ലോ സ്കോറിങ് ത്രില്ലറിൽ പഞ്ചാബിനെ വീഴ്ത്തി ഗുജറാത്ത്

ഞായറാഴ്ചത്തെ രണ്ട് ഐപിഎൽ മത്സരങ്ങളിലും കണ്ടത് ബൗളർമാരുടെ ആധിപത്യം. രണ്ടാമത്തെ ലോ സ്കോറിങ് മത്സരത്തിൽ പഞ്ചാബ് കിങ്സിനെ ഗുജറാത്ത് കീഴടക്കിയത് ഒരു പന്ത് മാത്രം ശേഷിക്കെ.
GT vs PBKS IPL 2026

പഞ്ചാബ് കിങ്സിനെതിരേ ഗുജറാത്ത് ടൈറ്റൻസ് ബാറ്റർ വാഷിങ്ടൺ സുന്ദറിന്‍റെ ഷോട്ട്.

Updated on

അഹമ്മദാബാദ്: ഐപിഎല്ലിന്‍റെ രണ്ടാം പകുതിയിൽ ബൗളർമാർ നിയന്ത്രണം വീണ്ടെടുക്കുന്ന കാഴ്ച. ഞായറാഴ്ചത്തെ രണ്ട് മത്സരങ്ങളും ലോ സ്കോറിങ്. രണ്ടാമത്തെ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ ഗുജറാത്ത് കീഴടക്കിയത് ഒരു പന്ത് മാത്രം ശേഷിക്കെ. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിന് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 163 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. മറുപടി ബാറ്റിങ്ങിൽ, അവസാന ഓവറിലെ അഞ്ചാം പന്ത് സിക്സർ പറത്തി വാഷിങ്ടൺ സുന്ദർ ഗുജറാത്തിന്‍റെ ജയം ഉറപ്പിക്കുമ്പോൾ അവർക്ക് ആറ് വിക്കറ്റ് നഷ്ടമായിരുന്നു.

പഞ്ചാബിന്‍റെ വെടിക്കെട്ട് ബാറ്റർമാർ അപ്പാടെ മുട്ടുകുത്തിയ മത്സരത്തിൽ, പുതുമുറക്കാരൻ സൂര്യാംശ് ഷെഡ്ഗെ നേടിയ കന്നി ഐപിഎൽ അർധ സെഞ്ചുറിയും മാർക്കസ് സ്റ്റോയ്നിസിന്‍റെ കാമിയോയുമാണ് അവരെ പൊരുതാവുന്ന സ്കോറിലെങ്കിലും എത്തിച്ചത്. പ്രിയാംശ് ആര്യ (2), പ്രഭ്സിമ്രൻ സിങ് (15), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (19) എന്നിവർ നിരാശപ്പെടുത്തി. 29 പന്ത് നേരിട്ട സൂര്യാംശ് ഷെഡ്ഗെ മൂന്നു ഫോറും അഞ്ച് സിക്സും സഹിതം 57 റൺസെടുത്തു. സ്റ്റോയ്നിസ് 31 പന്തിൽ 40 റൺസും മാർക്കോ യാൻസൻ 11 പന്തിൽ 20 റൺസും നേടി.

ഗുജറാത്തിനു വേണ്ടി ജേസൺ ഹോൾഡർ 24 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ, മുഹമ്മദ് സിറാജും കാഗിസോ റബാദയും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിൽ ഗുജറാത്തിനു ക്യാപ്റ്റന്‍ ശുഭ്മൻ ഗില്ലിനെ (5) പെട്ടെന്നു തന്നെ നഷ്ടമായി. തുടർന്ന് സായ് സുദർശനും (41 പന്തിൽ 57) ജോസ് ബട്ലറും (22 പന്തിൽ 26) ചേർന്ന് സ്കോർ 69 വരെയെത്തിച്ചെങ്കിലും സുരക്ഷിതമായ റൺ റേറ്റ് നിലനിർത്താൻ സാധിച്ചില്ല.

നിഷാന്ത് സിന്ധുവും (15) രാഹുൽ തേവാത്തിയയും (2) ജേസൺ ഹോൾഡറും (5) കൂടി വീണതോടെ പഞ്ചാബ് ജയം മണത്തു. പക്ഷേ, ഒരറ്റത്ത് ഉറച്ചു നിന്ന വാഷിങ്ടൺ സുന്ദറിന്‍റെ ബാറ്റിങ്ങിനു മുന്നിൽ പഞ്ചാബ് ബൗളർമാർക്ക് മറുപടി ഉണ്ടായിരുന്നില്ല. 23 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 40 റൺസെടുത്ത സുന്ദർ പുറത്താകാതെ നിന്നു. ജയിക്കാൻ രണ്ട് പന്തിൽ മൂന്ന് റൺസ് വേണ്ടപ്പോൾ സ്റ്റോയ്നിസിനെ സിക്സർ പറത്തിയാണ് സുന്ദർ ടീമിന്‍റെ ജയം ഉറപ്പാക്കിയത്. പഞ്ചാബിനു വേണ്ടി അർഷ്ദീപ് സിങ്ങും വൈശാഖ് വിജയകുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

logo
Metro Vaartha
www.metrovaartha.com