ജോസേട്ടൻ പൊരിച്ചു; ഡൽഹി കീഴടക്കി ഗുജറാത്ത്

നാലോവറിൽ 41 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് ഡൽഹി ക്യാപ്പിറ്റൽസിനു കൂറ്റൻ സ്കോർ നിഷേധിച്ചത്. പുറത്താകാതെ 97 റൺസെടുത്ത ജോസ് ബട്ലർ ഗുജറാത്ത് ജയന്‍റ്സിനെ അനായാസ ജയത്തിലെത്തിച്ചു
Gujarat Giants' star Jos Buttler plays a shot against Delhi Capitals in IPL 2025

ഡൽഹി ക്യാപ്പിറ്റൽസിനെതിരേ ഗുജറാത്ത് ജയന്‍റ്സിന്‍റെ ജോസ് ബട്ലറുടെ ബാറ്റിങ്

Updated on

അഹമ്മദാബാദ്: നരേന്ദ്ര മോദി സ്റ്റേഡിയത്തിലെ വിക്കറ്റിൽ അത്ര ചെറിയ വിജയ ലക്ഷ്യമൊന്നുമായിരുന്നില്ല 204 റൺസ്. പക്ഷേ, ഗുജറാത്ത് ജയന്‍റ്സിനു വേണ്ടി ജോസ് ബട്ലർ ക്രീസിലുള്ളപ്പോൾ ഡൽഹി ക്യാപ്പിറ്റൽസിന് ഒരിക്കലും വിജയ പ്രതീക്ഷ പോലും വച്ചുപുലർത്താനായതുമില്ല!

ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ ഡൽഹി ക്യാപ്പിറ്റൽസ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 203 റൺസെടുത്തു. ഗുജറാത്ത് ജയന്‍റ്സ് 19.2 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം നേടുകയും ചെയ്തു.

54 പന്തിൽ 11 ഫോറും നാല് സിക്സും സഹിതം 97 റൺസെടുത്ത ബട്ലർ പുറത്താകാതെ നിന്നു. ഏഴ് മത്സരങ്ങളിൽ ഡൽഹിയുടെ രണ്ടാമത്തെ മാത്രം പരാജയമാണിത്. ഗുജറാത്തിന് ഏഴാം മത്സരത്തിൽ അഞ്ചാം വിജയവും. അവസാന ഓവറിൽ 10 റൺസ് പ്രതിരോധിക്കാൻ മിച്ചൽ സ്റ്റാർക്ക് വന്നെങ്കിലും, രാഹുൽ തെവാത്തിയ രണ്ടേരണ്ടു പന്തിൽ കളി തീരുമാനമാക്കുകയായിരുന്നു.

9 പന്തിൽ 18 റൺസുമായി അഭിഷേക് പോറൽ മോശമല്ലാത്ത തുടക്കം ഡൽഹിക്കു നൽകി. എന്നാൽ, രണ്ടാം ഓവറിൽ അഭിഷേകിനെ അർഷദ് ഖാൻ പുറത്താക്കുമ്പോൾ സ്കോർ ബോർഡിൽ 23 റൺസ് മാത്രം. ഫോമൗട്ടായ ജേക്ക് ഫ്രേസർ മക്ക്ഗുർക്കിനു പകരം കരുൺ നായരെയാണ് ഡൽഹി ഓപ്പണിങ്ങിന് ഇറക്കിയത്.

ബാറ്റിങ് ഓർഡറിൽ വീണ്ടും സ്ഥാനം മാറിയ കെ.എൽ. രാഹുൽ മൂന്നാം നമ്പറിലുമെത്തിയപ്പോൾ സ്കോർ കുതിച്ചു. 14 പന്തിൽ 28 റൺസെടുത്ത രാഹുലിനെ പ്രസിദ്ധ് കൃഷ്ണ പറഞ്ഞയച്ച ശേഷം അക്ഷർ പട്ടേലുമൊത്ത് കരുണിന്‍റെ പോരാട്ടം. ഒമ്പതാം ഓവറിൽ ടീം സ്കോർ 90 കടന്ന ശേഷമാണ് കരുൺ പുറത്താകുന്നത്. നേടിയത് 18 പന്തിൽ രണ്ട് ഫോറും രണ്ടു സിക്സും സഹിതം 31 റൺസ്.

അവിടെനിന്ന് അക്ഷറും (32 പന്തിൽ 39) ട്രിസ്റ്റൻ സ്റ്റബ്സും (21 പന്തിൽ 31) ചേർന്ന 53 റൺസ് കൂട്ടുകെട്ട്. ഹ്രസ്വമായ ഇടവേളകളിൽ വിക്കറ്റുകൾ നേടാൻ ഗുജറാത്ത് ബൗളർമാർക്കു സാധിക്കുന്നുണ്ടായിരുന്നു. എന്നാൽ, ഡൽഹി ബാറ്റർമാരും ആരും അർധ സെഞ്ചുറി പോലും നേടിയില്ലെങ്കിലും, ആദ്യ ആറു പേരും മോശമല്ലാത്ത സംഭാവനകൾ നൽകി.

അവസാന ഓവറുകളിൽ റൺ റേറ്റ് ഉയർത്തുന്നതിൽ അശുതോഷ് ശർമയുടെ ഫിനിഷിങ് മികവ് ഡൽഹിയെ തുണച്ചു. 19 പന്തിൽ രണ്ട് ഫോറും മൂന്നു സിക്സും സഹിതം 37 റൺസാണ് അശുതോഷ് നേടിയത്.

Gujarat Giants fast bolwer Prasidh Kirshna's 4 wicket haul stopped Delhi Capitals from going into a mammoth total

നാലോവറിൽ 41 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് ഡൽഹിയെ കൂറ്റൻ സ്കോറിലേക്കു പോകുന്നതിൽനിന്നു തടഞ്ഞത്

നാലോവറിൽ 41 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് ഡൽഹിയെ കൂറ്റൻ സ്കോറിലേക്കു പോകുന്നതിൽനിന്നു തടഞ്ഞത്. 14 വിക്കറ്റുമായി പ്രസിദ്ധ് കൃഷ്ണയാണ് ഇപ്പോൾ സീസണിലെ വിക്കറ്റ് വേട്ടക്കാരിൽ മുന്നിൽ. 12 വിക്കറ്റുള്ള ചെന്നൈ സൂപ്പർ കിങ്സിന്‍റെ അഫ്ഗാനിസ്ഥാൻ സ്പിന്നർ നൂർ അഹമ്മദിൽനിന്ന് ഈ മത്സരത്തോടെ പ്രസിദ്ധ് പർപ്പിൾ ക്യാപ്പ് പിടിച്ചെടുത്തു.

മുഹമ്മദ് സിറാജ്, അർഷദ് ഖാൻ, ഇശാന്ത് ശർമ, സായ് കിഷോർ എന്നിവർ ഓരോ വിക്കറ്റ് നേടി. മൂന്നോവറിൽ 19 റൺസ് മാത്രം വിട്ടുകൊടുത്ത ഇശാന്ത് മാത്രമാണ് കാര്യമായി അടി വാങ്ങാതിരുന്നത്.

മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിന് രണ്ടാം ഓവറിൽ തന്നെ ക്യാപ്റ്റൻ ഗില്ലിനെ (7) റണ്ണൗട്ടിനെ രൂപത്തിൽ നഷ്ടമായി. അവിടെവച്ച് സായ് സുദർശനൊപ്പം (36) ചേർന്ന ബട്ലർ അനായാസം സ്കോർ ബോർഡ് ചലിപ്പിച്ചു.

കുൽദീപ് യാദവിന്‍റെ പന്തിൽ സുദർശൻ പുറത്തായെങ്കിലും, പകരം വന്ന ഷെർഫെയ്ൻ റുഥർഫോർഡ് ഒരു വശത്ത് ബട്ലർക്ക് ഉറച്ച പിന്തുണ നൽകി. 34 പന്തിൽ 43 റൺസെടുത്ത റുഥർഫോർഡ് പുറത്താകുമ്പോൾ ജയിക്കാൻ ഏഴു പന്തിൽ 11 റൺസാണ് വേണ്ടിയിരുന്നത്.

അവസാന ഓവറിൽ 10 റൺസ് പ്രതിരോധിക്കാൻ മിച്ചൽ സ്റ്റാർക്ക് എത്തിയെങ്കിലും, രാജസ്ഥാനെതിരായ പ്രകടനം ആവർത്തിക്കാനായില്ല. ആദ്യ പന്തിൽ തന്നെ രാഹുൽ തേവാത്തിയ സിക്സർ പറത്തി. അടുത്ത പന്തിൽ ഫോറും പോയതോടെ, ബട്ലറുടെ സെഞ്ചുറിക്ക് മൂന്ന് റൺസ് അകലെ കളി കഴിഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com