അയർലൻഡിനെതിരേ ക്യാനഡയ്ക്ക് ജയം; മരണ ഗ്രൂപ്പായി 'എ'
അയർലൻഡിനെ തോൽപ്പിച്ച ക്യാനഡ താരങ്ങളുടെ ആഹ്ളാദ പ്രകടനം.

അയർലൻഡിനെതിരേ ക്യാനഡയ്ക്ക് ജയം; എ ഗ്രൂപ്പിൽ മരണക്കെണി

ഐസിസി ഫുൾ മെംബർ പദവിയുള്ള അയർലൻഡിനെതിരേ അസോസിയേറ്റ് മെംബർ ക്യാനഡ നേടിയ വിജയത്തോടെ ട്വന്‍റി20 ലോകകപ്പിന്‍റെ ഗ്രൂപ്പ് എയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നു

ന്യൂയോർക്ക്: ട്വന്‍റി20 ലോകകപ്പിന്‍റെ ഗ്രൂപ്പ് എയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നു. ഐസിസി ഫുൾ മെംബറായ അയർലൻഡിനെതിരേ അസോസിയേറ്റ് അംഗരാജ്യം ക്യാനഡ നേടിയ 12 റൺസ് വിജയത്തോടെയാണിത്. ടി20 ലോകകപ്പിന്‍റെ ചരിത്രത്തിൽ തന്നെ ക്യാനഡ നേടുന്ന ആദ്യ വിജയമാണിത്. നേരത്തെ പാക്കിസ്ഥാനെ യുഎസ്എ വീഴ്ത്തിയതും ഇതേ ഗ്രൂപ്പിൽ തന്നെ.

ന്യൂയോർക്കിലെ കടുപ്പമേറിയ പിച്ചിൽ ടോസ് നേടിയ ഐറിഷ് ക്യാപ്റ്റൻ പോൾ സ്റ്റർലിങ് ഫീൽഡിങ്ങാണ് തെരഞ്ഞെടുത്തത്. 53 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് നഷ്ടമായെങ്കിലും, അഞ്ചും ആറും നമ്പറുകളിൽ ബാറ്റ് ചെയ്ത നിക്കൊളാസ് കിർട്ടണും (35 പന്തിൽ 49) ശ്രേയസ് മോവയും (36 പന്തിൽ 37) ചേർന്ന് ക്യാനഡയെ 137/7 എന്ന പൊരുതാവുന്ന സ്കോറിലെത്തിച്ചു.

കൂടുതൽ അന്താരാഷ്‌ട്ര പരിചയമുള്ള അയർലൻഡിന് മറുപടി ബാറ്റിങ്ങിൽ തുടക്കം മുതൽ തിരിച്ചടിയാണ് നേരിട്ടത്. 59 റൺസെടുക്കുന്നതിനിടെ അവരുടെ ആറ് വിക്കറ്റുകൾ നിലംപൊത്തി. വാലറ്റത്ത് ജോർജ് ഡോക്റലും (23 പന്തിൽ 30) മാർക്ക് ഡയറും (24 പന്തിൽ 34) നടത്തിയ പ്രത്യാക്രമണം ജയത്തിലെത്താൻ പര്യാപ്തമായതുമില്ല. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസ് വരെയേ അവർക്ക് എത്താനായുള്ളൂ.

16 റൺസിന് രണ്ട് വിക്കറ്റ് നേടിയ ജെറമി ഗോർഡനും 18 റൺസിന് രണ്ട് വിക്കറ്റ് നേടിയ ഡിലോൺ ഹെയ്‌ലിഗറും ചേർന്നാണ് ഐറിഷ് ബാറ്റിങ്ങിന്‍റെ മുനയൊടിച്ചത്.