
ലോകകപ്പ് ക്രിക്കറ്റിന്‍റെ 45 മത്സരങ്ങള്‍ പൂര്‍ത്തിയായി. അവശേഷിക്കുന്നത് നാലു ടീമുകള്‍. ഇനി രണ്ടാമതൊരു ചാന്‍സ് ഇല്ല, പോരാടുക, ജയിക്കുക, അതു മാത്രം. ഈ സാഹചര്യത്തില്‍, ലോകകപ്പ് സെമിയില്‍ ഈ ലോകകപ്പിലെ ഏറ്റവും ശക്തരായ ടീം ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും. മത്സരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിന്. പ്രാഥമിക റൗണ്ടില്‍ കളിച്ച ഒമ്പതു മത്സരങ്ങലും ആധികാരികമായി വിജയിച്ച് ഒന്നാം സ്ഥാനക്കാരായാണ് ഇന്ത്യ സെമി ടിക്കറ്റ് എടുത്തതെങ്കില്‍ ഒമ്പതില്‍ അഞ്ച് മത്സരങ്ങള്‍ വിജയിച്ച് നാലാമതായാണ് കിവീസ് സെമി ബെര്‍ത്ത് ഉറപ്പാക്കിയത്. മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് നാല് തുടര്‍ തോല്‍വികള്‍ സെമി സാധ്യത തുലാസിലാക്കിയെങ്കിലും അവസാന മത്സരത്തില്‍ വിജയിച്ച് കിവികള്‍ സെമി ഉറപ്പാക്കി. ഐസിസി ടൂര്‍ണമെന്‍റുകളില്‍ ഇന്ത്യക്കു മേലുള്ള ആധിപത്യമാണ് കിവികള്‍ക്ക് ആത്മവിശ്വാസമേകുന്ന ഘടകമെങ്കില്‍ കണക്കുകള്‍ക്കപ്പുറം ടീമിന്‍റെ നിലവിലെ ഫോമിലാണ് രോഹിത് ശര്‍മയുടെയും കൂട്ടരുടെയും വിശ്വാസം. ഇന്ത്യയുടെ ഈ കുതിപ്പിന് വലിയ ഒരു പ്രയത്നത്തിന്‍റെ തപസ് കൂടിയുണ്ടെന്ന് മനസിലാക്കേണ്ടതുണ്ട്. 2019ലെ ലോകകപ്പിനു ശേഷം കഴിഞ്ഞ നാല് വര്‍ഷക്കാലം 66 മത്സരങ്ങളിലായി ഇന്ത്യ പരീക്ഷിച്ചത് 50 കളിക്കാരെയാണ്. അവസാനത്തെ ആറ് മാസം ഇതില്‍നിന്ന് ഏറ്റവും മികച്ച 15 പേരെ കണ്ടെത്താനായി ഉപയോഗിച്ചു. അത്തരത്തില്‍ ലഭിച്ച 15 കളിക്കാരാണ് ഈ ലോകകപ്പില്‍ ഇന്ത്യയെ ഇത്രവലിയ കുതിപ്പിലേക്കെത്തിച്ചിരിക്കുന്നത്.
ബാറ്റിങ് കമാല്‍ ഹെ
ഇന്ത്യന്‍ ബാറ്റിങ് നിരയുടെ മികവിനെക്കുറിച്ച് ചോദിച്ചാല്‍ ഒറ്റവാചകത്തില്‍ ആരും പറയും "ക്യാ കമാല്‍ ഹെ..' അതെ, ഏത് ബൗളിങ്ങിനെയും പിച്ചിച്ചീന്താനുള്ള കഴിവും പ്രാപ്തിയുമുള്ള ടീം. നായകന്‍ രോഹിത് ശര്‍മയില്‍ തുടങ്ങുന്ന ബാറ്റിങ് കരുത്ത് ജഡേജ വരെ ഒരേപോലെ തുടരുന്നു. രോഹിത് ശര്‍മ നൽകുന്ന മിന്നും തുടക്കമാണ് ഈ ലോകകപ്പില്‍ ഇന്ത്യയുടെ ബാറ്റിങ് കുതിപ്പിന് അടിത്തറയായത്. ഒമ്പത് മത്സരങ്ങളില്‍നിന്ന് 503 റണ്‍സ് നേടിയ രോഹിത് കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ നാലാമതുണ്ട്. ആദ്യ രണ്ട് മത്സരങ്ങള്‍ നഷ്ടപ്പെട്ട ശുഭ്മന്‍ ഗില്‍ ഏഴ് മത്സരങ്ങളില്‍നിന്ന് 290 റണ്‍സും നേടിയിട്ടുണ്ട്. വിരാട് കോലിയാണ് ഇന്ത്യന്‍ ബാറ്റിങ്ങിന്‍റെ നട്ടെല്ല്. ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായ കോലി ഇതുവരെ 594 റണ്‍സ് നേടിക്കഴിഞ്ഞു. ഒരു സെഞ്ചുറി കൂടി നേടിയാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ കൂടുതല്‍ ഏകദിന സെഞ്ചുറി (49) എന്ന റെക്കോഡ് മറികടക്കാനാകും. മധ്യനിരയുടെ കരുത്ത് എന്നുപറയുന്ന രണ്ട് താരങ്ങളാണ് ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും. ഇന്ത്യയുടെ അവസാന മൂന്ന് കളികളിലും ശ്രേയസ് അയ്യരുടെ പ്രകടനം അവിസ്മരണീയമായിരുന്നു. 82, 77, 128 എന്നിങ്ങനെയായിരുന്നു സ്കോര്‍.
ബാറ്റ് കൊണ്ടും പന്ത് കൊണ്ടും എതിരാളികള്‍ക്ക് വെല്ലുവിളിയുയര്‍ത്തുന്ന കളിക്കാരനാണ് രവീന്ദ്ര ജഡേജ. മുന്‍നിര പരായപ്പെട്ടാല്‍ വിശ്വസിക്കാന്‍ പറ്റന്ന താരം.
ബൗളിങ് ഡെഡ്‌ലി
ഇന്ത്യയുടെ പേസ് ബൗളിങ് നിര എക്കാലത്തെയും മികച്ചതെന്ന് ഇതിനോടകം തെളിഞ്ഞുകഴിഞ്ഞു. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും മുഹമ്മദ് ഷമിയും ഏത് ബാറ്റിങ് നിരയെയും വിറപ്പിക്കുകയാണ്. സാധാരണ ഗതിയില്‍ സ്പിന്‍ ബൗളിങ്ങിനെ തുണയ്ക്കുന്ന ഇന്ത്യന്‍ പിച്ചുകളില്‍ ഈ മൂന്നുപേസര്‍മാര്‍ കാഴ്ചവയ്ക്കുന്ന പ്രകടനം അനിതരസാധാരണമാണ്. ഇതില്‍ ഏറെ ഞെട്ടിച്ചത് മുഹമ്മദ് ഷമിയാണ്. ആദ്യ നാല് മത്സരങ്ങളിലും പുറത്തിരുന്ന ഷമി ഹാര്‍ദിക് പാണ്ഡ്യയുടെ പരുക്കിനെത്തുടര്‍ന്നാണ് ടീമിലെത്തിയത്. പിന്നീടുള്ള നാല് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകള്‍ സ്വന്തമാക്കിക്കഴിഞ്ഞു. എല്ലാ മത്സരങ്ങളും കളിച്ച ജസ്പ്രീത് ബുമ്ര 17 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. സിറാജിന്‍റെ പേരില്‍ 12 വിക്കറ്റുമുണ്ട്. അങ്ങനെ മൂവരും ചേര്‍ന്ന സ്വന്തമാക്കിയതാകട്ടെ, 45 വിക്കറ്റുകളാണ്. സ്പിന്നറായ കുല്‍ദീപ് യാദവിന്‍റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. എതിരാളികള്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്ന ബൗളിങ്ങാണ് കുല്‍ദീപിന്‍റെ. സർവ പിന്തുണയുമായി ജഡേജയുമുണ്ട്.
കൂളാണ് വില്ലിച്ചായന്‍
ന്യൂസിലന്‍ഡ് നായകന്‍ വളരെ കൂളായി തമാശകളൊക്കെ പറഞ്ഞാണ് മത്സരത്തിനു മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്. അതവരുടെ ടീമിന്‍റെ മൊത്തം മൂഡായിരുന്നു. ആദ്യ മത്സരങ്ങളില്‍ മികച്ച വിജയം നേടി മുന്നേറിയ കിവീസ് പിന്നീട് തുടര്‍ച്ചയായി പരാജയപ്പെട്ടു. വില്യംസണെ അടക്കം പരുക്ക് അലട്ടിയിരുന്നു. എന്നാല്‍, പ്രതികൂല സാഹചര്യങ്ങളൊക്കെ മറികടന്ന് സെമിയിലെത്തുമ്പോള്‍ കിവികളുടെ ചിറകുകള്‍ക്ക് ബലമേറിയിരിക്കുന്നു. മുന്‍നിര താരങ്ങള്‍ ആരെയും തന്നെ പരുക്ക് അലട്ടുന്നില്ല. ഏവരും മികച്ച ഫോമിലുമാണ്.
നായകന്‍ വില്യംസണിന്‍റെ നേതൃത്വത്തിലുള്ള ബാറ്റിങ് നിരയുടെ ആഴം എട്ടാം നമ്പര്‍ വരെ നീളും. രചിന്‍ രവീന്ദ്രയുടെ മികച്ച ഫോം ആശ്ചര്യപ്പെടുത്തുന്നതാണ്. ഇതുവരെ 565 റണ്‍സ് വാരിക്കൂട്ടിയ രചിന്‍റെ സ്ട്രൈക്ക് റേറ്റാണ് അദ്ഭുതകരം 108.45. ലോകകപ്പില്‍ രചിന്‍റെ ബാറ്റിങ് ശരാശരി 70. 63 ആണ്. ഏതു സമ്മര്‍ദത്തെയും വളരെ കൂളായി അതിജീവിക്കാനുള്ള ആത്മവിശ്വാസമാണ് വില്യംസണ്‍ ടീമിന് നല്‍കുന്നത്.
ടോസ് നിര്‍ണായകം
മുംബൈയിലെ പിച്ചില്‍ ടോസ് വളരെ നിര്‍ണായകമാണെന്ന് കഴിഞ്ഞ മത്സരങ്ങള്‍ തെളിയിച്ചു. ഇന്ത്യ അവസാനം ഇവിടെ ശ്രീലങ്കയ്ക്കെതിരേ കളിച്ചപ്പോള്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 302 റണ്‍സിന്‍റെ വമ്പന്‍ ജയമാണ് ദിവസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ ലങ്കയ്ക്കെതിരേ ഇവിടെ ആഘോഷിച്ചത്. അതിന്‍റെ ആത്മവിശ്വാസം ടീമിനുണ്ട്.
ഇന്നും ടോസ് ലഭിച്ചാല്‍ ബാറ്റിങ്ങായിരിക്കും ഇന്ത്യ തെരഞ്ഞെടുക്കുക. കഴിഞ്ഞ 10 മത്സരം പരിശോധിച്ചാല്‍ ഇവിടെ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന്‍റെ ശരാശരി 318 ആണ്. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ ടീമിന്‍റെ വിയശതമാനം 60 ആണ്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമിന് പിച്ചിലെ ഈര്‍പ്പം തിരിച്ചടിയാകും.
വാംഖഡെയില്‍ ഇരുടീമും കേമം
വാംഖഡെയില്‍ ഇന്ത്യ കളിച്ച 21 മത്സരങ്ങളില്‍ 12ലും ഇന്ത്യ ഇവിടെ വിജയിച്ചു.ഈ സ്റ്റേഡിയത്തില്‍ ഒറ്റ തവണ മാത്രമാണ് ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയത്. അന്ന് ജയിച്ചത് ന്യൂസിലന്‍ഡാണ്. കിവികള്‍ ഇവിടെ കളിച്ച മൂന്നില്‍ രണ്ട് മത്സരങ്ങളും വിജയിച്ചു. ഒരു കളിയില്‍ ഇവിടെ പരാജയം അറിഞ്ഞു. ഈ പിച്ചില്‍ ഇന്ത്യയുടെ ആവറേജ് സ്കോര്‍ 224ആണ്. കിവികള്‍ ഇക്കാര്യത്തില്‍ ഇന്ത്യയേക്കാള്‍ മുന്നിലാണ്. 265 റണ്‍സാണ് അവരുടെ ആവറേജ്. ശ്രീലങ്കക്കെതിരേ ഇതേ ടൂർണമെന്‍റിൽ നേടിയ 357 റണ്‍സാണ് ഇന്ത്യയുടെ വാംഖഡെയിലെ ഉയര്‍ന്ന സ്കോര്‍. കിവികളുടെ ഈ പിച്ചിലെ ഉയര്‍ന്ന സ്കോര്‍ 2011 ക്യാനഡയ്ക്കെതിരേ നേടിയ 358. ദക്ഷിണാഫ്രിക്ക 2015ല്‍ ഇന്ത്യക്കെതിരെ നേടിയ 438 റണ്‍സാണ് ഈ പിച്ചിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍. കിവികളോട് ഏറ്റുമുട്ടിയപ്പോള്‍ ഇന്ത്യ നേടിയ ഏറ്റവും ചെറിയ സ്കോര്‍ 280 റണ്‍സാണ്.