വീണ്ടുമൊരു ഇന്ത്യ - പാക് പോരാട്ടം

ട്വന്‍റി20 ലോകകപ്പിലെ ഗ്രൂപ്പ് എ മത്സരത്തിൽ ഞായറാഴ്ച ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടും
Sanju Samson likely to come in place of Shivam Dube
Sanju Samson, Shivam Dube

ന്യൂയോർക്ക്: ബാറ്റർമാരുടെ ശവപ്പറമ്പെന്ന് ഇതിനകം കുപ്രസിദ്ധമായിക്കഴിഞ്ഞ ന്യൂയോർക്കിലെ പിച്ചിൽ പാക്കിസ്ഥാന്‍റെ പേസ് ബൗളിങ് പടയെ നേരിടാൻ ഇന്ത്യ ഇറങ്ങുന്നു. ഞായറാഴ്ച വൈകിട്ട് എട്ട് മുതലാണ് മത്സരം.

ബംഗ്ലാദേശിനെതിരായ സന്നാഹ മത്സരവും അയർലൻഡിനെതിരായ ഗ്രൂപ്പ് മത്സരവും ഇന്ത്യ ജയിച്ചത് ന്യൂയോർക്കിലാണ്. പാക്കിസ്ഥാനാകട്ടെ, ആദ്യമായി ഇവിടെ കളിക്കാനിറങ്ങിയപ്പോൾ യുഎസ്എയോടു തോൽക്കുകയും ചെയ്തു.

ഒരു കളി കൂടി തോറ്റാൽ ടൂർണമെന്‍റിൽ നിന്നു തന്നെ പുറത്താകാനുള്ള സാധ്യത സജീവമായിരിക്കുന്നതിനാൽ പാക്കിസ്ഥാൻ താരങ്ങൾ കൈമെയ് മറന്നു പൊരുതുമെന്ന് ഉറപ്പ്. എതിരാളികൾ ഇന്ത്യ കൂടിയാകുമ്പോൾ പ്രത്യേകിച്ചും.

ബൗൺസിലെ വ്യതിയാനങ്ങളും അസാധാരണമായ സ്വിങ്ങുമാണ് ഇവിടെ പേസ് ബൗളർമാർക്ക് ആധിപത്യം നൽകുന്നതും, ബാറ്റിങ് ദുഷ്കരമാക്കുന്നതും. സ്പിന്നർമാർക്ക് പരിധി വിട്ട സഹായം പ്രതീക്ഷഇക്കാനാവാത്ത പിച്ചിൽ ഇരു ടീമുകളും നാലു പേസ് ബൗളർമാരെ വീതം അണിനിരത്താനാണ് സാധ്യത.

യുഎസ്എയ്ക്കെതിരേ പ്രഭാവം ചെലുത്താനായില്ലെങ്കിലും ഷഹീൻ ഷാ അഫ്രീദി - നസീം ഷാ - ഹാരിസ് റൗഫ് - മുഹമ്മദ് ആമിർ സഖ്യം പൊളിച്ചെഴുതാൻ പാകത്തിലുള്ള ബെഞ്ച് സ്ട്രെങ്ത് പാക് നിരയിൽ ഇല്ല. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, അർഷ്‌ദീപ് സിങ് എന്നിങ്ങനെ ടീമിൽ ആകെയുള്ള മൂന്ന് സ്പെഷ്യലിസ്റ്റ് പേസ് ബൗളർമാരെയും, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെയും ഉൾപ്പെടുത്തിയാകും ഇന്ത്യ ഇറങ്ങുക.

അയർലൻഡിനെതിരേ കളിച്ച രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ, ശിവം ദുബെ എന്നിവരിൽ ഒരാൾക്കു പകരം ബാറ്റിങ് ശക്തിപ്പെടുത്താൻ സഞ്ജു സാംസണെ ഉൾപ്പെടുത്താൻ സാധ്യത ഏറെയാണ്. സ്പിൻ ഹിറ്റർ എന്ന റോളിലാണ് ദുബെയെ കളിപ്പിക്കുന്നത്. എന്നാൽ, ന്യൂയോർക്കിലെ വിക്കറ്റിൽ പാക്കിസ്ഥാൻ കാര്യമായി സ്പിൻ ഉപയോഗിക്കാൻ സാധ്യതയില്ല. നിലവാരമുള്ള പേസ് ബൗളർമാർക്കെതിരേ ദുബെയുടെ ദൗർബല്യം പലവട്ടം തെളിഞ്ഞിട്ടുള്ളതുമാണ്. ഇതു തന്നെയാണ് മികച്ച ബാക്ക് ഫുട്ട് പ്ലെയറായ സഞ്ജുവിന്‍റെ സാധ്യത വർധിപ്പിക്കുന്നത്.

Trending

No stories found.

Latest News

No stories found.