വിശാഖപട്ടണം: ആദ്യമത്സരത്തില്‍ നേടിയ തകര്‍പ്പന്‍ വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ ഏകദിന പരമ്പര പിടിക്കാന്‍ ഇന്ത്യ ഇന്ന് രണ്ടാം മത്സരത്തിനിറങ്ങും. മത്സരം വിശാഖപട്ടണത്തെ വൈഎസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തില്‍ ഉച്ചകഴിഞ്ഞ് ഒന്നരയ്ക്കാണ് ആരംഭിക്കുക. സ്റ്റാര്‍ സ്പോര്‍ട്സും ഡിസ്നി ഹോട്സ്റ്റാറും മത്സരം തത്സമയം സംപ്രേക്ഷണം ചെയ്യും. മുംബൈ, വാംഖഡെ സ്റ്റേഡിയത്തില്‍ ആദ്യ ഏകദിനം അഞ്ച് വിക്കറ്റിന് ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ഓസ്ട്രേലിയക്കാവട്ടെ രണ്ടാം ഏകദിനം ജയിച്ചാല്‍ മാത്രമെ പരമ്പരയില്‍ ഒപ്പമെത്താന്‍ സാധിക്കൂ. പരമ്പരയില്‍ മൂന്നു മത്സരങ്ങള്‍ മാത്രമാണ്. ഓസ്ട്രേലിയയെ സംബന്ധിച്ചിടത്തോളം കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. വിജയവഴിയിലേക്കെത്താന്‍ അവര്‍ക്ക് കൂടുതല്‍ വിയര്പ്പൊഴു്ക്കേണ്ടിവരും.
മികച്ച നിരയാണ് അവരുടേതെങ്കിലും ബാറ്റിങ്ങിലാണ് പ്രശ്നങ്ങള്‍ രൂക്ഷം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം സ്ഥിരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഇന്നത്തെ മത്സരത്തില്‍ കളിക്കും. ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ നയിച്ചിരുന്നത്. വിശാഖപട്ടണത്ത് രോഹിത് തിരിച്ചെത്തുന്നതോടെ ഇഷാൻ കിഷന് പുറത്താവും. ഗില്‍- രോഹിത് സഖ്യം ഓപ്പണ്‍ ചെയ്യും. ആദ്യ ഏകദിനത്തില്‍ നാലിന് പുറത്തായെങ്കിലും മുന്നാം നമ്പറില്‍ കോലിയുടെ സ്ഥാനത്തിനു ഭീഷണിയില്ല. എന്നാല്‍ സൂര്യകുമാര്‍ യാദവിന്റെ ഫോമാണ് പ്രശ്നം. ടി20 ഫോം അദ്ദേഹത്തിന് ഏകദിനത്തില്‍ നിലനിര്‍ത്താന്‍ കഴിയുന്നില്ല.
ആദ്യ ഏകദിനത്തില്‍ പൂജ്യത്തിന് പുറത്തായിരുന്നു താരം. എന്നാല്‍ സൂര്യക്ക് ഇനിയും അവസരം നല്‍കിയേക്കും. പകരക്കാരില്ലെന്നുള്ളതാണ് പ്രധാന പ്രശ്നം. തുടര്‍ന്നുള്ള സ്ഥാനങ്ങളിലും മാറ്റമൊന്നുമില്ല. ആദ്യ ഏകദിനത്തില്‍ 75 റണ്‍സെടുത്ത കെ എല്‍ രാഹുല്‍ അഞ്ചാമതായി കളിക്കും.
ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ രാഹുലിന് പിന്നാലെയെത്തും. ഷാര്‍ദുല്‍ ഠാക്കൂറാണ് സ്ഥാനം നഷ്ടപ്പെടാന്‍ സാധ്യതയുള്ള താരം. അങ്ങനെ സംഭവിച്ചാല്‍ ഉമ്രാന് മാലിക്ക് ടീമിലെത്തും. കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവര്‍ ടീമില്‍ തുടരും.
വാര്‍ണര്‍ കളിക്കുമോ?
പരുക്ക് മാറിയെത്തുന്ന ഓപ്പണര്‍ ആദ്യ ഏകദിനത്തിൽ കളിച്ചിരുന്നില്ല. എന്നാൽ, ഇന്നു കളിച്ചേക്കുമെന്നാണ് വിവരം. ഏകദിനത്തിന് മുന്നോടിയായി വാര്‍ണറുടെ ഫിറ്റ്നസ് ഓസീസ് മെഡിക്കല്‍ സംഘം പരിശോധിച്ചു. വാര്‍ണര്‍ പരുക്ക് മാറി എത്തിയാല്‍ അദേഹത്തിനൊപ്പം ട്രാവിസ് ഹെഡായിരിക്കും ഓസീസ് ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. സമീപകാലത്ത് വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയ ഹെഡില്‍ ഓസീസ് മാനേജ്മെന്റ് വലിയ വിശ്വാസം അര്‍പ്പിച്ചേക്കും. മൂന്നാം നമ്പറില്‍ സ്റ്റീവ് സ്മിത്തിന്റെ സ്ഥാനത്തിന് ചലനമുണ്ടാവില്ലെന്ന് ഉറപ്പ്. ഓള്‍റൗണ്ടര്‍മാരുടെ വലിയ നിരയാണ് ഓസീസ് സ്ക്വാഡിന്റെ പ്രത്യേകത. അത് പ്ലേയിംഗ് ഇലവനിലും തുടരാനാണ് സാധ്യത. നാലാം നമ്പറിലേക്ക് ഓള്‍റൗണ്ടര്‍ മിച്ചല്‍ മാര്‍ഷ് എത്തുമ്പോള്‍ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനാണ് മറ്റൊരു ശ്രദ്ധേയ താരം.
ഇന്ത്യയില്‍ മുമ്പ് ലഭിച്ച അവസരങ്ങളില്‍ ഗ്രീന്‍ തിളങ്ങിയിരുന്നു. ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്കസ് സ്റ്റേയിനിസ് എന്നീ ഓള്‍റൗണ്ടര്‍മാരും ഇലവനിലെത്തിയേക്കും. ഇവരില്‍ മാക്സി ഒഴികെയുള്ള എല്ലാവരും പേസ് ഓള്‍റൗണ്ടര്‍മാരാണ്. സ്പെഷ്യലിസ്റ്റ് സ്പിന്നര്‍മാരായി ആദം സാംപയും അഷ്ടണ്‍ അഗറും ഇടംപിടിക്കുമ്പോള്‍ മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം ഷോണ്‍ അബോട്ടായിരിക്കും സ്പെഷ്യലിസ്റ്റ് പേസറാവാന്‍ സാധ്യത.
പരമ്പരാഗതമായി ബാറ്റിംഗിനെ തുണയ്ക്കുന്ന വിക്കറ്റാണ് വിഖാശപട്ടണത്തേത്. അതുകൊണ്ടുതന്നെ ബൗളര്‍മാരുടെ ശവപ്പറമ്പെന്ന് പേരുകേട്ട വിശാഖപട്ടണത്ത് വമ്പന്‍ സ്കോര്‍ പിറക്കുന്ന മത്സരമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. 2019ലാണ് ഇവിടെ അവസാനം ഒരു ഏകദിന മത്സരം നടന്നത്.
അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 385 റണ്‍സടിച്ചപ്പോള്‍ വിന്‍ഡീസിന് 280 റണ്‍സടിക്കാനെ കഴിഞ്ഞുള്ളു. രോഹിത് ശര്‍മയും കെ എല്‍ രാഹുലും സെഞ്ചുറി നേടിയിരുന്നു. ശ്രേയസ് അയ്യരും റിഷഭ് പന്തുമായിരുന്നു അന്ന് ഇന്ത്യക്കായി തിളങ്ങിയ മറ്റ് രണ്ടുപേര്‍. മറുപടി ബാറ്റിംഗില്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് ഷമിയും കുല്‍ദീപ് യാദവുമായിരുന്നു ഇന്ത്യക്കായി ബൗളിംഗില്‍ തിളങ്ങിയത്. മുംബൈയില്‍ നിന്ന് വ്യത്യസ്തമായി ടോസ് നേടുന്ന ടീം ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.വിശാഖപട്ടണത്ത് 30 ശതമാനം മഴ സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മഴ മൂലം മത്സരം പൂര്‍ണമായും തടസപ്പെടാനിടയില്ലെങ്കിലും വൈകാന്‍ ഇടയുണ്ടെന്നാണ് സൂചന. 28 ഡിഗ്രിയായിരിക്കും പരമാവധി ചൂട്.
ഇന്ത്യ സാധ്യതാ ഇലവന്: രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍/ ഉമ്രാന് മാലിക്, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്.
ഓസ്ട്രേലിയ: ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്സ്വെല്, മാര്‍ക്കസ് സ്റ്റോയിനിസ്, ആദം സാംപ, മിച്ചല്‍ സ്റ്റാര്‍ക്ക്, ഷോണ്‍ അബോട്ട്, അഷ്ടണ്‍ അഗര്‍.