
ഇന്‍ഡോര്‍: മൂന്നാം ടെസ്റ്റിലും പിച്ചില്‍ കാര്യമായ വ്യത്യാസമില്ലായിരുന്നു. എന്നാല്‍, ഇന്ത്യന്‍ ബാറ്റിങ് നിര തകരുന്ന കാഴ്ചയ്ക്ക് ഇന്‍ഡോറിലെ ടേണിങ് പിച്ച് സാക്ഷിയായത്. സ്വയം കുഴിച്ച കുഴിയില്‍ വീണു എന്നു പറയുന്നതാകും കൂടുതല്‍ ശരി. ഓസീസ് സ്പിന്നര്‍മാരുടെ മികവില്‍ ബോര്‍ഡര്‍ ഗാവസ്കര്‍ ട്രോഫി പരമ്പരയിലെ മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിനം ഇന്ത്യ 109 റണ്‍സിനു പുറത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് എന്ന നിലയിലാണ്.
ഒന്നാം ഇന്നിങ്സ് ബാറ്റിങ് തുടരുന്ന ഓസീസിന് ഇപ്പോള്‍ 47 റണ്‍സിന്റെ ലീഡുണ്ട്. പീറ്റര്‍ ഹാന്‍ഡ്സ്കോംബ് (36 പന്തില്‍ ഏഴ്), കാമറൂണ്‍ ഗ്രീന്‍ (10 പന്തില്‍ ആറ്) എന്നിവരാണു ക്രീസില്‍. അര്‍ധസെഞ്ചുറി നേടിയ ഉസ്മാന് ഖവാജ (60)യുടെ മികവിലാണ് ഓസീസ് ആദ്യ ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയത്.
നേരത്തെ, ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്സില്‍ 109 റണ്‍സിന് പുറത്തായിരുന്നു. 52 പന്തില്‍ 22 റണ്‍സെടുത്ത വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഓസീസിനായി സ്പിന്നര്‍ മാത്യു കോനമന് അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തി. നഥാന്‍ ലയണ്‍ മൂന്നും ടോഡ് മര്‍ഫി ഒരു വിക്കറ്റും സ്വന്തമാക്കി. മികച്ച തുടക്കം പ്രതീക്ഷിച്ച് ഇറങ്ങിയ ഇന്ത്യ തകര്‍ച്ചയോടെയാണു തുടങ്ങിയത്. സ്കോര്‍ 27ല്‍ നില്‍ക്കെ ആദ്യം പുറത്തായത് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. 23 പന്തില്‍ 12 റണ്‍സെടുത്ത രോഹിത് ശര്‍മയെ കോനമന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരി സ്റ്റംപ് ചെയ്താണു പുറത്താക്കിയത്.
രണ്ടു തവണ ജീവന് ലഭിച്ചിട്ടും
മുതലാക്കാതെ രോഹിത്
മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ നായകന് രോഹിത് ശര്‍മയ്ക്ക് രണ്ടു തവണയാണ് ഔട്ടാകാതെ ജീവന് ലഭിച്ചത്. സ്റ്റാര്‍ക്ക് എറിഞ്ഞ ഒന്നാം ഓവറില്‍ രണ്ട് തവണ ഇന്ത്യന്‍ ക്യാപ്റ്റന്‍ ജീവന് ലഭിച്ചു. ആദ്യ പന്തില്‍ രോഹിത് ഗോള്‍ഡന്‍ ഡക്കായി മടങ്ങേണ്ടതായിരുന്നു. സ്റ്റാര്‍ക്കിന്റെ ഔട്ട്സ്വിങര്‍ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് ക്യാരി ക്യാച്ചെടുത്തു. പന്ത് ബാറ്റില്‍ ഉരസുന്ന നേരിയ ശബ്ദവും ഉണ്ടായിരുന്നു. ഓസീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തെങ്കിലും അംപയര്‍ ഔട്ട് വിധിച്ചില്ല. എന്നാല്‍ ഓസീസ് റിവ്യൂ ചെയ്തതുമില്ല. നാലാം പന്തില്‍ രോഹിത് വിക്കറ്റിന് മുന്നില്‍ കുടങ്ങി. ഇത്തവണയും ഓസീസ് റിവ്യൂ എടുത്തില്ല. ടിവി റിപ്ലേകളില്‍ താരം പുറത്താണെന്ന് വ്യക്തമായിരുന്നു.
പിന്നീട് അവസരം മുതലാക്കാതെ രോഹിത് കോനമനെയെ ക്രീസ് വിട്ട് ഇറങ്ങിയടിക്കാനുള്ള ശ്രമത്തില്‍ പുറത്താവുകയായിരുന്നു. താരത്തെ ഓസീസ് കീപ്പര്‍ സ്റ്റംപ് ചെയ്യുകയായിരുന്നു.
കെ.എല്‍. രാഹുലിനു പകരമെത്തിയ ശുഭ്മന്‍ ഗില്‍ നിരാശപ്പെടുത്തി. 21 റണ്‍സെടുത്ത ഗില്ലിനെ കോനമന്റെ പന്തില്‍ ഓസ്ട്രേലിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ക്യാച്ചെടുത്താണു മടക്കിയത്.
ചേതേശ്വര്‍ പൂജാര (നാല് പന്തില്‍ ഒന്ന്), രവീന്ദ്ര ജഡേജ (ഒന്‍പതു പന്തില്‍ നാല്), ശ്രേയസ് അയ്യര്‍ (രണ്ട് പന്തില്‍ പൂജ്യം) എന്നിവരും പിന്നാലെ മടങ്ങിയതോടെ ഇന്ത്യ കടുത്ത പ്രതിരോധത്തിലായി. വിരാട് കോലി പിടിച്ചു നില്ക്കാന് ശ്രമിച്ചെങ്കിലും 52 പന്തില്‍ 22 റണ്‍സെടുത്തു പുറത്തായി. സ്പിന്നര്‍ ടോഡ് മര്‍ഫിയുടെ പന്തില്‍ കോലി എല്‍ബിഡബ്ല്യുവില്‍ കുടങ്ങി. ശ്രീകര്‍ ഭരതിനെ (30 പന്തില്‍ 17) നഥാന്‍ ലയണ്‍ ബോള്‍ഡാക്കി.
പിന്നീട് അക്സര്‍ പട്ടേല്‍ ആര്. അശ്വിന് പ്രതീക്ഷ കര്‍ന്ന് ക്രീസില്‍ ഒത്തു ചേര്ന്നൂു. എന്നാല്‍, 29ാം ഓവറില്‍ കുനേമന്റെ പന്തില്‍ അലക്സ് കാരിയുടെ ക്യാച്ചില്‍ അശ്വിന് പുറത്തായി. 12 പന്തില്‍ മൂന്നു റണ്‍സ് മാത്രമാണ് അശ്വിന് നേടിയത്. രണ്ടു സിക്സും ഒരു ഫോറുമുള്‍പ്പെടെ വാലറ്റത്ത് 17 റണ്‍സ് നേടിയ ഉമേഷ് യാദവാണ് ഇന്ത്യന്‍ സ്കോര്‍ 100 കടത്തിയത്. 33 പന്തില്‍ 12 റണ്‍സുമായി അക്ഷര്‍ പട്ടേല്‍ പുറത്താകാതെ നിന്നു.
തുടക്കത്തില്‍ തന്നെ ഓപ്പണര്‍ ട്രാവിസ് ഹെഡിനെ (ആറ് പന്തില്‍ ഒന്‍പത്) നഷ്ടമായെങ്കിലും ഉസ്മാന് ഖവാജ, മാര്‍നസ് ലബുഷെയ്ന് എന്നിവരുടെ ബാറ്റിങ് കരുത്തില്‍ ഓസീസ് മുന്നേറുകയായിരുന്നു.
അര്‍ധ സെഞ്ചറി നേടിയ ഖവാജ 147 പന്തില്‍ 60 റണ്‍സെടുത്താണു പുറത്തായത്. മാര്‍നസ് ലബുഷെയ്ന് (91 പന്തില്‍ 31), സ്റ്റീവ് സ്മിത്ത് (38 പന്തില്‍ 26) എന്നിങ്ങനെയാണു പുറത്തായ മറ്റ് ഓസീസ് താരങ്ങളുടെ സ്കോറുകള്‍. ആദ്യ ദിനം ഓസ്ട്രേലിയയുടെ നാലു വിക്കറ്റുകളും സ്വന്തമാക്കിയത് രവീന്ദ്ര ജഡേജയാണ്.
രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. മോശം ഫോമിന്റെ പേരില്‍ പഴി കേള്‍ക്കുന്ന കെ എല്‍ രാഹുല്‍ ടീമില്‍ നിന്ന് പുറത്തായി. ശുഭ്മാന്‍ ഗില്‍ ടീമിലെത്തി. സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് വിശ്രമം നല്കി. ഉമേഷ് യാദവാണ് പകരക്കാരന്. ഓസ്ട്രേലിയയും രണ്ട് മാറ്റം വരുത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് പകരം മിച്ചല്‍ സ്റ്റാര്‍ക്ക് ടീമിലെത്തി. മാറ്റ് റെന്‍ഷ്വെക്ക് പകരം കാമറൂണ്‍ ഗ്രീനും ടീമിലിടം കണ്ടെത്തി. പരിക്ക് കാരണം സ്റ്റാര്‍ക്കിനും ഗ്രീനിനും ആദ്യ രണ്ട് ടെസ്റ്റുകള്‍ നഷ്ടമായിരുന്നു.