കിങ് ഇന്ത്യ

കിവീസിനെ തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ
ഇന്ത്യൻ ടീം
ഇന്ത്യൻ ടീം

ഇന്ത്യന്‍ ഇന്നിങ്സില്‍ മുഴങ്ങിക്കേട്ടത് മുഴുവന്‍ വിരാട് കോലിയുടെ 50-ാം ഏകദിന സെഞ്ചുറിയുടെ പകിട്ടായിരുന്നു. അതിലേക്കു വഴിവച്ചത് നായകന്‍ രോഹിത് ശര്‍മ നല്‍കിയ മിന്നും തുടക്കം തന്നെ. ടോസ് നേടി രണ്ടാമതൊന്ന് ആലോചിക്കാതെ രോഹിത് ബാറ്റിങ് തെരഞ്ഞെടുത്തു. കിവികളുടെ മുന്‍നിര ബൗളര്‍ ട്രെന്‍റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ പന്തില്‍ ഡബിള്‍ അടിച്ച് രോഹിത് തുടങ്ങി. സൗത്തി എറിഞ്ഞ 2 -ാം ഓവറിലെ നാലാം പന്തില്‍ വീണ്ടും സ്കിസ് നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടിയ ക്രിസ് ഗെയ്ലിന്‍റെ (49) റെക്കോഡിനൊപ്പമെത്തി. തൊട്ടടുത്ത ഓവറിൽ റെക്കോഡ് തിരുത്തിക്കുറിച്ച സിക്സും പിറന്നു. അഞ്ച് ഓവറില്‍ ഇന്ത്യ വിക്കറ്റ് നഷ്ടപ്പെടാതെ 47 റണ്‍സിലെത്തി. ആറാം ഓവറിൽ എത്തിയ മിച്ചല്‍ സാന്‍ററെ രണ്ടാം പന്തില്‍ ബൗണ്ടറിയും മൂന്നാം പന്തില്‍ സിക്സും പായിച്ചാണ് രോഹിത് വരവേറ്റത്. എട്ടാം ഓവറില്‍ ലോക്കി ഫെര്‍ഗൂസനെ കൊണ്ടുവന്നു.

ശാന്തത, കോലിയുടെ വരവ്... ആരവം

മികച്ച തുടക്കം നല്‍കിയ ശേഷം ഒമ്പതാം ഓവറിലെ രണ്ടാം പന്തില്‍ രോഹിത് പുറത്ത്. അതുവരെ ആരവം മുഴക്കിയ മൈതാനം അപ്പോള്‍ ശാന്തം. നാല് ബൗണ്ടറിയും നാല് സിക്സുമടക്കം 47 റണ്‍സുമായി രോഹിത് സൗത്തിയുടെ പന്തിൽ കൂറ്റനടിക്ക് ശ്രമിച്ച് വില്ല്യംസണിന് ക്യാച്ച് സമ്മാനിച്ച് മടങ്ങി. പിന്നാലെ ഹര്‍ഷാരവങ്ങള്‍ക്ക് നടുവിലൂടെ വിരാട് കോലി ക്രീസില്‍. പതിയെ താളം കണ്ടെത്തുകയായിരുന്നു കോലി. രോഹിത് വീണതിന്‍റെ സമ്മര്‍ദ്ദമില്ലാതെ കളിച്ച ശുഭ്മാന്‍ ഗില്‍ ബൗണ്ടറികള്‍ പായിച്ചു മുന്നേറി. 10 ഓവറില്‍ ഇന്ത്യന്‍ സ്കോര്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 84.

12-ാം ഓവറിലെ രണ്ടാം പന്തില്‍ ഫെര്‍ഗൂസനെ സിക്സര്‍ പറത്തിക്കൊണ്ട് ഗില്‍ ഇന്ത്യയെ നൂറ് കടത്തി. 20-ാം ഓവറില്‍ 150ഉം കടന്ന് ഇന്ത്യ കുതിച്ചു. ഇതിനിടെ, ഗില്‍ അര്‍ധശതകവും പൂര്‍ത്തിയാക്കി. 41 പന്തില്‍ 7 ബൗണ്ടറിയും ഒരു സിക്സുമടക്കമാണ് ഗില്‍ അമ്പത് റണ്‍സ് തികച്ചത്. എന്നാല്‍, മികച്ച രീതിയില്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കവേ ഗില്ലിന് അപ്രതീക്ഷിതമായി പേശീവേദന അനുഭവപ്പെട്ടതും കളം വിടേണ്ടിവന്നതും ടീമിനും ആരാധകര്‍ക്കും ആശങ്കയുണ്ടാക്കി. പകരം മികച്ച ഫോമിലുള്ള ശ്രേയസ് അയ്യരെത്തി. കോലിയും സ്ട്രോക്ക് പ്ലേയിലേക്ക് ചുവടുമാറ്റിയതോടെ ഇന്ത്യന്‍ സ്കോര്‍ ശരവേഗത്തില്‍ കുതിച്ചു. ശ്രേയസിന്‍റെ ആത്മവിശ്വാസവും അപാരമായി തോന്നി. രവീന്ദ്ര എറിഞ്ഞ 27-ം ഓവറിലെ അവസാന പന്തില്‍ കോലി അര്‍ധസെഞ്ചുറി തികച്ചു. 59 പന്തില്‍ നാലു ബൗണ്ടറികളുടെ അകമ്പടിയോടെയായിരുന്നു കോലിയുടെ 50.

29-ാം ഓവറിലെ ആദ്യപന്തില്‍ ബൗണ്ടറി നേടിക്കൊണ്ട് കോലി ഇന്ത്യയെ 200 കടത്തി. ശ്രേയസ് അയ്യര്‍ കൂടുതല്‍ അപകടകാരിയായി. 35-ാം ഓവറില്‍ 250 കടന്ന് ഇന്ത്യ കുതിച്ചു. ഇതിനിടെ, അയ്യരുടെ അര്‍ധസെഞ്ചുറിയും പിറന്നു. 35 പന്തില്‍ രണ്ട് ബൗണ്ടറിയും നാല് സിക്സുമടക്കമാണ് ശ്രേയസ് അയ്യര്‍ അര്‍ധസെഞ്ചുറി തികച്ചത്.

ചരിത്രം പിറക്കുന്നു

42-ാം ഓവറിലെ നാലാം പന്തിലായിരുന്നു ചരിത്രം പിറന്നത്. ബൗളര്‍, ഫെര്‍ഗൂസന്‍. മിഡ് വിക്കറ്റിലൂടെ രണ്ട് റണ്‍സ് നേടിക്കൊണ്ട് വിരാട് കോലി തന്‍റെ കരിയറിലെ 50-ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കി. 106 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്സുമടക്കമാണ് കോലിയുടെ സെഞ്ചുറി. സെഞ്ചുറി തികച്ചതോടെ കോലി ടോപ് ഗിയറിലായി. തുടര്‍ ബൗണ്ടറികള്‍ കോലിയുടെ ബാറ്റില്‍നിന്ന് പിറന്നു. ഒടുവില്‍ 113 പന്തില്‍ ഒമ്പത് ബൗണ്ടറിയും രണ്ട് സിക്സുമടക്കം 117 റണ്‍സെടുത്ത കോലി സൗത്തിക്കു വിക്കറ്റ് നല്‍കി മടങ്ങി. പോകും വഴി കിവീസ് താരങ്ങല്‍ ഒന്നടങ്കം കോലിയെ അഭിനന്ദിച്ചു. അടുത്ത സുഹൃത്തും കിവി നായകനുമായ കെയ്ന്‍ വില്യംസണ്‍ കോലിയെ കെട്ടിപ്പിടിച്ച് അഭിനന്ദിച്ചത് നവ്യാനുഭവമായി. ശ്രേയസ് അയ്യര്‍ക്കൊപ്പം 163 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് കോലി നടന്നു നീങ്ങിയത്. കോലി പോയെങ്കിലും ശ്രേയസ് അയ്യര്‍ സമ്മര്‍ദമില്ലാതെ കളിച്ചു. കെ.എല്‍. രാഹുലിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ വളരെ വേഗം മുന്നോട്ട് കൊണ്ടുപോയി. ഇതിനിടെ ഈ ലോകകപ്പില്‍ തന്‍റെ രണ്ടാമത്തെ സെഞ്ചുറിയും ശ്രേയസ് പൂര്‍ത്തിയാക്കി. കഴിഞ്ഞ മത്സര്തതില്‍ നെതര്‍ലന്‍ഡ്സിനെതിരേയും താരം സെഞ്ചുറി നേടിയിരുന്നു. രാഹുല്‍ ദ്രാവിഡിനും (1999) രോഹിത് ശര്‍മയ്ക്കും (2019) ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ താരം ലോകപ്പില്‍ തുടര്‍ച്ചയായ സെഞ്ചുറികള്‍ നേടുന്നത്.

പിന്നാലെ ശ്രേയസ് അയ്യര്‍ മടങ്ങി. 70 പന്തില്‍ നാല് ബൗണ്ടറിയും എട്ട് സിക്സുമടക്കം ശ്രേയസ് അടിച്ചുകൂട്ടിയത് 105 റണ്‍സ്. പിന്നാലെ സൂര്യകുമാറെത്തിയെങ്കിലും ഒരു റണ്ണെടുത്ത സൂര്യ സൗത്തിക്ക് വിക്കറ്റ് നല്‍കി മടങ്ങി. ആരാധകര്‍ക്ക് ആശ്വാസം പകര്‍ന്ന് ശുഭ്മന്‍ ഗില്‍ ആണ് പിന്നീട് എത്തിയത്. ഇതോടെ ഗില്ലിന്‍റെ പരുക്ക് സാരമുള്ളതല്ല എന്നു മനസിലായി. 20 പന്തില്‍ 39 റണ്‍സെടുത്ത കെ.എല്‍. രാഹുലും 66 പന്തില്‍ എട്ടു ബൗണ്ടറിയും മൂന്നു സിക്സുമടക്കം 80 റണ്‍സ് നേടിയ ഗില്ലും പുറത്താകാതെനിന്നു. കിവികള്‍ക്ക് വേണ്ടി സൗത്തി 10 ഓവറില്‍ 100 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് നേടി.

തുടക്കം തകര്‍ത്ത് ഷമി

മറുപടി ബാററ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡിനു തകര്‍ച്ചയോടെയായിരുന്നു തുടക്കം 39 റണ്‍സെടുക്കുന്നതിനിടെ, രണ്ട് വിക്കറ്റുകള്‍ നിലംപൊത്തി. ആദ്യ സ്പെല്‍ എറിയാനെത്തിയ സിറാജിനും ബുമ്രയ്ക്കും വിക്കറ്റ് നേടാനാകാതെ വന്നതോടെ രോഹിത് പന്ത് ഷമിയെ ഏല്‍പ്പിച്ചു. ഇതിനു ഫലവുമുണ്ടായി.

വിക്കറ്റ് കീപ്പര്‍ രാഹുല്‍ പിടിച്ച് ഓപ്പണര്‍ ഡെവണ്‍ കോണ്‍വെ പുറത്ത്. ഷമിയുടെ 2-ാം വറിലെ നാലാം പന്തില്‍ രചിന്‍ രവീന്ദ്രയും പുറത്ത്.

എറിഞ്ഞ് വിയര്‍ത്ത് ഇന്ത്യ

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന നായകന്‍ കെയ്ന്‍ വില്യംസണും ഡാരില്‍ മിച്ചലും ചേര്‍ത്ത് കിവികളെ സാവധാനത്തില്‍ മുന്നോട്ടു നയിച്ചു. പതിയെ താളം കണ്ടെത്തിയ ഇരുവരും അര്‍ധസെഞ്ചുറിയും കടന്ന് കുതിച്ചതോടെ അഫാഗാനെതിരേ മാക്സ്വെല്‍ കളിച്ച കളി ഇവരില്‍ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടാകുമോ എന്ന ആശങ്ക രോഹിതില്‍ ജനിച്ചു കാണണം. ഗംഭീര ഷോട്ടുകളുമായി ഇരുവരും അടിച്ചു തകര്‍ത്തു. ഇതിനിടെ 53 റണ്‍സില്‍ നില്‍ക്കവേ വില്യംസണിന്‍റെ അനായാസ ക്യാച്ച് മുഹമ്മദ് ഷമി വിട്ടുകളഞ്ഞത് തിരിച്ചടിയായി. ഒടുവില്‍ ഷമിയുടെ പന്തില്‍ ഡാരില്‍ മിച്ചല്‍ സെഞ്ചുറിയും തികച്ചു. 85 പന്തില്‍ എട്ടു ബൗണ്ടറിയും അഞ്ച് സിക്സുമടക്കമായിരുന്നു മിച്ചലിന്‍റെ സെഞ്ചുറി.

എന്നാല്‍, തൊട്ടുപിന്നാലെ താന്‍ നിലത്തിട്ട ക്യാച്ചിന് ഷമി പ്രായശ്ചിത്തം ചെയ്തു. വില്യംസണെ തന്നെ പുറത്താക്കിയപ്പോള്‍ ക്യാച്ചെടുത്തത് സൂര്യകുമാര്‍ യാദവ്. ഇതോടെ കിവീസ് 32.2 ഓവറില്‍ മൂന്നിന് 220 എന്ന നിലയിലായി. അപ്പോഴും കിവികള്‍ക്ക് ജയപ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ വില്യംസണ് പകരമെത്തിയ ലാതത്തെ വിക്കറ്റിനു മുന്നില്‍ കുടുക്കി അതേ ഓവറില്‍ത്തന്നെ ഷമി മത്സരം ഇന്ത്യയോടടുപ്പിച്ചു. ലോകകപ്പില്‍ 50 വിക്കറ്റുകളും ഷമി തികച്ചു. കേവലം 17 മത്സരങ്ങളില്‍നിന്നാണ് വിക്കറ്റ് വേട്ടയില്‍ ഷമിയുടെ അര്‍ധസെഞ്ചുറി.

ഫിലിപ്സിനെ കൂട്ടുപിടിച്ച് മിച്ചല്‍ അടിച്ചു തകര്‍ത്തു. ഒടുവിൽ ഫിലിപ്സിനെ വീഴ്ത്തി ജഡേജയുടെ കൈകളിലെത്തിച്ച് ബുംമ്ര ഇന്ത്യയുടെ വിജയ പ്രതീക്ഷ ഊട്ടിയുറപ്പിച്ചു. പിന്നാലെയെത്തിയ ചാപ്സ്മാനെ നിലയുറപ്പിക്കാൻ അനുവദിക്കാതെ കുൽദീപ് യാദവ് ജഡേജയുടെ കൈകളിൽ തന്നെയെത്തിച്ചു. ഒടുവിൽ സെഞ്ചുറിയുമായി ഇന്ത്യൻ ബൗളർമാരെ തകർത്ത മിച്ചലിനെ മടക്കി ഷമി ഇന്ത്യ മത്സരത്തിലെ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചു. പിന്നാലെ സാന്‍റ്നറെ മുഹമ്മദ് സിറാജും, 49 ാം ഓവറിൽ‌ സൗത്തിയും ഫെർഗൂസനേയും രാഹുലിന്‍റെ കൈകളിലെത്തിച്ച് ഷമി ഏഴാം വിക്കറ്റും ഇന്ത്യുടെ വിജയവും ആഘോഷിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com