
മുംബൈ: ഇന്ത്യ-ഓസ്ട്രേലിയ ടെസ്റ്റ് പരമ്പരയ്ക്ക് വിരാമമായി. 2-1നു പരമ്പര സ്വന്തമാക്കിയ ടീം ഇന്ത്യ ജൂണില്‍ ലണ്ടന്‍ ഓവലില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനും യോഗ്യത നേടി. ഇനി ഇരുടീമിനും ഏകദിന പരമ്പരയിലാണ് ശ്രദ്ധ. ഏകദിന ലോകകപ്പ് നടക്കുന്നത് ഇന്ത്യയിലായതുകൊണ്ടുതന്നെ ലോകകപ്പിന്റെ മുന്നൊരുക്കമായി ഈ പരമ്പരയെ വിശേഷിപ്പിക്കാം.
അതുകൊണ്ട് തന്നെ ഏകദിന പരമ്പരയെ വലിയ പ്രാധാന്യത്തോടെയാണ് ഇന്ത്യയും ഓസ്ട്രേലിയയും കാണുന്നത്. ആതിഥേയരെന്ന നിലയില്‍ ഇന്ത്യക്ക് പരമ്പര നേടേണ്ടത് അഭിമാന പ്രശ്നമാണെങ്കില്‍ ഓസീസിന് ലോകകപ്പിന് മുമ്പ് കരുത്ത് തെളിയിക്കാനുള്ള അവസരമാണ് മുന്നിലുള്ളത്. വെള്ളിയാഴ്ച മുംബൈയിലാണ് ആദ്യ മത്സരം. പരമ്പരയില്‍ മൂന്നു മത്സരങ്ങളാണുള്ളത്. രണ്ടാം ഏകദിനം 19 വിശാഖപട്ടണത്ത് നടക്കും. അവസാന ഏകദിനം 22ന് ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടക്കും. എല്ലാ മത്സരങ്ങളും ഉച്ചയ്ക്ക് രണ്ടിനാണ് ആരംഭിക്കുക. ടെസ്റ്റിലെപ്പോലെ സ്പിന്നര്‍മാരുടെ പിന്‍ബലത്തില്‍ ജയിക്കാന്‍ ഇന്ത്യക്കാവില്ല.
അതുകൊണ്ട് തന്നെ ശക്തമായ പ്ലേയിങ് 11നെ ഇന്ത്യക്ക് കളത്തിലിറക്കേണ്ടതായുണ്ട്. മുന്നൊരുക്കങ്ങള്‍ക്കായി രോഹിത് ശര്‍മയും സംഘവും മുംബൈയിലെത്തിക്കഴിഞ്ഞു.വ്യകക്തിപരമായ കാരണങ്ങളാല്‍ ആദ്യമത്സരത്തില്‍ രോഹിത് ശര്‍മ ഉണ്ടാവില്ല. പകരം ഹാര്‍ദിക് പാണ്ഡ്യയാകും ഇന്ത്യയെ നയിക്കുക. മികച്ച താരനിര ഇന്ത്യക്കുണ്ടെങ്കിലും പരുക്ക് തലവേദനയാവുന്നുണ്ട്. ശ്രേയസ് അയ്യര്‍ ഏകദിന പരമ്പരയ്ക്കുക്കുണ്ടാവില്ല. പകരക്കാരനെ ബിസിസിിഐ പ്രഖ്യാപിച്ചിട്ടുമില്ല.
ഇന്ത്യയുടെ പ്ലേയിങ് 11 തിരഞ്ഞെടുപ്പ് രോഹിത് ശര്‍മയ്ക്കും രാഹുല്‍ ദ്രാവിഡിനും വലിയ തലവേദനയായിരിക്കുമെന്നുറപ്പ്. വിക്കറ്റ് കീപ്പറായി പരിഗണിക്കുന്നത് കെ എല്‍ രാഹുലിനെയാണെങ്കിലും താരത്തിന്റെ സമീപകാല പ്രകടനങ്ങള്‍ മോശമാണ്. രാഹുലിന് ആത്മവിശ്വാസത്തോടെ കളിക്കാനാവുന്നില്ല. ടെസ്റ്റ് പരമ്പരയില്‍ രാഹുലിനെ മോശം ഫോമിനെത്തുടര്‍ന്ന് ഇന്ത്യ പ്ലേയിങ് 11ല്‍ നിന്ന് തഴഞ്ഞ് പകരം ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കിയിരുന്നു. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇന്ത്യക്ക് വിക്കറ്റ് കീപ്പര്‍ വേണം. എന്നാല്‍ മോശം ഫോമിലുള്ള രാഹുല്‍ വേണോ അതോ ഇഷാന് കിഷന് വേണോയെന്നതാണ് ചോദ്യം.
ഇടം കൈയന്‍ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണ് ഇഷാന് കിഷന്. ഇഷാന്റെ പ്രശ്നവും ബാറ്റിങ്ങിലെ മോശം ഫോമാണ്. ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ചുറി നേടിയ ശേഷം മികച്ചൊരു ഇന്നിങ്സ് കാഴ്ചവയ്ക്കാന്‍ ഇഷാനായിട്ടില്ല. എന്നാല്‍, രാഹുലിനെ മാറ്റിനിര്‍ത്തി ഇഷാന് അവസരം നല്‍കണമെന്ന പൊതു വികാരമാണ് ടീമിലുള്ളത്. പരുക്കിന്റെ ഇടവേളക്ക് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ രവീന്ദ്ര ജഡേജയ്ക്ക് പ്ലേയിങ് ഇലവനില്‍ സ്ഥാനം ഉറപ്പ്. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ജഡേജ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. മാച്ച് വിന്നറായ ജഡേജക്കൊപ്പം ഇന്ത്യ ഒരു സ്പിന്‍ ഓള്‍റൗണ്ടറെക്കൂടി പ്ലേയിങ് 11ലേക്ക് പരിഗണിച്ചേക്കും. അത് അക്സര്‍ പട്ടേല്‍ വേണോ അതോ വാഷിങ്ടണ്‍ സുന്ദര്‍ വേണമോയെന്നതാണ് പ്രധാന ചോദ്യം. വാഷിങ്ടണ്‍ സുന്ദര്‍ അവസാന പരമ്പരകളിലെല്ലാം ബാറ്റുകൊണ്ടും മികവ് കാട്ടിയിരുന്നു. അക്സര്‍ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ മൂന്ന് ഫിഫ്റ്റിയടക്കം നേടിയാണ് മികവ് കാട്ടിയത്. അതുകൊണ്ട് ഇവരില്‍ ആര്‍ക്ക് അവസരം നല്‍കുമെന്നത് കുഴപ്പിക്കുന്ന ചോദ്യമാകും.
ഹര്‍ദിക് പാണ്ഡ്യ പേസ് ഓള്‍റൗണ്ടറായി പ്ലേയിങ് ഇലവനിലുണ്ടാവുമെന്നുറപ്പ്. അതുകൊണ്ട് തന്നെ ഇന്ത്യ രണ്ട് സ്പെഷ്യലിസ്റ്റ് പേസര്‍മാരെയും ഒരു സ്പിന്നറെയും പരിഗണിക്കാനാണ് സാധ്യത. അത് മുഹമ്മദ് ഷമിയോ മുഹമ്മദ് സിറാജോ ആയിരിക്കും. അതുകൊണ്ടുതന്നെ വേഗക്കാരന് ഉമ്രാന് മാലിക്കിനെ ഇന്ത്യ ഓസ്ട്രേലിയക്കെതിരേ പരിഗണിക്കില്ല. സ്പെഷ്യലിസ്റ്റ് സ്പിന്നറായ കുല്‍ദീപ് യാദവ്, യുസ് വേന്ദ്ര ചഹാല്‍ എന്നിവരില്‍ ഒരാള്‍ക്ക് സ്ഥാനം ലഭിക്കും.
ടീമുകൾ
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മര്‍നസ് ലബുഷെയ്ന്, സ്റ്റീവന്‍ സ്മിത്ത് (ക്യാപ്റ്റന്‍), ഗ്ലെന്‍ മാക്സ്വെല്, മിച്ചല്‍ മാര്‍ഷ്, അലക്സ് ക്യാരി (വിക്കറ്റ് കീപ്പര്‍), ജോഷ് ഇന്‍ഗ്ലിസ് (വിക്കറ്റ് കീപ്പര്‍), മാര്‍കസ് സ്റ്റോയിനിസ്, മിച്ചല്‍ സ്റ്റാര്‍ക്ക്, നഥാന്‍ എല്ലിസ്, ആഡം സാംപ, കാമറൂണ്‍ ഗ്രീന്‍, അഷ്ടണ്‍ അഗര്‍, സീന്‍ അബോട്ട്.
ഇന്ത്യ: രോഹിത് ശര്‍മ, ഗില്‍, കോലി, സൂര്യകുമാര്‍ യാദവ്, കെ. എല്‍. രാഹുല്‍, ഇഷാന് കിഷന്, പാണ്ഡ്യ, ജഡേജ, കുല്‍ദീപ്, വാഷിങ്ടണ്‍, ചാഹല്‍, ഷമി, സിറാജ്, ഉമ്രാന്, ശാര്‍ദുല്‍ ഠാക്കുര്‍, അക്സര്‍ പട്ടേല്‍, ജയദേവ് ഉനദ്ഗഡ്.