ആകാശത്തോളം മധ്‌വാൾ

ടെന്നിസ് ബോൾ ക്രിക്കറ്റിൽനിന്ന് ജസ്പ്രീത് ബുമ്രയുടെ പകരക്കാരന്‍റെ സ്ഥാനത്തേക്കു വളർന്ന മുംബൈ ഇന്ത്യൻസിന്‍റെ ഉത്തരാഖണ്ഡ് പേസ് ബൗളർ
ആകാശത്തോളം മധ്‌വാൾ

# സ്പോർട്സ് ലേഖകൻ

2023 മേയ് 12, ഐപിഎൽ മത്സരത്തിൽ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും ഏറ്റുമുട്ടുന്നു. വേദി മുംബൈയിലെ പ്രശസ്തമായ വാംഖഡെ സ്റ്റേഡിയം. ഉത്തരാഖണ്ഡിൽ ടെന്നിസ് ബോൾ ക്രിക്കറ്റ് കളിച്ചു നടന്ന, അധികമാരുമറിയാത്ത, ആകാശ് മധ്‌വാൾ എന്ന ഫാസ്റ്റ് ബൗളറുടെ കൈയിലാണ് പന്ത്. നേരിടുന്നത് ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി എന്നു വിശേഷിപ്പിക്കപ്പെടുന്ന ശുഭ്മാൻ ഗിൽ. സ്കിഡ് ചെയ്ത പന്ത് ഗില്ലിന്‍റെ പ്രതിരോധം ഭേദിച്ച് ഓഫ് സ്റ്റമ്പിനെ വണ്ടിച്ചക്രം പോലെ കറക്കി നിലത്തിടുമ്പോൾ അത് മധ്‌വാളിന്‍റെ വിളംബരമായിരുന്നു. ബുംറയെയും ഹാർദിക് പാണ്ഡ്യയെയും ഒക്കെപ്പോലെ മുംബൈ ഇന്ത്യൻസ് വഴി മറ്റൊരു മികച്ച പ്രതിഭയുടെ വരവറിയിക്കുന്ന വിളംബരം.

ഇക്കുറി മുംബൈ ഇന്ത്യൻസിനെ അപ്രതിരോധ്യരാക്കുമെന്നു കരുതപ്പെട്ട ജസ്പ്രീത് ബുമ്ര - ജോഫ്ര ആർച്ചർ സഖ്യം കടലാസിൽ മാത്രം അവശേഷിച്ചപ്പോൽ, ടൂർണമെന്‍റിന്‍റെ ആദ്യഘട്ടങ്ങളിൽ തപ്പിത്തടയുക തന്നെയായിരുന്നു ടീം. അവിടെനിന്നാണ് മുംബൈയുടെ വിശ്വസ്തനായ ഫാസ്റ്റ് ബൗളർ എന്ന നിലയിലേക്കുള്ള മധ്‌വാളിന്‍റെ വളർച്ച. ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരായ എലിമിനേറ്റർ മത്സരത്തിൽ, ഇന്നിങ്സിന്‍റെ ഓരോ ഘട്ടത്തിലും തന്നെ ഏൽപ്പിച്ച ജോലി അവിശ്വസനീയമാം വിധം കൃത്യതയോടെ അവൻ പൂർത്തിയാക്കി. 3.3 ഓവറിൽ 5 റൺസ് വഴങ്ങി 5 വിക്കറ്റ് എന്ന ഐപിഎൽ പ്ലേഓഫ് ഘട്ടത്തിലെ ഏറ്റവും മികച്ച ബൗളിങ് അനാലിസിസ് ആയിരുന്നു അതിന്‍റെ ഫലം.

ക്വിക്ക് ആം ആക്ഷനിലൂടെ പന്ത് സ്കിഡ് ചെയ്യിക്കുമ്പോൾ ബാറ്റ്സ്മാന്‍റെ ബൗൺസ് കണക്കുകൂട്ടൽ തെറ്റുകയാണ്. ടെന്നിസ് ബോൾ ക്രിക്കറ്റിൽനിന്നു ശീലിച്ച യോർക്കറുകളുടെ കൃത്യത തുകൽപ്പന്തിൽ കൂടുതൽ മാരകമായിക്കഴിഞ്ഞിരിക്കുന്നു.

ബുധനാഴ്ച രാത്രി ആയുഷ് ബദോനിയും രവി ബിഷ്ണോയിയും വീണത് ബൗൺസ് കുറഞ്ഞ് സ്കിഡ് ചെയ്ത പന്തുകൾക്കു മുന്നിലാണ്. മൊഹ്സിൻ ഖാൻ ഒരു പെർഫക്റ്റ് യോർക്കറിനു കീഴടങ്ങി. പക്ഷേ, പവർ പ്ലേയിൽ പ്രേരക മങ്കാദിന്‍റെയും പത്താം ഓവറിൽ നിക്കൊളാസ് പുരാന്‍റെയും വിക്കറ്റുകൾ വീഴ്ത്തിയ രീതിയാണ് കൂടുതൽ ശ്രദ്ധേയമായത്. ഡീപ്പ് പോയിന്‍റിൽ നിന്ന ഫീൽഡറെ ക്യാപ്റ്റൻ രോഹിത് ശർമ ഡീപ്പ് തേഡിലേക്കു മാറ്റിയപ്പോൾ, പ്രേരക് മങ്കാദിന്‍റെ ക്യാച്ച് കൃത്യമായി അവിടെത്തന്നെ എത്തിച്ചുകൊടുത്തു മധ്‌വാൾ. പുരാനെ വീഴ്ത്തിയത് ഒരു ടിപ്പിക്കൽ ടെസ്റ്റ് മാച്ച് ഡെലിവറിയിലൂടെയും. ഉള്ളിലേക്കുള്ള ആംഗിളിനു ബാറ്റ് വയ്ക്കാൻ പുരാനെ പ്രേരിപ്പിച്ച മധ്‌വാളിന്‍റെ പന്ത് സ്ട്രെയ്റ്റൻ ചെയ്ത് ഔട്ട്‌സൈഡ് എഡ്ജ് എടുക്കുമ്പോൾ, ലഖ്നൗവിന് മത്സരത്തിലേക്ക് പിന്നീടൊരിക്കലും തിരിച്ചുവരാനാവാത്ത തകർച്ച പൂർണമാകുകയായിരുന്നു.

എൻജിനീയറിങ്ങും ജോലിയുമെല്ലാം ഉപേക്ഷിച്ച് പ്രൊഫഷണൽ ക്രിക്കറ്ററാവാൻ ഇറങ്ങിത്തിരിച്ച ആകാശ് മധ്‌വാൾ കഴിഞ്ഞ വർഷം നെറ്റ് ബൗളറായാണ് മുംബൈ ഇന്ത്യൻസിന്‍റെ ക്യാംപിലെത്തുന്നത്. സൂര്യകുമാർ യാദവിനു പരുക്കേറ്റപ്പോൾ മെയിൻ സ്ക്വാഡിലേക്ക് പ്രമോഷൻ. എന്നാൽ, ആ സീസണിൽ കളിക്കാൻ അവസരം കിട്ടിയില്ല. ഈ സീസണിന്‍റെ തുടക്കത്തിലും ആദ്യ ഇലവനിൽ ഫസ്റ്റ് ചോയ്‌സ് ആയിരുന്നില്ല മധ്‌വാൾ. പക്ഷേ, മൊഹാലിയിൽ പഞ്ചാബ് കിങ്സിനെതിരേ അരങ്ങേറ്റം കുറിച്ച ശേഷം ഒരു മത്സരത്തിൽപ്പോലും പുറത്തിരിക്കേണ്ടി വന്നിട്ടില്ല.

സീസണിൽ ഇതുവരെ എറിഞ്ഞത് 129 പന്ത്, അതിൽ 75 എണ്ണം പവർപ്ലേയിലും ഡെത്ത് ഓവറുകളിലും- അത്രയ്ക്കാണ് രോഹിത് ശർമ അവനിൽ അർപ്പിച്ചിരിക്കുന്ന വിശ്വാസം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com