ആൻഡി ഫ്ളവർ ആർസിബി കോച്ച്; ഹെസ്സനും ബംഗാറും പുറത്ത്

നാലു സീസണുകളിൽ ആദ്യമായി ആർസിബി പ്ലേ ഓഫിലെത്താതെ പോയ സീസണായിരുന്നു ഈ വർഷത്തേത്
Andy Flower
Andy Flower
Updated on

ബംഗളൂരു: ഐപിഎൽ ടീം റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്‍റെ പരിശീലക സംഘത്തിൽ സമൂല അഴിച്ചുപണി. മൈക്ക് ഹെസ്സനും സഞ്ജയ് ബംഗാറും അടക്കമുള്ളവരുടെ കരാറുകൾ പുതുക്കാതിരുന്ന മാനെജ്മെന്‍റ്, സിംബാംബ്‌വെ ക്രിക്കറ്റ് ഇതിഹാസം ആൻഡി ഫ്ളവറിനെയാണ് മുഖ്യ പരിശീലകനായി നിയമിച്ചിരിക്കുന്നത്.

നാലു സീസണുകളിൽ ആദ്യമായി ആർസിബി പ്ലേ ഓഫിലെത്താതെ പോയ സീസണായിരുന്നു ഈ വർഷത്തേത്. ടീമിന് ഇതുവരെ ഐപിഎൽ കിരീടം നേടാനും സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഫ്ളവറിന് മൂന്നു വർഷത്തേക്ക് കരാർ നൽകിയിരിക്കുന്നത്.

ഹെസ്സൻ ഡയറക്റ്റർ ഓഫ് ക്രിക്കറ്റ് ഓപ്പറേഷൻസായും ബംഗാർ മുഖ്യ പരിശീലകനുമായാണ് പ്രവർത്തിച്ചിരുന്നത്. ഹെസ്സനു പകരക്കാരനെ നിയമിച്ചിട്ടില്ല. പുതിയ ഡയറക്റ്ററായിരിക്കും പരിശീലക സംഘത്തിലെ മറ്റംഗങ്ങളെ നിയമിക്കുക. ഈ സാഹചര്യത്തിൽ ആഡം ഗ്രിഫിത്ത്സ് (ബൗളിങ് കോച്ച്), എസ്. ശ്രീറാം (അസിസ്റ്റന്‍റ് കോച്ച്), എം. രംഗരാജൻ (ഫീൽഡിങ് കോച്ച്) എന്നിവർക്കും സ്ഥാനം നിലനിർത്താൻ സാധിച്ചേക്കില്ല.

രാജസ്ഥാൻ റോയൽസിൽ ഡയറക്റ്റർ കുമാർ സംഗക്കാരയ്ക്കു കീഴിൽ മുഖ്യ പരിശീലകനാകാനുള്ള ക്ഷണം നിരസിച്ചാണ് ഫ്ളവർ ആർസിബിക്കൊപ്പം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ സീസണിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിന്‍റെ പരിശീലകനായിരുന്നു. ഫ്ളവറിനു കീഴിൽ എൽഎസ്ജി രണ്ടു സീസണിലും പ്ലേഓഫ് കളിക്കുകയും ചെയ്തു. അതിനു മുൻപ് പഞ്ചാബ് കിങ്സിനൊപ്പവും ഫ്ളവർ പ്രവർത്തിച്ചിട്ടുണ്ട്.

2010ൽ ഇംഗ്ലണ്ടിന് ട്വന്‍റി20 ലോകകപ്പ് നേടിക്കൊടുത്ത പരിശീലകനാണ് ആൻഡി ഫ്ളവർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com