ഹൈപവർ പോരാട്ടം

ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ന് സൂപ്പർ പോരാട്ടം.
ഹൈപവർ പോരാട്ടം

കോൽക്കത്ത: ലോകകപ്പിൽ രണ്ടാം സെമിയിൽ ഇന്ന് സൂപ്പർ പോരാട്ടം. പോയിന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയും മൂന്നാം സ്ഥാനത്തുള്ള ഓസ്ട്രേലിയയും നേർക്കുനേർ എത്തുന്നു. കോൽക്കത്തയിൽ വിഖ്യാതമായ ഈഡൻ ഗാർഡനിൽ ഇന്ന് ഉച്ചയ്ക്ക് രണ്ട് മുതലാണ് മത്സരം. ലീഗിൽ ആതിഥേയരായ ഇന്ത്യയോടും നെതർലൻഡ്സിനോടും മാത്രം തോൽവിയേറ്റ് വാങ്ങി ഒൻപതിൽ ഏഴും ജയിച്ച് ആധികാരികമായി തന്നെയാണ് ദക്ഷിണാഫ്രിക്ക സെമിയിൽ സ്ഥാനം പിടിച്ചത്. എന്നാൽ ഇന്ത്യയോട് തോറ്റ് തുടങ്ങിയ ഓസ്ട്രേലിയ തുടർ തോൽവികളിൽ നിന്ന് വമ്പൻ തിരിച്ചുവ് നടത്തിയാണ് മൂന്നാം സ്ഥാനക്കാരായി സെമിക്ക് ടിക്കറ്റെടുത്തത്. ലോകകപ്പ് നോക്കൗട്ട് പോരാട്ടങ്ങളിൽ മികച്ച റെക്കോഡുള്ള ഓസീസും നിർഭാഗ്യം നിരന്തരം വേട്ടയാടുന്ന ദക്ഷിണാഫ്രിക്കയും നേർക്കുനേർ എത്തുമ്പോൾ ഈഡനിലെ പുൽക്കൊടികൾക്ക് തീപിടിക്കുമെന്ന് ഉറപ്പിക്കാം.

ഗ്രൂപ്പ് ഘട്ടത്തിൽ 83 റൺസിന് ഇന്ത്യക്കെതിരേ പുറത്തായതും നെതർലാൻഡ്‌സിനെതിരായ തോൽവിയും ഒഴികെ ദക്ഷിണാഫ്രിക്കൻ ബാറ്റിങ് അപകടകരമാണ്. നാല് സെഞ്ചുറിയുമായി മുന്നിൽ നിന്ന് നയിക്കുന്ന വിക്കറ്റ് കീപ്പർ ബാറ്റർ ക്വിന്‍റൺ ഡീകോക്ക് ഉൾപ്പെടെ അവരുടെ ടോപ്-സിക്സ് ബാറ്റർമാരിൽ നാല് പേരും സെഞ്ച്വറി നേടിയിട്ടുണ്ട്. 591 റൺസുമായി ടൂർണമെന്‍റിലെ റൺവേട്ടക്കാരിൽ രണ്ടാമതാണ് ഡീകോക്ക്.

ഡി കോക്കിന് പിന്നിൽ റാസി വാൻ ഡെർ ഡസ്സന് ഉണ്ട്. സ്പിൻ അനുകൂല സാഹചര്യങ്ങളിൽ, ഹെൻറിച്ച് ക്ലാസൻ നിർദയമായ ബാറ്റിങ് വെടിക്കെട്ടാണ് നടത്തുന്നത്. അതേസമയം എയ്ഡൻ മർക്രമിന് ശക്തമായ ഫിനിഷുകൾ നൽകാൻ കഴിഞ്ഞു. ടൂർണമെന്‍റിൽ ദക്ഷിണാഫ്രിക്ക ആറ് തവണ 300 കടന്നു. ഒപ്പം ശ്രീലങ്കയ്ക്കെതിരേ ലോകകപ്പിലെ ഏറ്റവും ഉയർന്ന സ്‌കോറായ 428 റൺസ് സ്വന്തമാക്കി. ഇതിനിടെ ഡേവിഡ് മില്ലർക്ക് മാത്രമാണ് കാര്യമായ ബാറ്റിങ് അവസരങ്ങൾ ലഭിക്കാതിരുന്നത്.

നിലവിൽ നായകൻ ബാവുമ മാത്രമാണ് മോശം ഫോമുമായി മല്ലിടുന്നത്. ബവുമ ഏഴ് ഇന്നിങ്സുകളിൽ നിന്ന് 145 റൺസ് നേടിയിട്ടുണ്ട്. ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള 35 റൺസാണ് ഏറ്റവും ഉയർന്ന സ്‌കോർ. ഇതിനിടെ ബാവുമയെ പരുക്ക് അലട്ടുന്നുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെ സംഭവിച്ചാൽ ബാവുമ്മയ്ക്ക് പകരം റീസ ഹെൻഡ്‌റിക്‌സ് ഡി കോക്കിനൊപ്പം ഓപ്പൺ ചെയ്യും.

ലുങ്കി എൻഗിഡിയ്ക്കൊപ്പം ഇടംകൈയൻ പേസർ മാർക്കോ ജാൻസൻ എത്തും. പിന്നാലെ കഗിസോ റബാഡയും മിഡിൽ ഓവറിൽ ഇടംകൈ സ്പിന്നർ കേശവ് മഹാരാജും തബ്രായിസ് ഷംസിയും എത്തും. വിക്കറ്റ് വരണ്ടതും സ്പിന്നിന് അനുകൂലവുമാകുമെന്ന് പ്രതീക്ഷിക്കുന്നത്. ചേസിങ്ങിനിടെ രണ്ട് മത്സരങ്ങളും തോറ്റ ദക്ഷിണാഫ്രിക്ക, ഈ ടൂർണമെന്‍റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

നിർണായകമായ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ 91/7 എന്ന സ്‌കോറിൽ നിന്ന് ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെ വെടിക്കെട്ട് ഡബിൾ സെഞ്ചുറിക്കരുത്തിൽ 292 റൺസ് പിന്തുടർന്നത് ഓസീസിന് നൽകിയ ആത്മവിശ്വാസം ചെറുതല്ല.

പാക്കിസ്ഥാനെതിരേയും നെതർലൻഡ്സിനെതിരേയും സെഞ്ചുറി സ്വന്തമാക്കിയ വെറ്ററൻ താരം ഡേവിഡ് വാർണർ എതിരാളികൾക്ക് ഏത് നിമിഷവും ഭീഷണിയാകും.

ടൂർണമെന്‍റിന്‍റെ ആദ്യ പകുതി നഷ്ടമായ ഇടംകൈയൻ ഓപ്പണർ ട്രാവിസ് ഹെഡ് ന്യൂസിലൻഡിനെതിരേ 109 റൺസുമായി ഗംഭീര തിരിച്ചുവരവ് നടത്തി. എന്നാൽ അവസാനത്തെ മൂന്ന് മത്സരങ്ങളിൽ 11, 0, 10 എന്നീ ചെറിയ സ്കോറുകൾ നേടിയ ഹെഡ് ഇന്ന് വൻ സ്കോർ തന്നെ ലക്ഷ്യം വച്ചാകും ക്രീസിലെത്തുക. മധ്യനിരയിൽ മിച്ചൽ മാർഷും മാക്‌സ്‌വെല്ലും ചേർന്നാണ് അവരുടെ ബാറ്റിങ്ങിന്‍റെ നട്ടെല്ല്. വെറ്ററൻ താരം സ്റ്റീവ് സ്മിത്ത് ഫോമിലേക്ക് തിരിച്ചെത്തുമെന്ന് ഓസ്‌ട്രേലിയയും പ്രതീക്ഷിക്കുന്നു.

മിച്ചൽ സ്റ്റാർക്ക് നയിക്കുന്ന ബൗളിങ് നിരയക്ക് കാര്യമായ മികവ് ടൂർണമെന്‍റിലുടനീളം പ്രകടിപ്പിക്കാൻ സാധിച്ചിട്ടില്ല. പാറ്റ് കുമ്മിൻസും ജോഷ് ഹെയ്സൽവുഡിനും ഒരു മാച്ച് വിന്നിങ് പ്രകടനം നടത്തിയിട്ടില്ല. സ്പിന്നർ ആദം സാംപ മാത്രമാണ് ഓസീസിനെ പന്തുകൊണ്ട് ജയിപ്പിച്ചിട്ടുള്ളത്. എന്നാൽ സാംപയ്ക്ക് കൃത്യമായ സഹായം നൽകുന്ന ഒരു സ്പിന്നറുടെ അഭാവം ഓസീസ് നിരയിൽ നിഴലിച്ചു നിൽക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com