
#സ്വന്തം ലേഖകൻ
ഇൻഡോർ: ഇന്ത്യയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് കംഗാരുക്കൾ വിജയം മണക്കുന്നു. കളിയുടെ മൂന്നാം ദിവസമായ് ഇന്ന് ജയിക്കാൻ 75 റൺസ് മാത്രം ലക്ഷ്യമിട്ട് സന്ദർശകർ കളത്തിലിറങ്ങും. ഇൻഡോർ പിച്ചിലെ വാരിക്കുഴികളിൽ പ്രതീക്ഷയുടെ കണികകൾ തേടി ആതിഥേയ സ്പിന്നർമാരും. നേരത്തെ, 154/4 എന്ന ശക്തമായ നിലയിൽ രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ച ഓസ്ട്രേലിയ കൂടുതൽ വിക്കറ്റ് നഷ്ടമാകാതെ 186 വരെയെത്തിയതാണ്. എന്നാൽ, അവിടെനിന്ന് 11 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ അവരുടെ ആറു വിക്കറ്റുകളാണ് ആർ. അശ്വിനും ഉമേഷ് യാദവും തുല്യമായി പങ്കിട്ടെടുത്തത്. പക്ഷേ, ടീമിനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്ന ബൗളർമാരുടെ പോരാട്ടവീര്യം ആവർത്തിക്കാൻ രണ്ടാമിന്നങ്സിലും ഇന്ത്യൻ ബാറ്റർമാർക്കു സാധിച്ചില്ല. അഥവാ, നേഥൻ ലിയോൺ എന്ന ഓഫ് സ്പിൻ കംഗാരും അതിന് അനുവദിച്ചില്ല.
64 റൺസ് വഴങ്ങി എട്ടു വിക്കറ്റ് നേടിയ ലിയോണിനു മുന്നിൽ ഇന്ത്യ 163 റൺസിന് ഓൾഔട്ട്! ചേതേശ്വർ പൂജാര (59) മാത്രമാണ് ഒന്നു പൊരുതി നോക്കുകയെങ്കിലും ചെയ്തത്. 26 റൺസെടുത്ത ശ്രയേസ് അയ്യരുടേതാണ് ഇന്ത്യൻ ഇന്നിങ്സിലെ രണ്ടാമത്തെ ഉയർന്ന സ്കോർ. 88 റൺസിന്റെ ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയെങ്കിലും പൂജാര ക്രീസിലുള്ളിടത്തോളം ഇന്ത്യയ്ക്ക് മത്സരത്തിൽ സാധ്യതകളുണ്ടായിരുന്നു എന്നതാണ് വസ്തുത. എന്നാൽ, എട്ടാമനായി പൂജാര പുറത്തായതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. നൂറു റൺസിനു മുകളിലൊരു ലീഡ് ഇൻഡോറിൽ കംഗാരുക്കളെ വെല്ലുവിളിക്കാൻ പര്യാപ്തമായിരുന്നു. എന്നാൽ, ലിയോണിന് ഓസീസ് ഫീൽഡർമാരുടെ ഗംഭീര പിന്തുണ കൂടി ലഭിച്ചതോടെ അത് അസാധ്യമായി. ശുഭ്മാൻ ഗില്ലിന്റെയും വിരാട് കോഹ്ലിയുടെയും പുറത്താകലുകൾ മോശം ഷോട്ട് സെലക്ഷന് ഉത്തമോദാഹരണങ്ങളായും മാറി.കഴിഞ്ഞ പത്തു വർഷത്തിനിടെ രണ്ടേ രണ്ടു ടെസ്റ്റാണ് ഇന്ത്യ സ്വന്തം നാട്ടിൽ തോറ്റിട്ടുള്ളത്- 2021 ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനോടും 2017 ഫെബ്രുവരിയിൽ ഓസ്ട്രേലിയയോടും.
സ്കോർ ബോർഡ് ഒന്നാമിന്നിങ്സ്: ഇന്ത്യ 109, ഓസ്ട്രേലിയ 197 രണ്ടാമിന്നിങ്സ്
ഇന്ത്യ
രോഹിത് ശർമ എൽബിഡബ്ല്യു ലിയോൺ 12, ശുഭ്മാൻ ഗിൽ ബി ലിയോൺ 5, ചേതേശ്വർ പൂജാര സി സ്മിത്ത് ബി ലിയോൺ 59, വിരാട് കോഹ്ലി എൽബിഡബ്ല്യു ബി കുനെമൻ 13, രവീന്ദ്ര ജഡേജ എൽബിഡബ്ല്യു ലിയോൺ 7, ശ്രേയസ് അയ്യർ സി ഖവാജ ബി സ്റ്റാർക്ക് 26, ശ്രീകർ ഭരത് ബി ലിയോൺ 3, ആർ. അശ്വിൻ എൽബിഡബ്ല്യു ബി ലിയോൺ 16, അക്ഷർ പട്ടേൽ നോട്ടൗട്ട് 15, ഉമേഷ് യാദവ് സി ഗ്രീൻ ബി ലിയോൺ 0, മുഹമ്മദ് സിറാജ് ബി ലിയോൺ 0.
എക്സ്ട്രാസ് 7, ആകെ 60.3 ഓവറിൽ 163/10, ബൗളിങ്: മിച്ചൽ സ്റ്റാർക്ക് 7-1-14-1, മാത്യു കുനെമൻ 16-2-60-1, നേഥൻ ലിയോൺ 23.3-1-64-8, ടോഡ് മർഫി 14-6-18-0