
അഹമ്മദാബാദ്: ന്യൂസിലന്‍ഡിനെതിരായ ടി-20 പരമ്പര വിജയത്തോടെ ഇന്ത്യ സ്വന്തമാക്കിയത് ലോക റെക്കോഡ്. നാട്ടില്‍ ഏറ്റവും കൂടുതര്‍ തുടര്‍ പരമ്പര നേടുന്ന ടീം എന്ന റെക്കോഡാണ് ഇന്ത്യക്ക് കഴിഞ്ഞ ദിവസത്തെ വിജയത്തോടെ സ്വന്തമായത്. 2019 സെപ്റ്റംബര്‍ മുതല്‍ നാട്ടില്‍ നടന്ന ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍നിന്നുമായി തുടര്‍ച്ചയായ 25 പരമ്പര വിജയങ്ങളാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതൊരു ലോക റെക്കോഡാണ്. 2019 മാര്‍ച്ചില്‍ ഓസ്ട്രേലിയയോട് ഏകദിനത്തില്‍ 2-3ന് പരാജയപ്പപെട്ടതാണ് അവസാനമായി ഇന്ത്യ ഹോം പരമ്പരയില്‍ തോറ്റത്.
നിര്‍ണായകമായ മൂന്നാം ടി-20യില്‍ കിവീസിനെതിരേ 168 റണ്‍സിന്റെ മിന്നും ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. അതുപോലെ 168 റണ്‍സ് വിജയം ടി-20യില്‍ റണ്‍സ് അടിസ്ഥാനത്തില്‍ കിവികള്ക്കെ നേടുന്ന ഏറ്റവും വലിയ വിജയമാണ്. അയര്‍ലന്‍ഡിനെതിരേ ഡബ്ലിനില്‍ നേടിയ 143 റണ്‍സ് ജയമാണ് ഇതോടെ പഴങ്കഥയായത്. ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളുടെ വിജയക്കണക്കു പരിശോധിച്ചാല്‍ ഇന്ത്യയുടെ വിജയമാണ് ഏറ്റവും വലുത്.
വെസ്റ്റ് ഇന്‍ഡീസിനെതിരേ 2018ല്‍ പാക്കിസ്ഥാന് നേടിയ 143 റണ്‍സ് വിജയമായിരുന്നു ഇതിനുമുമ്പുള്ള വലിയ വിജയം. ന്യൂസിലന്‍ഡിനെതിരായ വിജയം നാട്ടില്‍ ഇന്ത്യ നേടുന്ന 50-ാം ടി-20 വിജയം കൂടിയായിരുന്നു - ടി-20കളില്‍ സ്വന്തം തട്ടകത്തില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ടീമായി ഇന്ത്യ. ഇന്ത്യ (50 വിജയങ്ങള്‍), ന്യൂസിലന്‍ഡ് (42 വിജയങ്ങള്‍), ദക്ഷിണാഫ്രിക്ക (37 വിജയങ്ങള്‍), ഓസ്ട്രേലിയ (36 വിജയങ്ങള്‍), വെസ്റ്റ് ഇന്‍ഡീസ് (36 വിജയങ്ങള്‍) എന്നിവയാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ വരുന്ന ടീമുകള്‍. ന്യൂസിലന്‍ഡ് ടി20യിലെ റണ്ണിന്റെ കാര്യത്തില്‍ ഏറ്റവും വലിയ തോല്‍വിയാണ് രേഖപ്പെടുത്തിയത്. 2010 ഡിസംബര്‍ 30-ന് ക്രൈസ്റ്റ് ചര്‍ച്ചില്‍ പാക്കിസ്ഥാനോട് 103 റണ്‍സിന് തോറ്റതാണ് ഇതിനുമുമ്പുള്ള വലിയ തോല്‍വി.
കിവീസിനെതിരേ ടി-20യില്‍ ഇന്ത്യ നേടുന്ന ഉയര്‍ന്ന സ്കോറഫാണ് നാലിന് 234. 2019 ഫെബ്രുവരി 10-ന് ഹാമില്‍ട്ടണില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍. ടി-20യിലെ ഇന്ത്യയുടെ അഞ്ചാമത്തെ ഉയര്‍ന്ന സ്കോറാണിത്. 2017 ഡിസംബര്‍ 22-ന് ഇന്‍ഡോറില്‍ നേടിയ 260 ആണ് ഇതുവരെ ഇന്ത്യയുടെ ഉയര്‍ന്ന ടി-20 സ്കോര്‍. ടി20യില്‍ സെഞ്ചുറി തികയ്ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യന്‍ ബാറ്റ്സ്മാനായി ശുഭ്മാന്‍ ഗില്‍ മാറി. 23 വര്‍ഷവും 146 ദിവസവും പ്രായമുള്ള ശുഭ്മാന്‍ ഗില്‍, സുരേഷ് റെയ്നയുടെ റെക്കോര്‍ഡ് ആണ് മറികടന്നത്.
2010 മെയ് 2 ന് നടന്ന ഐസിസി ട്വന്റി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തില്‍ 60 പന്തില്‍ 101 റണ്‍സ് നേടിയപ്പോള്‍ റെയ്നയ്ക്ക് 23 വയസ്സ് 156 ദിവസമായിരുന്നു പ്രായം. ട്വന്റി20 ഇന്റര്‍നാഷണലിലെ തന്റെ മികച്ച കന്നി സെഞ്ചുറിയോടെ, ടെസ്റ്റ്, ഏകദിനം, ടി20 ഐ എന്നീ മൂന്ന് അന്താരാഷ്ട്ര ഫോര്‍മാറ്റുകളിലും സെഞ്ചുറികള്‍ രേഖപ്പെടുത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ ബാറ്ററായി ശുഭ്മാന്‍ ഗില്‍. സുരേഷ് റെയ്ന, രോഹിത് ശര്‍മ്മ, ലോകേഷ് രാഹുല്‍, വിരാട് കോഹ്ലി എന്നിവരാണ് മുമ്പ് ഈ നേട്ടം കൈവരിച്ചവര്‍. 63 പന്തില്‍ 126 റണ്‍സുമായി പുറത്താകാതെ നിന്ന ശുഭ്മാന്‍, ടി20യിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത ഇന്നിംഗ്സിനുള്ള ഇന്ത്യന്‍ റെക്കോര്‍ഡ് സ്ഥാപിച്ചു.
2022 സെപ്തംബര്‍ 8ന് ദുബായില്‍ വെച്ച് അഫ്ഗാനിസ്ഥാനെതിരെ വിരാട് കോഹ്ലിയുടെ പുറത്താകാതെ നേടിയ 122 റണ്‍സ് ആയിരുന്നു ഇതുവരെയുള്ള റെക്കോഡ്. ഈ വര്‍ഷം ജനുവരി മുതല്‍ പരിശോധിച്ചാല്‍ ആദ്യ 32 ദിവസങ്ങളില്‍, 134.67 എന്ന മികച്ച സ്ട്രൈക്ക് റേറ്റില്‍ പന്ത്രണ്ട് ഇന്നിംഗ്സുകളില്‍ നിന്ന് നാല് സെഞ്ചുറികളും ഒരു അര്‍ധസെഞ്ചുറിയുമടക്കം 76.90 ശരാശരിയില്‍ 769 റണ്‍സാണ് ശുഭ്മാന്‍ ഗില്‍ ഈ വര്‍ഷം നേടിയത്.
ഈ വര്‍ഷം വിവിധ ഫോര്‍മാറ്റുകളിലായി 500-ലധികം റണ്‍സ് മറ്റൊരു ബാറ്റ്സ്മാനും നേടിയിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യ (4/16) ടി-20യിലെ തന്റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു - അദ്ദേഹത്തിന്റെ മൂന്നാമത്തെ നാല് വിക്കറ്റ് നേട്ടമാണിത്. ടി20യില്‍ മൂന്ന് തവണ 30-ലധികം റണ്‍സ് നേടുകയും നാല് വിക്കറ്റ് നേടുകയും ചെയ്ത ഏക ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരനാണ്. ഇവിടെ ഹാര്‍ദിക് പാണ്ഡ്യ 30 റണ്‍സും 16 റണ്‍സിന് 4 വിക്കറ്റും സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ രണ്ട് നേട്ടങ്ങള്‍. - 2018 ജൂലൈ 8-ന് ബ്രിസ്റ്റോളില്‍ 33 നോട്ടൗട്ട്, 38-ന് 4, 2022 ജൂലൈ 7-ന് സതാംപ്ടണില്‍ 51, 33-ന് 4. മറ്റൊരു ഇന്ത്യന്‍ ഓള്‍റൗണ്ടറും ഒരിക്കല്‍ പോലും ഈ നേട്ടം കൈവരിച്ചിട്ടില്ല.അങ്ങനെ റെക്കോഡുകള്‍ നിരവധി പിറന്ന മത്സരമായിരുന്നു അഹമമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടന്നത്.