

ഡൽഹി ക്യാപ്പിറ്റൽസിനെതിരേ സിക്സർ പറത്തുന്ന ചെന്നൈ സൂപ്പർ കിങ്സ് ഓപ്പണർ സഞ്ജു സാംസൺ.
ന്യൂഡൽഹി: സഞ്ജു സാംസൺ കളിച്ചാൽ ചെന്നൈ സൂപ്പർ കിങ്സ് ജയിക്കും എന്ന വിശ്വാസം ഒരിക്കൽക്കൂടി ബലപ്പെട്ട മത്സരത്തിൽ ഡൽഹി ക്യാപ്പിറ്റൽസിനു പരാജയം. ചെന്നൈ അഞ്ചാം ജയം കുറിച്ചപ്പോൾ, സഞ്ജുവിന്‍റെ നാലാമത്തെ മാച്ച് വിന്നിങ് ഇന്നിങ്സും കണ്ടു.
ടോസ് നേടിയ ഡൽഹി ക്യാപ്റ്റന്‍ അക്ഷർ പട്ടേൽ ബാറ്റിങ്ങാണ് തെരഞ്ഞെടുത്തത്. ബാറ്റിങ് ദുഷ്കരമായ വിക്കറ്റിൽ അവർ 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 155 റൺസെടുത്തു. ചെന്നൈ 17.3 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം നേടിയപ്പോൾ സഞ്ജു സാംസൺ 87 റൺസെടുത്ത് പുറത്താകാതെ നിന്നു.
ചെന്നൈ ശരിയായ ബൗളിങ് കോംബിനേഷൻ കണ്ടെത്തിക്കഴിഞ്ഞു എന്നു തോന്നിച്ച പവർപ്ലേയിൽ അക്കീൽ ഹുസൈനും മുകേഷ് ചൗധരിയും ചേർന്ന് ഡൽഹി ബാറ്റർമാരെ നിയന്ത്രിച്ചു നിർത്തി. ചെറിയ ഇടവേളകളിൽ വിക്കറ്റും വീണതോടെ ഡൽഹി ഒരു ഘട്ടത്തിൽ 69/5 എന്ന നിലയിൽ പരുങ്ങുകയായിരുന്നു. പാഥും നിശങ്ക (19), കെ.എൽ. രാഹുൽ (12), നിതീഷ് റാണ (15), കരുൺ നായർ (13), അക്ഷർ പട്ടേൽ (2) എന്നിവരാണ് അതിനുള്ളിൽ മടങ്ങിയത്.
എന്നാൽ, ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ ട്രിസ്റ്റൻ സ്റ്റബ്സിനൊപ്പം ഇംപാക്റ്റ് സബ് സമീർ റിസ്വി കെട്ടിപ്പെടുത്ത കൂട്ടുകെട്ട് ഡൽഹിയെ പൊരുതാവുന്ന സ്കോറിലെത്തിച്ചു. സ്റ്റബ്സ് 31 പന്തിൽ 38 റൺസെടുത്തപ്പോൾ, റിസ്വി 24 പന്തിൽ 40 റൺസെടുത്ത് പുറത്താകാതെ നിന്നു. അശുതോഷ് ശർമ 5 പന്തിൽ 14 റൺസും നേടി.
റിസ്വിയെ ഇംപാക്റ്റ് സബ്ബായി കളിപ്പിച്ചത് ബാറ്റിങ്ങിൽ ഗുണം ചെയ്തെങ്കിലും, ഡൽഹി ബൗളിങ് നിര ദുർബലമാകാൻ ഇതു കാരണമായി. ടി. നടരാജൻ നിറം മങ്ങിയപ്പോൾ മാറ്റി എറിയിക്കാൻ ബൗളർ ഇല്ലാത്ത അവസ്ഥയിലായിരുന്നു ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ. നടരാജനെ ടാർജറ്റ് ചെയ്ത് സഞ്ജു സാംസൺ ദുഷ്കരമായ വിക്കറ്റിൽ സ്ട്രൈക്ക് റേറ്റ് ഉയർത്തുകയും ചെയ്തു.
പതിഞ്ഞ തുടക്കമാണ് മറുപടി ബാറ്റിങ്ങിൽ ചെന്നൈക്കും കിട്ടിയത്. 13 പന്തിൽ ആറ് റൺസുമായി ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്ക്വാദ് മടങ്ങുമ്പോൾ സ്കോർ ബോർഡിൽ 24 റൺസ്. രണ്ടു സിക്സറുകളുമായി പ്രതീക്ഷയുണർത്തിയ ഉർവിൽ പട്ടേലിനെ, 11 പന്തിൽ 17 റൺസെടുത്തു നിൽക്കെ അക്ഷർ പട്ടേലിന്‍റെ പന്തിൽ കെ.എൽ. രാഹുൽ സ്റ്റമ്പ് ചെയ്തു.
ഇതോടെ ചെന്നൈ ആരാധകരുടെ പ്രതീക്ഷ മുഴുവൻ സഞ്ജു സാംസണിന്‍റെ മേലായി. അലക്ഷ്യമായ ഷോട്ടുകൾക്കു മുതിരാതെ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്ത സഞ്ജുവിന്‍റെ സ്ട്രൈക്ക് റേറ്റ് ഒരു ഘട്ടത്തിൽ നൂറിൽ താഴെയായിരുന്നു. കളി ജയിക്കുന്ന സമയത്ത് 167!
മറുവശത്ത് കാർത്തിക് ശർമയും കരുതലോടെ ബാറ്റ് വീശി. എന്നാൽ, ടീമിന്‍റെ റൺ റേറ്റ് ഒരു ഘട്ടത്തിലും അപകടകരമായി താഴാൻ സഞ്ജു അനുവദിച്ചില്ല. ആവശ്യമായ സമയത്തെല്ലാം കുൽദീപ് യാദവിനെയോ നടരാജനെയോ അനായാസം ഗ്യാലറിയിലേക്കു പറത്താൻ സഞ്ജുവിനു സാധിച്ചു. മിച്ചൽ സ്റ്റാർക്കിനും ലുംഗി എങ്കിഡിക്കും മുന്നിൽ വിക്കറ്റ് സംരക്ഷിച്ച് ബുദ്ധിപൂർവം സ്കോർ ചെയ്യുകയും ചെയ്തു.
സഞ്ജുവും കാർത്തിക്കും അപരാജിതമായ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 114 റൺസ് ചേർത്തപ്പോൾ അതിൽ 41 റൺസ് മാത്രമായിരുന്നു കാർത്തിക്കിന്‍റെ സംഭാവന. 31 പന്തിൽ നാല് ഫോറും രണ്ടു സിക്സും സഹിതമാണ് സഞ്ജുവിന് ഈ ഇരുപതുകാരൻ ഉറച്ച പിന്തുണ നൽകിയത്. 52 പന്തിൽ ഏഴ് ഫോറും ആറ് സിക്സും സഹിതമാണ് സഞ്ജു 87 റൺസെടുത്തത്.