
സി.കെ.ആര്‍
ഗൂച്ച് സ്വീപ്സ് ഇന്ത്യ ഔട്ട് ഓഫ് ദ വേള്‍ഡ് കപ്പ്, ഇങ്ങനെയൊരു തലക്കെട്ട് പുതുതലമുറയ്ക്ക് അത്ര പരിചയമുണ്ടാവില്ല. എന്നാല്‍, ഇന്ത്യയില്‍ 1987ലെ ലോകകപ്പ് കാലത്ത് ഏറെ ചര്‍ച്ച ചെയ്ത ഒരു തലവാചകമായിരുന്നു ഇത്. അസോസിയേറ്റഡ് പ്രസില്‍ സ്ട്രിങ്ങറായി ജോലി ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശി കൃഷ്ണന്‍ രാമന്‍ നായര്‍ എന്ന കെ.ആര്‍. നായരായിരുന്നു ഈ തലക്കെട്ടിന്‍റെ ഉപജ്ഞാതാവ്. സന്ദര്‍ഭം ഏതെന്ന് ആലോചിക്കുന്നുണ്ടാവും. അതെ, മുംബൈ വാംഖഡെയില്‍, 1987ലെ ലോകകപ്പ് സെമി ഫൈനലില്‍ ഗ്രഹാം ഗൂച്ചിന്‍റെ മികവില്‍ ഇംഗ്ലണ്ട് ഇന്ത്യയെ പരാജയപ്പെടുത്തിയ വാര്‍ത്താസ്റ്റോറിയുടെ തലക്കെട്ടായിരുന്നു അത്.
അതേ വേദിയില്‍ ഒരിക്കല്‍ക്കൂടി മറ്റൊരു ലോകകപ്പ് സെമി ഫൈനലില്‍ കൂടി ഇന്ത്യ ഇറങ്ങുകയാണ്. എതിരാളികള്‍ മാത്രം മാറി, ന്യൂസിലന്‍ഡ്. അതേ റിപ്പോര്‍ട്ടര്‍ക്ക് ഇന്ന് പ്രായം 64. ത്രിപുര ടൈംസിനുവേണ്ടി ഈ ലോകകപ്പും റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹമെത്തിയിട്ടുണ്ട്.
ഇക്കാലയളവില്‍ 13 ലോകകപ്പുകള്‍ (ഏകദിനം, ടി-20) കെ.ആര്‍. നായര്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞു. 14-ാം ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യുകയാണിപ്പോള്‍. അതേ വേദിയില്‍ മറ്റൊരു ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ, കിവീസിനെ നേരിടുമ്പോള്‍ 1987ലെ ലോകകപ്പ് അനുഭവങ്ങള്‍ കെ.ആര്‍. നായരുടെ മനസിലേക്ക് ഒഴുകിയെത്തുകയാണ്.
അസോസിയേറ്റഡ് പ്രസില്‍ ജോലി ചെയ്യുന്ന കാലം അപ്രതീക്ഷിതമായായിരുന്നു ലോകകപ്പിനായുള്ള അസൈന്‍മെന്‍റ് കെ.എര്‍. നായര്‍ക്ക് ലഭിക്കുന്നത്. ഷാര്‍ജയില്‍ നടന്ന ക്രിക്കറ്റേഴ്സ് ബെനഫിറ്റ് ഫണ്ട് സീരീസിലെ റിപ്പോര്‍ട്ട് കണ്ട് ഇഷ്ടപ്പെട്ടാണ് ലോകകപ്പിനും റിപ്പോര്‍ട്ട് ചെയ്യാന്‍ എപി അദ്ദേത്തിന് അവസരം നല്‍കുന്നത്. അതിനു മുമ്പ് നിരവധി ഏകദിന മത്സരങ്ങളും രഞ്ജി ട്രോഫി ഉള്‍പ്പെടെയുള്ള ആഭ്യന്തര മത്സരങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും ആദ്യമായാണ് ലോകകപ്പ് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഭാഗ്യം തനിക്ക് ലഭിക്കുന്നതെന്ന് കെ.ആര്‍. നായര്‍. ആ ലോകകപ്പിലെ 90 ശതമാനം മത്സരങ്ങളും റിപ്പോര്‍ട്ട് ചെയ്തു. സുനില്‍ ഗാവസ്കര്‍, ദിലീപ് വെംഗ് സാര്‍ക്കര്‍ അടക്കമുള്ള താരങ്ങളുമായി നല്ല അടുപ്പം അന്നേ ഉണ്ടായിരുന്ന കെ.ആര്‍. നായര്‍ ഗാവസ്കറുടെ വലിയ ആരാധകന്‍ കൂടിയാണ്. ഇത്രയും ജെന്‍റില്‍മാനായ മറ്റൊരു ക്രിക്കറ്ററെ തന്‍റെ ജീവിതത്തില്‍ കണ്ടിട്ടില്ലെന്ന് കെ.ആര്‍. നായരുടെ സര്‍ട്ടിഫിക്കറ്റ്. അന്ന് ഉണ്ടായതുപോലെ ഒരു പരാജയം ഇന്നത്തെ ടീമിനു സംഭവിക്കുമെന്ന് വിശ്വസിക്കുന്നില്ലെന്ന് കെ.ആര്‍. നായര്‍ തറപ്പിച്ചു പറയുന്നു.
1987 ലോകകപ്പിനെക്കുറിച്ച് കെ.ആര്‍. നായര്‍ തുടര്‍ന്നു- 1983ലെ ലോകകപ്പ് വിജയിച്ചതിന്‍റെ ആവേശത്തിലായിരുന്നു ഇന്ത്യന്‍ ടീമും ഇന്ത്യന്‍ ആരാധകരും സ്വന്തം നാട്ടില്‍നടക്കുന്ന ലോകകപ്പിനെ കണ്ടത്. സുനില്‍ ഗാവസ്കറുടെ അവസാന ലോകകപ്പ് കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെ വൈകാരികമായ ബന്ധം കൂടി ആ ലോകകപ്പിലുണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് മത്സരങ്ങളില്‍ അഞ്ചു ജയവും ഒരു സമനലിയുമടക്കം 20 പോയിന്‍റോടെ ഒന്നാം സ്ഥാനവുമായി നാം സെമിയിലെത്തി.
സെമിയില്‍ നമ്മുടെ എതിരാളികള്‍ മൈക്ക് ഗാറ്റിങ് നയിക്കുന്ന ഇംഗ്ലണ്ട്. ഗ്രഹാം ഗൂച്ചിന്‍റെ നേതൃത്വത്തിലുള്ള ടീം ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനക്കാരായാണ് സെമിയിലെത്തിയത്. രണ്ട് മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു.
അതുകൊണ്ടുതന്നെ സെമിയില്‍ ഇന്ത്യക്കായിരുന്നു സാധ്യത കൂടുതല്‍ കല്‍പിച്ചിരുന്നത്. മാത്രവുമല്ല, ആരാധകരുടെ പിന്തുണയും ഇന്ത്യക്ക് ധാരാളമായുണ്ടായിരുന്നല്ലോ. എന്നാല്‍, മത്സരം ആരംഭിച്ചതോടെ കളി മാറി. അതുവരെ ടൂര്‍ണമെന്‍റില്‍ ഏറ്റവും നന്നായി പന്തെറിയുകയും ഇന്ത്യയുടെ കുതിപ്പില്‍ നിര്‍ണായക സ്ഥാനമലങ്കരിക്കുകയും ചെയ്ത മനീന്ദര്‍ സിങ്ങിനെ ഓപ്പണര്‍ ഗൂച്ച് നേരിട്ടത് അവിശ്വസനീയമാം വിധമായിരുന്നു. സ്വീപ്പ് ഷോട്ടുകളിലൂടെ ഗൂച്ച് നിരന്തരം മനീന്ദര്‍ സിങ്ങിനെ അതിര്‍ത്തി കടത്തി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഗൂച്ചിന്‍റെ സെഞ്ചുറി മികവില്‍ (115) 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സെടുത്തു. ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയതും (54) കൂടുതല്‍ വിക്കറ്റ് (3) നേടിയതും മനീന്ദര്‍ തന്നെ. എന്നാല്‍, ഗൂച്ചിനെ മെരുക്കാന്‍ മനീന്ദര്‍ക്കായില്ല.
പിന്നീടാണ് മനസിലായത്, മനീന്ദറിന്‍റെ ബൗളിങ് നന്നായി മനസിലാക്കി അദ്ദേഹത്തെ എങ്ങനെ നേരിടണമെന്ന് പഠിച്ചാണ് ഗൂച്ചും സംഘവും മൈതാനത്തിറങ്ങിയതെന്ന്. ക്രിക്കറ്റില്‍ ആദ്യമായാണ് ഒരു കളിക്കാരനെ നേരിടാന്‍ വ്യക്തമായ പദ്ധതിയുമായി എതിര്‍ ടീം കളിക്കാനിറങ്ങുന്നത്. പില്‍ക്കാലത്ത് എല്ലാ ടീമും ഇതുതന്നെ പിന്തുടര്‍ന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 45.3 ഓവറില്‍ 219 റണ്‍സിന് പുറത്തായി. ഇന്ത്യക്ക് 35 റണ്‍സിന്‍റെ പരാജയം. 64 റണ്‍സ് നേടിയ യുവതാരം മുഹമ്മദ് അസ്ഹറുദ്ദീനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. മനീന്ദര്‍ സിങ്ങിനെതിരേ ഗൂച്ച് പ്രയോഗിച്ച സ്വീപ്പ് തന്ത്രം ഫലം കണ്ടപ്പോള്‍ വാംഖഡെ സെമിയുടെ തലവാചകവും സ്വീപ്പ് തന്നെയായി.
ടൂര്‍ണമെന്‍റിലെ ഒട്ടുമിക്ക കളികളിലും മികച്ച ഫോമില്‍ കളിച്ച ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്കര്‍ കേവലം നാല് റണ്‍സ് മാത്രം നേടി പുറത്തായത് മുംബൈയിലെ ആരാധകര്‍ കണ്ടത് ഹൃദയവേദനയോടെയായിരുന്നു. അതിനു ശേഷം ഗാവസ്കര്‍ ഏകദിനത്തില്‍ കളിച്ചില്ല. ഈ ലോകകപ്പ് സമയത്താണ് 10 വയസുകാരനായ സച്ചിന്‍ ബോള്‍ ബോയിയായി വാംഖഡെയിലെത്തിയത്. പിന്നീട് സച്ചിന്‍റെ എത്രയെത്ര മത്സരങ്ങള്‍..കഥ തുടരുകയാണ്. ക്രിക്കറ്റ് വലിയ ആവേശമാണ് എന്നും അതുകൊണ്ടുതന്നെ ക്രിക്കറ്റിനൊപ്പം ഞാനുണ്ടാകും എന്നും. - കെ.ആര്‍. നായര്‍ പറഞ്ഞുനിര്‍ത്തി
വാല്‍ക്കഷണം: കെ.ആര്‍. നായര്‍ സിനിമയിലും ഒറു കൈ നോക്കിയിട്ടുണ്ട്. ഓസ്കര്‍ നോമിനേഷന്‍ ലഭിച്ച 2018ല്‍ പോലീസുകാരനായുള്ള വേഷം ഏറെ ശ്രദ്ധ നേടിയിരുന്നു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ജോയിന്‍റ് സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.