മിച്ചൽ മാർഷ് അടിയോടടി, നിക്കോളാസ് പുരാൻ ഫിനിഷർ; 16.4 ഓവറിൽ കളി തീർത്ത് ലഖ്നൗ

നിശ്ചിത 20 ഓവറിൽ ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ‍്യം ലഖ്നൗ 16.4 ഓവറിൽ 7 വിക്കറ്റ് ശേഷിക്കെ മറികടന്നു
chennai super kings vs lucknow super giants ipl match updates

മത്സരത്തിൽ നിന്ന്

Updated on

ലഖ്നൗ: ചെന്നൈ സൂപ്പർ കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിന് ജയം. നിശ്ചിത 20 ഓവറിൽ ചെന്നൈ ഉയർത്തിയ 188 റൺസ് വിജയലക്ഷ‍്യം ലഖ്നൗ 16.4 ഓവറിൽ 7 വിക്കറ്റ് ശേഷിക്കെ മറികടന്നു. വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ലഖ്നൗവിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ മിച്ചൽ മാർഷും (38 പന്തിൽ 90) ജോഷ് ഇംഗ്ലിസും (32 പന്തിൽ 36) നൽകിയത്.

തുടക്കത്തിലെ തന്നെ ആക്രമണോത്സുക ബാറ്റിങ് പുറത്തെടുത്ത് ലഖ്നൗ ബൗളർമാരെ മിച്ചൽ മാർഷ് വിറപ്പിച്ചു. ആദ‍്യ ഓവർ എറിഞ്ഞ മുകേഷ് ചൗധരിയെ 15 റൺസ് അടിച്ചെടുത്തു കൊണ്ടാണ് ലഖ്നൗ അടി തുടങ്ങിയത്. അഞ്ചാം ഓവർ എറിയാനെത്തിയ അൻഷുൽ കാംബോജിനെ 4 സിക്സും ഒരു ബൗണ്ടറിയും അടക്കം 28 റൺസാണ് മാർഷ് അടിച്ചു കൂട്ടിയത്.

മറുവശത്ത് ജോഷ് ഇംഗ്ലിസ് ശ്രദ്ധയോടെ സിംഗിളുകളും ഡബിളുകളുമായി ക്രീസിൽ പിടിച്ചു നിന്നു. പവർപ്ലേ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 86 റൺസുണ്ടായിരുന്നു ടീമിന്. അൻഷുൽ കാംബോജും മുകേഷ് ചൗധരിയും ഐപിഎല്ലിൽ കന്നി മത്സരം കളിക്കുന്ന സ്പെൻസർ ജോൺ‌സണും ഉണ്ടായിട്ടും ഒരു വിക്കറ്റ് വീഴ്ത്താൻ 11.4 ഓവർ വരെ കാത്തിരിക്കേണ്ടി വന്നു ചെന്നൈയ്ക്ക്.

135 റൺസിൽ നിൽക്കെയാണ് കൂട്ടുകെട്ട് പൊളിയുന്നത്. ജോഷ് ഇംഗ്ലിസ് ആയിരുന്നു ആദ‍്യം പുറത്തായത്. മുകേഷ് ചൗധരിക്കായിരുന്നു വിക്കറ്റ്. എന്നാൽ മാർഷ് ഒരുവശത്ത് നിന്ന് ചെന്നൈ ബൗളർമാർക്കെതിരേ ആക്രമണം അഴിച്ചുവിട്ടു. മിച്ചൽ മാർഷിനെ പിടിച്ചുകെട്ടാൻ ചെന്നൈയ്ക്ക് സാധിച്ചില്ല.

ഒടുവിൽ 13.2 ഓവറിൽ മിച്ചൽ മാർഷ് റണ്ണൗട്ടാകുകയായിരുന്നു. പിന്നാലെയെത്തിയ അബ്ദുൾ സമദിനെ സ്പെൻസർ ജോൺസൺ ക്ലീൻ ബൗൾഡാക്കി. 3 പന്തുകൾ നേരിട്ട താരം 7 റൺസാണ് നേടിയത്. ഇതോടെ ടീമിനെ വിജയിപ്പിക്കേണ്ട ചുമതല നിക്കൊളാസ് പുരാനിലേക്കും (17 പന്തിൽ 32 നോട്ടൗട്ട്) മുകുൾ ചൗധരിയിലേക്കും (10 പന്തിൽ 13 നോട്ടൗട്ട്) നീങ്ങി. ഇരുവരും ഉത്തരവാദിത്തം ഭംഗിയായി നിർവഹിച്ചു. അൻഷുൽ കാംബോജ് എറിഞ്ഞ 16.3 ഓവറിൽ നാലു സിക്സുകൾ അടിച്ചെടുത്താണ് നിക്കൊളാസ് പുരാൻ മത്സരം ഫിനിഷ് ചെയ്തത്.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ ചെന്നൈ 187 റൺസ് അടിച്ചെടുത്തു. 42 പന്തിൽ 6 ബൗണ്ടറിയും 5 സിക്സും അടക്കം 71 റൺസ് അടിച്ചെടുത്ത കാർത്തിക് ശർമയാണ് ടീമിന്‍റെ ടോപ് സ്കോറർ. ലഖ്നൗവിന് വേണ്ടി ആകാശ് സിങ് മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് ഷമി, ഷഹബാസ് അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈയ്ക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണർമാരായ ഋതുരാജ് ഗെയ്ക്‌വാദും മലയാളി താരം സഞ്ജു സാംസണും നൽകിയത്. മുഹമ്മദ് ഷമി എറിഞ്ഞ ആദ‍്യ ഓവറിൽ മൂന്നു ബൗണ്ടറികൾ പറത്തി സഞ്ജു വെടിക്കെട്ടിന് തുടക്കമിട്ടപ്പോൾ മറുവശത്ത് ഋതുരാജ് ശ്രദ്ധയോടെ നീങ്ങി.

ഒന്നാം വിക്കറ്റിൽ 31 റൺസ് കൂട്ടുകെട്ട് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു. 3.5 ഓവറിലാണ് ഋതുരാജ് പുറത്താകുന്നത്. 9 പന്തിൽ 13 റൺസായിരുന്നു താരത്തിന്‍റെ സമ്പാദ‍്യം. 4.1 ഓവറിൽ പന്ത് പ്രിൻസ് യാദവിന് കൈമാറിയതോടെ ക്രീസിൽ സഞ്ജു അൽ‌പ്പം പ്രയാസപ്പെട്ടാണ് ബാറ്റേന്തിയത്. ആദ‍്യ രണ്ടു പന്തുകൾ ഡോട്ട് ബോളാക്കിയ ശേഷം മൂന്നാം പന്ത് സഞ്ജു സിംഗിൾ നേടി സ്ട്രൈക്ക് മാറി. എന്നാൽ തൊട്ടടുത്ത ഓവറിൽ ഐപിഎല്ലിൽ കന്നി മത്സരം കളിക്കുന്ന ആകാശ് സിങ് സഞ്ജുവിനെ പുറത്താക്കി.

ലെഗ് സ്റ്റംപ് ലക്ഷ‍്യമാക്കി എറിഞ്ഞ പന്ത് സഞ്ജു സ്ക്വയർ ലെഗിലേക്ക് ബാറ്റേന്തിയെങ്കിലും മുകേഷ് ചൗധരി ക‍്യാച്ച് കൈകളിലൊതുക്കുകയായിരുന്നു. 20 പന്തിൽ നിന്നും 20 റൺസ് നേടാനെ താരത്തിന് സാധിച്ചുള്ളൂ. പവർപ്ലേ പൂർത്തിയാകുമ്പോൾ 2 വിക്കറ്റ് നഷ്ടത്തിൽ 37 റൺസെന്ന നിലയിലായിരുന്നു ചെന്നൈ. മൂന്നാമനായെത്തിയ ഉർവിൽ പട്ടേൽ (6) ഇത്തവണ നിരാശപ്പെടുത്തി.

നാലാം വിക്കറ്റിൽ കാർത്തിക് ശർമ- ഡെവാൾഡ് ബ്രവിസ് (16 പന്തിൽ 25) കൂട്ടുകെട്ട് അടിച്ചെടുത്ത 50 റൺസാണ് ടീമിനെ തകർച്ചയിൽ നിന്നും രക്ഷിച്ചത്. 35 പന്തിൽ അർധസെഞ്ചുറി നേടിയ കാർത്തിക് ശർമ 15.6 ഓവറിലാണ് പുറത്താകുന്നത്. അപ്പോഴേക്കും 5 വിക്കറ്റ് നഷ്ടത്തിൽ 142 റൺസുണ്ടായിരുന്നു ചെന്നൈയ്ക്ക്. പിന്നാലെ ക്രീസിലെത്തിയ വമ്പൻ അടിക്കാരൻ ശിവം ദുബെ (32), പ്രശാന്ത് വീർ (13) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തതോടെ 187 റൺസിലെത്തുക‍യായിരുന്നു ചെന്നൈ.

logo
Metro Vaartha
www.metrovaartha.com