
കേപ്ടൗണ്‍: വനിതാ ടി-20 ലോകകപ്പിന് ഇന്ന് തുടക്കം. കേപ്ടൗണിലെ ന്യൂലാൻഡ്സിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ നേരിടും. 26നാണ് ഫൈനൽ പോരാട്ടം. രണ്ട് ഗ്രൂപ്പുകളിലായി പത്ത് ടീമുകളാണ് കളത്തിൽ ഇറങ്ങുന്നത്.
ഇന്ത്യയുടെ ഭാഗ്യവേദിയില്‍ ട്വന്റി 20യിലെ ചരിത്രവിജയം ആവര്‍ത്തിക്കാന്‍ ഹര്‍മന്‍പ്രീത് കൗറും സംഘവും ഒരുങ്ങിക്കഴിഞ്ഞു. അണ്ടര്‍ 19 ലോകകപ്പ് കിരീട നേട്ടത്തിന്റെ ആവേശത്തിലെത്തുന്ന ഓപ്പണർ ഷെഫാലി വര്‍മയും വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷും ടീമിന് കരുത്താണ്.
ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതിനൊപ്പം സ്മൃതി മന്ദാന, ദീപ്തി ശര്‍മ, രേണുക സിങ്, രാജേശ്വരി ഗെയ്ക്വാദ്, ജമീമ റോഡ്രിഗസ്, തുടങ്ങിയവരുടെ പരിചയസമ്പത്തും ഇന്ത്യക്ക് പ്രതീക്ഷ. ഞായറാഴ്ച പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം. ഇംഗ്ലണ്ട്, അയര്‍ലന്‍ഡ്, വിന്‍ഡീസ് എന്നിവരാണ് ഇന്ത്യയുടെ മറ്റ് എതിരാളികള്‍. ഇന്ത്യന്‍ ടീം കഴിഞ്ഞ ശനിയാഴ്ച്ച കേപ്ടൗണിലെത്തിയിരുന്നു. സെമിയും ഫൈനലുമടക്കം ഭൂരിപക്ഷം മത്സരങ്ങള്‍ക്കും കേപ്ടൗൺ വേദിയാകും.
ഇന്ത്യന്‍ ടീം: ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ഥാന (വൈസ് ക്യാപ്റ്റന്‍), ഷെഫാലി വര്‍മ, യഷ്ടിക ഭാട്ടിയ (വിക്കറ്റ് കീപ്പര്‍), റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), ജമീമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, ദീപ്തി ശര്‍മ, ദേവിക വൈദ്യ, രാധാ യാദവ്, രേണുക സിംഗ്, അഞ്ജലി ശര്‍വാണി, പൂജ വസ്ത്രകര്‍, രാജേശ്വരി ഗെയ്കവാദ്, ശിഖ പാണ്ഡെ.
ഗ്രൂപ്പ് 1
ഓസ്ട്രേലിയ, ബംഗ്ലാദേശ്, ന്യൂസിലാൻഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക
ഗ്രൂപ്പ് 2
ഇംഗ്ലണ്ട്, ഇന്ത്യ, അയർലൻഡ്, പാക്കിസ്ഥാൻ, വെസ്റ്റിൻഡീസ്