അഭിഷേക് ശർമ പ്രദർശിപ്പിച്ചത് രാവിലെ ഡയറിയിൽ എഴുതിയ വാക്കുകൾ

ഫോമില്ലാതെ വിഷമിച്ചപ്പോൾ ആത്മവിശ്വാസം പകർന്നത് യുവരാജ് സിങ്ങും സൂര്യകുമാർ യാദവും എന്ന് സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ
SRH opener Abhishek Sharma celebrates his century by displaying a note with ''This is for Orange Army'' written on it.

''ഇത് ഓറഞ്ച് പടയ്ക്കുള്ളതാണ്'' എന്നെഴുതിയ കടലാസ് ഉയർത്തിക്കാട്ടി സെഞ്ചുറി ആഘോഷിക്കുന്ന സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ.

Updated on

ഹൈദരാബാദ്: പഞ്ചാബ് കിങ്സിനെതിരേ 40 പന്തിൽ സെഞ്ചുറി തികച്ച സൺറൈസേഴ്സ് ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമ ജെഴ്സിയുടെ പോക്കറ്റിൽ നിന്ന് ഒരു കുറിപ്പ് പുറത്തെടുത്ത് ഗ്യാലറിക്കു നേരേ ഉയർത്തിക്കാണിച്ചു. എതിർ ക്യാപ്റ്റൻ ശ്രേയസ് അയ്യർ വരെ ഓടിവന്ന് അതു വാങ്ങി വായിച്ചു നോക്കി. ക്യാമറ മെല്ലെ അതിലേക്ക് സൂം ചെയ്തപ്പോൾ, കോടിക്കണക്കിന് കാണികളും വായിച്ചു: ''This one is for Orange Army''!

സൺറൈസേഴ്സ് ഹൈദരാബാദിന്‍റെ ആരാധക സംഘമായ ഓറഞ്ച് പടയ്ക്ക് തന്‍റെ ഈ സെഞ്ചുറി സമർപ്പിക്കുകയായിരുന്നു അഭിഷേക്. ഏതായാലും സെഞ്ചുറിയടിച്ചു കഴിഞ്ഞ് പേനയും കടലാസുമെടുത്ത് എഴുതിക്കാണിക്കാനുള്ള സമയമോ സൗകര്യമോ ഉണ്ടായിരുന്നില്ല. കഴിഞ്ഞ നാലു മത്സരങ്ങളിലായി ആകെ 27 റൺസ് മാത്രം നേടിയ അഭിഷേക് പിന്നെ എന്തു വിശ്വാസത്തിന്‍റെ പുറത്താണ് ഈ കടലാസ് കഷണം പോക്കറ്റിൽ ഇട്ടിരുന്നതെന്നറിയുക കൗതുകമായിരിക്കും. അതോ, ആദ്യ മത്സരം മുതലേ ഇതിനി പോക്കറ്റിലുണ്ടായിരുന്നോ?

ഈ സംശയങ്ങൾക്കെല്ലാം അഭിഷേക് തന്നെ മറുപടി നൽകിയിരിക്കുകയാണ്. ആറ് ദിവസം സൺറൈസേഴ്സിന് മത്സരങ്ങളുണ്ടായിരുന്നില്ല. ആ സമയം തനിക്ക് കടുത്ത പനിയും പിടിച്ചു. മത്സരദിവസം രാവിലെ എണീറ്റപ്പോൾ തോന്നിയ വാചകം അപ്പോൾ തന്നെ ഡയറിയിൽ എഴുതി വച്ചതാണ്.

എല്ലാ ദിവസവും രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ എന്തെങ്കിലും എഴുതാറുണ്ട്. ശനിയാഴ്ച രാവിലെ എഴുതാൻ തോന്നിയത് ഇതാണ്. കളിക്കാനിറങ്ങുമ്പോൾ പേജ് കീറി പോക്കറ്റിലിടുകയും ചെയ്തു!

എന്തായാലും, രാവിലെ കാണുന്ന സ്വപ്നം ഫലിക്കുമെന്നു വിശ്വാസം പോലെ, അഭിഷേക് രാവിലെ എഴുതി വച്ചതും ഫലിച്ചിരിക്കുകയാണ്. അതിന്‍റെ ഫലം അനുഭവിച്ചത് എതിർ ടീമിലെ ബൗളർമാരും!

ആത്മവിശ്വാസം പകർന്നത് യുവിയും സൂര്യയും

ഫോമൗട്ടായിരുന്ന സമയത്ത് ആത്മവിശ്വാസം കൈവിടാതിരിക്കാൻ മുൻ ഇന്ത്യൻ താരം യുവരാജ് സിങ്ങും ഇന്ത്യയുടെ ടി20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും നൽകിയ പിന്തണയെക്കുറിച്ചും അഭിഷേക് ശർമ സംസാരിച്ചു.

ആറു ദിവസത്തെ ഇടവേളയിൽ ഇവർ ഇരുവരും നിരന്തരം തനിക്കു ഫോൺ ചെയ്തിരുന്നു എന്ന് അഭിഷേക് വെളിപ്പെടുത്തി.

''എനിക്ക് ഇതു സാധിക്കുമെന്ന് അവർക്കറിയാമായിരുന്നു. പക്ഷേ, വ്യക്തി എന്ന നിലയിൽ എനിക്ക് സ്വയം സംശയം തോന്നാമല്ലോ. അവരെപ്പോലെ രണ്ടു പേർ എന്നിൽ വിശ്വാസം അർപ്പിക്കുമ്പോൾ എന്‍റെ ആത്മവിശ്വാസം കൂടും'', അഭിഷേക് വിശദീകരിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com