വൈഭവ് സൂര്യവംശിക്ക് 14ാം വയസിൽ ഐപിഎൽ സെഞ്ചുറി; നേടിയത് 35 പന്തിൽ

ഐപിഎല്ലിലും സീനിയർ ടി20 ക്രിക്കറ്റിലും ഏറ്റവും കുറഞ്ഞ പ്രായത്തിൽ സെഞ്ചുറി; ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ വേഗമേറിയ സെഞ്ചുറി. വൈഭവ് സൂര്യവംശിയുടെ മികവിൽ രാജസ്ഥാൻ റോയൽസ് ജീവൻ നിലനിർത്തി.
RR opener Vaibhav Suryavanshi bats against Gujarat Titans in IPL 2025

ഗുജറാത്ത് ടൈറ്റൻസിനെതിരേ വൈഭവ് സൂര്യവംശിയുടെ ബാറ്റിങ്.

Updated on

ജയ്പുർ: ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഐപിഎൽ സെഞ്ചുറി തികച്ചതിന്‍റെ റെക്കോഡ് രാജസ്ഥാൻ റോയൽസ് ഓപ്പണർ വൈഭവ് സൂര്യവംശിക്ക്. പതിനാലാം വയസിലാണ് വൈഭവ് വെറും 35 പന്തിൽ സെഞ്ചുറി തികച്ചത്. 17 പന്തിൽ 50 കടന്ന വൈഭവ്, അടുത്ത 18 പന്തിൽ മൂന്നക്കത്തിലും എത്തുകയായിരുന്നു.

ഐപിഎല്ലിൽ മാത്രമല്ല, സീനിയർ പുരുഷവിഭാഗം ടി20 ക്രിക്കറ്റിൽ തന്നെ ഏറ്റവും കുറഞ്ഞ പ്രായത്തിൽ സെഞ്ചുറി നേടിയതിന്‍റെ റെക്കോഡും വൈഭവ് സ്വന്തം പേരിൽ കുറിച്ചു. ഐപിഎല്ലിന്‍റെ ചരിത്രത്തിലെ തന്നെ വേഗമേറിയ രണ്ടാമത്തെ സെഞ്ചുറിയുമാണിത്; സാക്ഷാൽ ക്രിസ് ഗെയ്ലിനു മാത്രം പിന്നിൽ!

ഐപിഎല്ലിൽ അരങ്ങേറ്റം കുറിക്കുന്ന പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും ബിഹാറുകാരനായ ഈ ഇടങ്കയ്യൻ ബാറ്ററുടെ പേരിൽ തന്നെയാണ്.

അർധ സെഞ്ചുറി തികയ്ക്കുമ്പോൾ തന്നെ ആറ് ഫോറും മൂന്നു സിക്സും വൈഭവ് സ്വന്തമാക്കിയിരുന്നു. സെഞ്ചുറിയിലെത്തുമ്പോൾ ഇത് 11 സിക്സും ഏഴ് ഫോറുമായി.

ഗുജറാത്ത് ടൈറ്റൻസ് പേസർ മുഹമ്മദ് സിറാജിനെ സിക്സറടിച്ച് അക്കൗണ്ട് തുറന്ന വൈഭവ് പിന്നീട് മുന്നിൽ കിട്ടിയ ഇശാന്ത് ശർമയെയും വാഷിങ്ടൺ സുന്ദറിനെയും പ്രസിദ്ധ് കൃഷ്ണയെയുമൊന്നും വെറുതേ വിട്ടില്ല. അഫ്ഗാൻ പേസർ കരിം ജാനത് എറിഞ്ഞ പത്താം ഓവറിൽ മൂന്നു ഫോറും മൂന്നു സിക്സും സഹിതം 30 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്.

ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 209 റൺസാണെടുത്തത്. ബി. സായ് സുദർശൻ (30 പന്തിൽ 39), ശുഭ്മൻ ഗിൽ (50 പന്തിൽ 84), ജോസ് ബട്ലർ (26 പന്തിൽ 50 നോട്ടൗട്ട്) എന്നിവരുടെ പ്രകടനമാണ് ഗുജറാത്തിനെ മികച്ച സ്കോറിലെത്തിച്ചത്.

വൈഭവ് സൂര്യവംശിയും യശസ്വി ജയ്സ്വാളും ചേർന്ന് രാജസ്ഥാൻ റോയൽസിനു വേണ്ടി പവർ പ്ലേയിൽ തന്നെ 87 റൺസ് കൂട്ടിച്ചേർത്തു; എട്ടാം ഓവറിൽ ഓപ്പണിങ് കൂട്ടുകെട്ട് നൂറും പതിനൊന്നാം ഓവറിൽ 150 റൺസും കടന്നു.

33 പന്തിൽ 101 റൺസുമായി വൈഭവ് പുറത്താകുമ്പോൾ രാജസ്ഥാൻ 11.5 ഓവറിൽ 166 റൺസിലെത്തിയിരുന്നു. പിന്നാലെ നിതീഷ് റാണ (4) കൂടി പുറത്തായെങ്കിലും 15.5 ഓവറിൽ രാജസ്ഥാൻ എട്ട് വിക്കറ്റ് ജയം കുറിച്ചു. യശസ്വി ജയ്സ്വാളും (40 പന്തിൽ 70) ക്യാപ്റ്റൻ റിയാൻ പരാഗും (15 പന്തിൽ 32) പുറത്താകാതെ നിന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com