
ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരേ ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റന്‍ എം.എസ്. ധോണിയുടെ ബാറ്റിങ്.
ചെന്നൈ: തുടർച്ചയായ അഞ്ച് തോൽവികളുടെ പടുകുഴിയിൽ വീണ്, ഐപിഎൽ പോയിന്‍സ്റ് പട്ടികയുടെ താഴേയറ്റത്തെത്തിയ ചെന്നൈ സൂപ്പർ കിങ്സിനെ പെട്ടെന്നു കരകയറ്റാൻ എം.എസ്. ധോണിയുടെ കൈയിൽ മാന്ത്രികവടിയൊന്നുമില്ല എന്നാണ് കോച്ച് സ്റ്റീഫൻ ഫ്ളെമിങ് കഴിഞ്ഞ ദിവസം പറഞ്ഞത്. പക്ഷേ, അങ്ങനെ എന്തോ ഒന്ന് തന്‍റെ കൈയിലുണ്ടെന്ന് ഒരിക്കൽക്കൂടി തെളിയിച്ചുകൊണ്ട് ക്യാപ്റ്റൻ ധോണി തന്‍റെ ടീമിനെ സീസണിലെ രണ്ടാം വിജയത്തിലേക്കു നയിച്ചു.
ടോസ് നേടിയ ധോണി ലഖ്നൗ സൂപ്പർ ജയന്‍റ്സിനെ ബാറ്റിങ്ങിനു ക്ഷണിച്ചു. സീസണിലെ ഏറ്റവും വിസ്ഫോടനാത്മകമായ ടീമിനെ, ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയ ടീമിനെ, സിക്സറുകളുടെ പെരുമഴ പെയ്യിക്കുന്ന ടീമിനെ, 20 ഓവറിൽ 166/7 എന്ന നിലയിൽ ഒതുക്കി നിർത്തി ധോണിയുടെ ബൗളർമാർ; സീസണിൽ ലഖ്നൗവിന്‍റെ ഏറ്റവും ചെറിയ സ്കോർ!
തുടർന്നങ്ങോട്ടും കാര്യങ്ങൾ എളുപ്പമായിരുന്നില്ല. സീസണിൽ അപൂർവമായൊരു മികച്ച തുടക്കത്തിനു ശേഷം ബാറ്റിങ് തകർച്ച നേരിട്ട ടീമിനെ 11 പന്തിൽ പുറത്താകാതെ നേടിയ 26 റൺസുമായി ധോണി വിജയതീരത്തെത്തിച്ചു. നേരത്തെ ഒരു സ്റ്റമ്പിങ്ങും നോൺ സ്ട്രൈക്കിങ് എൻഡിലേക്കൊരു ഡയറക്റ്റ് ഹിറ്റ് റണ്ണൗട്ടും ഒരു ക്യാച്ചും കൂടി നേടിയിരുന്ന ധോണി തന്നെ പ്ലെയർ ഒഫ് ദ മാച്ച്. 2019നു ശേഷം ആദ്യമായാണ് ധോണി ഒരു ഐപിഎൽ മത്സരത്തിൽ പ്ലെയർ ഒഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെടുന്നത്.
നേരത്തെ, ഖലീൽ അഹമ്മദിന്‍റെയും അൻഷുൽ കാംബോജിന്‍റെയും ഓപ്പണിങ് സ്പെല്ലിനു മുന്നിൽ പതറിയ ലഖ്നൗവിന് 23 റൺസെടുക്കുന്നതിനിടെ എയ്ഡൻ മാർക്രമിനെയും (6) ഓറഞ്ച് ക്യാപ്പിനുടമയായ നിക്കൊളാസ് പുരാനെയും (8) നഷ്ടമായിക്കഴിഞ്ഞിരുന്നു. ഇതോടെ മിച്ചൽ മാർഷിന്‍റെ ബാറ്റിങ്ങിൽ പതിവുള്ള ഒഴുക്ക് നഷ്ടമായി. 25 പന്തിൽ 30 റൺസെടുത്ത് പുറത്താകുകയും ചെയ്തു.
മധ്യ ഓവറുകളിൽ രവീന്ദ്ര ജഡേജയും പർപ്പിൾ ക്യാപ്പ് ഉടമ നൂർ അഹമ്മദും ചേർന്ന് ലഖ്നൗവിനെ വരിഞ്ഞു മുറുക്കി. വിക്കറ്റൊന്നും കിട്ടിയില്ലെങ്കിലും, നാലോവറിൽ 13 റൺസ് മാത്രമാണ് നൂർ വഴങ്ങിയത്. ജഡേജ 24 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടി. ആയുഷ് ബദോനിക്കും (17 പന്തിൽ 22) കാര്യമായൊന്നും ചെയ്യാനാവാതെ വന്നപ്പോൾ ക്യാപ്റ്റൻ ഋഷഭ് പന്തിന് പ്രതിരോധത്തിന്‍റെ വഴി മാത്രമായിരുന്നു മുന്നിൽ.
അസാധാരണ ക്ഷമയോടെ പിടിച്ചുനിന്ന പന്ത്, ലഖ്നൗ ജെഴ്സിയിൽ ആദ്യ അർധ സെഞ്ചുറി കണ്ടെത്താൻ 42 പന്ത് ചെലവാക്കി. ആകെ 49 പന്ത് നേരിട്ട് നാല് ഫോറും നാലു സിക്സും നേടിയ പന്ത് 63 റൺസെടുത്താണ് പുറത്തായത്. അതിർത്തി കടത്തിയ എട്ട് പന്തിൽ ഏഴും പേസ് ബൗളർമാരുടേതായിരുന്നു. 11 പന്തിൽ 20 റൺസെടുത്ത അബ്ദുൾ സമദും അവസാന ഓവറുകളിൽ റൺ നിരക്ക് ഉയർത്താൻ സഹായിച്ചു. ധോണിയുടെ അണ്ടർ ആം ത്രോയിൽ സമദ് റണ്ണൗട്ടായത് നിർണായകമാകുകയും ചെയ്തും.
മറുപടി ബാറ്റിങ്ങിൽ ഡെവൺ കോൺവെയുടെ സ്ഥാനത്ത് ചെന്നൈ ഇന്നിങ്സ് ഓപ്പൺ ചെയ്യാനിറങ്ങിയത് ഇരുപതുകാരൻ ഷെയ്ക്ക് റഷീദ്. അണ്ടർ-19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്‍റെ വൈസ് ക്യാപ്റ്റനായിരുന്ന റഷീദ് രണ്ടാമത്തെ ഓവറിൽ ആകാശ് ദീപിനെ മൂന്ന് വട്ടം ബൗണ്ടറി കടത്തിക്കൊണ്ട് വരവറിയിച്ചു. മറുവശത്ത് രചിൻ രവീന്ദ്രയും ഫോമിലെത്തിയപ്പോൾ നാലോവറിൽ ചെന്നൈ സ്കോർ 50 കടന്നു.
എന്നാൽ, അഞ്ചാം ഓവറിൽ റഷീദും (19 പന്തിൽ 27) എട്ടാം ഓവറിൽ രവീന്ദ്രയും (22 പന്തിൽ 37) പുറത്തായി. പിന്നാലെ രാഹുൽ ത്രിപാഠിയും (9) രവീന്ദ്ര ജഡേജയും (7) വിജയ് ശങ്കറും (9) പോയി. ഇതോടെ ചെന്നൈ 15 ഓവറിൽ 111/5 എന്ന നിലയിൽ. എന്നാൽ, അവിടെവച്ച് ശിവം ദുബെക്കൊപ്പം ചേർന്ന ധോണി തന്‍റെ പ്രതാപകാലത്തെ ഓർമിപ്പിക്കും വിധമുള്ള ബാറ്റിങ് പുറത്തെടുത്തു.
ദിഗ്വേഷ് രഥി - രവി ബിഷ്ണോയ് - എയ്ഡൻ മാർക്രം സ്പിൻ ത്രയം ആക്രമണത്തിൽ നിന്ന് പിൻവലിക്കപ്പെട്ടതോടെ റൺ നിരക്ക് ഉയർന്നു. രഥി 23 റൺസിനും ബിഷ്ണോയ് 18 റൺസിനും മാർക്രം 25 റൺസിനും ഓരോ വിക്കറ്റും നേടിയിരുന്നു. ബിഷ്ണോയിയുടെ ഒരോവർ ശേഷിക്കെ ശാർദൂൽ ഠാക്കൂറും ആവേശ് ഖാനും പന്തെറിയാൻ വന്നത് ചെന്നൈക്ക് ഗുണം ചെയ്തു. ഠാക്കൂർ എറിഞ്ഞ പത്തൊമ്പതാം ഓവറിൽ 19 റൺസും പിറന്നു.
ദുബെ 37 പന്തിൽ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 41 റൺസെടുത്ത് പുറത്താകാതെ നിന്നു. 11 പന്തിൽ നാല് ഫോറും ഒരു വൺ ഹാൻഡഡ് സിക്സും ഉൾപ്പെട്ടതായിരുന്നു ധോണിയുടെ ഇന്നിങ്സ്.