎൽ ശൈലിയിൽ കത്തിക്കയറിയ ട്രാവിസ് ഹെഡ് രണ്ടു സിക്സും ഒരു ഫോറും പറത്തി.

പിന്നീട് അതിവേഗക്കാരായ ജോഫ്ര ആർച്ചറെയും മാർക്ക് വുഡിനെയും ഇംഗ്ലണ്ട് രംഗത്തിറക്കിയെങ്കിലും ഡേവിഡ് വാർനർ പതിവിലേറെ അപകടകാരിയാകുന്ന കാഴ്ചയായിരുന്നു പിന്നീട്. 16 പന്തിൽ 39 റൺസെടുത്ത വാർനറെ മൊയീൻ അലിയും, 18 പന്തിൽ 34 റൺസെടുത്ത ഹെഡിനെ ആർച്ചറും ക്ലീൻ ബൗൾ ചെയ്തതോടെ ഇംഗ്ലണ്ടിനു താത്കാലിക ആശ്വാസം.

മിച്ചൽ മാർഷ് 25 പന്തിൽ 35 റൺസും ഗ്ലെൻ മാക്സ്‌വെൽ 25 പന്തിൽ 28 റൺസുമാണ് നേടിയത്. എന്നാൽ, പിന്നീട് വന്ന മാർക്കസ് സ്റ്റോയ്നിസും (17 പന്തിൽ 30) വിക്കറ്റ് കീപ്പർ മാത്യു വെയ്ഡും (10 പന്തിൽ 17) സ്കോർ 201 വരെയെത്തിച്ചു, അതും ഒരു ബാറ്റർ പോലും അർധ സെഞ്ചുറി നേടാതെ!

മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനും വെടിക്കെട്ട് തുടക്കം തന്നെ കിട്ടി. ഫിൽ സോൾട്ടും (23 പന്തിൽ 37) ബട്‌ലറും (28 പന്തിൽ 42) ചേർന്ന് ടീം സ്കോർ ഏഴോവറിൽ എഴുപത് എത്തിച്ചു. എന്നാൽ, ഓപ്പണർമാർ വീണ ശേഷം വിൽ ജാക്ക്സിനും (10 പന്തിൽ 10) ജോണി ബെയർസ്റ്റോയ്ക്കും (13 പന്തിൽ 7) പിടിച്ചു നിൽക്കാൻ കഴിയാതിരുന്നത് റണ്ണൊഴുക്കിനെ കാര്യമായി ബാധിച്ചു.

വൈസ് ക്യാപ്റ്റൻ കൂടിയായ മൊയീൻ അലിയും (15 പന്തിൽ 25) അതിനു ശേഷം ഹാരി ബ്രൂക്കും (16 പന്തിൽ പുറത്താകാതെ 20) ലിയാം ലിവിങ്സ്റ്റണും (12 പന്തിൽ 15) ശ്രമങ്ങൾക്ക് ഇംഗ്ലണ്ടിനെ ഓസ്ട്രലിയൻ സ്കോറിന്‍റെ അടുത്തുപോലും എത്തിക്കാൻ സാധിച്ചില്ല.

നാലോവറിൽ 28 റൺസ് വഴങ്ങി ഇംഗ്ലണ്ടിന്‍റെ രണ്ട് ഓപ്പണർമാരെയും പുറത്താക്കിയ ലെഗ് സ്പിന്നർ ആഡം സാംപയാണ് കളിയുടെ ഗതി തിരിച്ചത്. സാംപ തന്നെ പ്ലെയർ ഓഫ് ദ മാച്ച് ആയും തെരഞ്ഞെടുക്കപ്പെട്ടു.

സ്കോട്ട്‌ലൻഡിനെതിരായ ആദ്യ മത്സരം മഴ കാരണം മുടങ്ങിയതോടെ, ഇംഗ്ലണ്ടിനിപ്പോൾ രണ്ട് കളിയിൽ ഒരു പോയിന്‍റ് മാത്രമാണുള്ളത്. ശേഷിക്കുന്ന മത്സരങ്ങളിൽ ഒമാനെയും നമീബിയയെയും തോൽപ്പിച്ചാൽ മാത്രം പോരാ, മികച്ച നെറ്റ് റൺ റേറ്റും ഉറപ്പാക്കിയാൽ മാത്രമേ ഇംഗ്ലണ്ടിന് നോക്കൗട്ട് ഘട്ടത്തിൽ ഇടംപിടിക്കാൻ സാധിക്കൂ.

Trending

No stories found.

Latest News

No stories found.