

ഡോണോവൻ ഫെരേര
നിർണായക സമയത്ത് സമ്മർദ ഘട്ടങ്ങളെ അതിജീവിച്ച് മുന്നേറാൻ കെൽപ്പുള്ളവരാണ് ക്രിക്കറ്റിൽ വിജയം കൊയ്തിട്ടുള്ളവരിൽ ഏറെയും. കഴിഞ്ഞ ദിവസം ഐപിഎല്ലിൽ പഞ്ചാബ് കിങ്സിന്‍റെ ഈ സീസണിലെ അപരാജയത്തിന്‍റെ റെക്കോഡ് രാജസ്ഥാൻ റോയൽസ് തിരുത്തി എഴുതിയപ്പോൾ ഏറെ ചർച്ചയായത് 27 കാരൻ ഡോണോവൻ ഫെരേരയുടെ ബാറ്റിങ് വിസ്മയമാണ്.
26 പന്തുകൾ നേരിട്ട താരം പുറത്താവാതെ അടിച്ചെടുത്തത് 52 റൺസ്. 12ാം ഓവറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ 223 റൺസ് വിജയലക്ഷ‍്യം മറികടക്കുക എന്നത് മാത്രമായിരുന്നു അയാളുടെ ലക്ഷ‍്യം. മത്സരം പഞ്ചാബിന് അനുകൂലമായിരുന്നുവെങ്കിലും സ്വന്തം കഴിവിലും ആത്മവിശ്വാസവും വീണ്ടെടുത്ത് ഫെരേര മുന്നേറി. പിന്തുണയ്ക്കാൻ മറുവശത്ത് ശുഭം ദുബെയും എത്തിയതോടെ രാജസ്ഥാന് വിജയ പ്രതീക്ഷകളേറി.
ശുഭം ദുബെയ്ക്കൊപ്പം ചേർത്ത കൂട്ടുകെട്ടിൽ 77 റൺസാണ് ഫെരേര അടിച്ചെടുത്തത്. വൈഭവ് സൂര‍്യവംശി 16 പന്തിൽ 43 റൺസും യശസ്വി ജയ്സ്വാൾ 27 പന്തിൽ 51 റൺസും നേടിയതിനാൽ മികച്ച തുടക്കമാണ് രാജസ്ഥാന് ലഭിച്ചത്. ഇതോടെ അവസാന 8 ഓവർ ശേഷിക്കെ ഓരോ ഓവറിൽ നിന്നും 12 റൺസ് മാത്രമാണ് രാജസ്ഥാന് വിജയിക്കാൻ വേണ്ടിയിരുന്നത്.
എന്നാൽ മാർക്കോ യാൻസനും ലോക്കി ഫെർഗൂസനും യുസ്‌വേന്ദ്ര ചഹലും അടങ്ങുന്ന ബൗളിങ് നിരയ്ക്കെതിരേ റൺസ് നേടുകയെന്നത് ദുഷ്കരമായിരുന്നു. പക്ഷേ 18ാം ഓവറിൽ അർഷ്ദീപ് സിങ് 17 റൺസും 19ാം ഓവറിൽ ലോക്കി ഫെർഗൂസൻ 16 റൺസും വഴങ്ങിയതോടെ അടുത്ത ഓവറിൽ മാർക്കോ യാൻസൻ എറിഞ്ഞ പന്ത് മിഡ് ഓണിലേക്ക് സിക്സർ പറത്തി 4 പന്ത് ബാക്കി നിൽക്കെ ഫെരേര മത്സരം ഫിനിഷ് ചെയ്തു. ഇതോടെ രാജസ്ഥാൻ ഐപിഎല്ലിലെ പോയിന്‍റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പ്രവേശിച്ചു.