നാടകാന്തം സൺറൈസേഴ്സ്

രാജസ്ഥാൻ റോയൽസ്: 20 ഓവറിൽ 214/2; സൺറൈസേഴ്സ് ഹൈദരാബാദ്: 20 ഓവറിൽ 217/6
നാടകാന്തം സൺറൈസേഴ്സ്

ജയ്‌പുർ: ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരേ സൺറൈസേഴ്സ് ഹൈദരാബാദിന് നാടകീയ വിജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തിൽ 214 റൺസെടുത്തു. ഹൈദരാബാദ് 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം നേടി.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ വേണ്ടി യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും ചേർന്ന് ആറോവറിൽ 54 റൺസിലെത്തിച്ചു. 18 പന്തിൽ 35 റൺസെടുത്ത ജയ്‌സ്വാൾ പുറത്തായ ശേഷമാണ് മത്സരത്തിലെ ഏറ്റവും വലിയ പാർട്‌ണർഷിപ്പ് ഉണ്ടാകുന്നത്. ബട്‌ലർക്കൊപ്പം ചേർന്ന ക്യാപ്റ്റൻ സഞ്ജു സാംസൺ സ്കോർ 192 റൺസ് വരെയെത്തിച്ചു. ബട്‌ലർ 59 പന്തിൽ 10 ഫോറും നാലു സിക്സും സഹിതം 95 റൺസെടുത്ത് പുറത്തായി. സഞ്ജു 38 പന്തിൽ 66 റൺസുമായി പുറത്താകാതെ നിന്നു. നാലു ഫോറും അഞ്ച് സിക്സുമാണ് നേടിയത്.

മറുപടി ബാറ്റിങ്ങിൽ ഹൈദരാബാദിനും മികച്ച തുടക്കം തന്നെ കിട്ടി. ഫസ്റ്റ് ഇലവനിൽ പുതിയതായെത്തിയ അൻമോൽ പ്രീത് സിങ്, അഭിഷേക് ശർമയ്ക്കൊപ്പം 5.5 ഓവറിൽ 51 റൺസ് ചേർത്തു. 25 പന്തിൽ 35 റൺസെടുത്ത അൽമോൽപ്രീത് പുറത്തായ ശേഷം രാഹുൽ ത്രിപാഠി അഭിഷേകിനൊപ്പം ഉറച്ചു നിന്നു. എന്നാൽ, 34 പന്തിൽ 55 റൺസെടുത്ത അഭിഷേകും പുറത്തായതോടെ റൺ നിരക്ക് കുറഞ്ഞു തുടങ്ങി. പിന്നീട് ഹെൻറിച്ച് ക്ലാസൻ തുടക്കമിട്ട വെടിക്കെട്ടാണ് ടീമിനെ മത്സരത്തിലേക്കു തിരിച്ചു കൊണ്ടുവന്നത്. 12 പന്തിൽ 26 റൺസെടുത്ത് ക്ലാസൻ പുറത്തായെങ്കിലും, ഏഴു പന്തിൽ 25 റൺസെടുത്ത ഗ്ലെൻ ഫിലിപ്സ് അവരെ ജയത്തിനടുത്തെത്തിച്ചു. ഫിലിപ്സും പുറത്തായെങ്കിലും ഏഴു പന്തിൽ 17 റൺസെടുത്ത അബ്ദുൾ സമദ് ടീമിന്‍റെ ജയം ഉറപ്പാക്കുകയായിരുന്നു.

അക്ഷരാർഥത്തിൽ ജയിച്ചെന്നുറപ്പിച്ച മത്സരമാണ് രാജസ്ഥാൻ കൈവിട്ടത്. സന്ദീപ് ശർമ എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തിൽ ജയിക്കാൻ അഞ്ച് റൺസാണ് സൺറൈസേഴ്സിനു വേണ്ടിയിരുന്നത്. ഇത് ഡോട്ട് ബോളായതോടെ രാജസ്ഥാൻ ആഘോഷം തുടങ്ങിയെങ്കിലും അപ്പോഴേക്കും നോബോൾ സൈറൺ മുഴങ്ങി.

സന്ദീപ് വീണ്ടും ആറാം പന്തെറിഞ്ഞപ്പോൾ കളി മാറി. സ്ട്രെയ്റ്റ് സിക്സിനു തൂക്കിയ സമദ് ടീമിനെ അവിശ്വസനീയ വിജയത്തിലേക്കു നയിക്കുകയും ചെയ്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com