
ഇന്‍ഡോര്‍: ലോകചാംപ്യന്‍ഷിപ്പ് ഫൈനല്‍ ലക്ഷ്യമിട്ട് ടീം ഇന്ത്യ ഇന്ന് മൂന്നാം ടെസ്റ്റിന്. ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ രണ്ട് മത്സരവും ജയിച്ച് നാല് മത്സര പരമ്പര ഇന്ത്യ ഇതിനോടകം ഉറപ്പിച്ചു കഴിഞ്ഞു. ഇന്നു തുടങ്ങുന്ന ടെസ്റ്റില്‍ വിജയിച്ചാല്‍ ഇന്ത്യക്ക് ലോകചാംപ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാം. പരമ്പര അപരാജിതമായതോടെ അവസാന രണ്ട് ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫി നേട്ടത്തോടൊപ്പം ഇത്തവണയും പരമ്പര നിലനിര്‍ത്താന്‍ ഇന്ത്യക്കായി.
എന്നാല്‍ പരമ്പരയില്‍ ഒപ്പമെത്താനുള്ള അവസരം ഇനിയും ഓസ്ട്രേലിയയ്ക്ക് മുന്നിലുണ്ട്. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ജയിച്ചാല്‍ സന്ദര്‍ശകര്‍ക്ക് ഒപ്പമെത്താന്‍ സാധിക്കും. മാത്രവുമല്ല, ഇന്ത്യയുടെ ഫൈനല്‍ സാധ്യത കുറയ്ക്കാനും അതിലൂടെ ഓസീസിനു സാധിക്കും. അതുകൊണ്ട് തന്നെ ഇന്‍ഡോറില്‍ ആരംഭിക്കുന്ന മൂന്നാം മത്സരം വളരെ പ്രധാനപ്പെട്ടതാണ്.മത്സരം ഇന്ത്യന്‍ സമയം രാവിലെ 9.30ന് ആരംഭിക്കും.
ആദ്യ രണ്ട് മത്സരവും ജയിച്ച ഇന്ത്യ വലിയ ആത്മവിശ്വാസത്തോടെയെത്തുമ്പോള് ശേഷിക്കുന്ന രണ്ട് മത്സരത്തിലും ജയം ആവര്‍ത്തിച്ച് പരമ്പര തൂത്തുവാരാമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ മൂന്നാം ടെസ്റ്റില്‍ വലിയ മാറ്റങ്ങളോടെയാണ് ഓസ്ട്രേലിയ എത്തുന്നത്. വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലേക്കു പോയ കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്താണ് ഓസീസിനെ നയിക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്കും കാമറൂണ്‍ ഗ്രീനും ഇന്നത്തെ മത്സരത്തില്‍ കളിക്കുന്നു എന്നത് ഓസീസിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. വലിയ ഇംപാക്ട് സൃഷ്ടിക്കാനുള്ള കഴിവ് കാമറൂണ്‍ ഗ്രീന്‍ ഓള്‍റൗണ്ടറാണ്.
അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് ഗ്രീന്‍ കൂടാതെ മീഡിയം പേസറെന്ന നിലയിലും ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുണ്ട്. നിലവില്‍ ഓസ്ട്രേലിയുടെ ബാറ്റിങ് നിര അല്‍പ്പം പ്രതിരോധത്തിലൂന്നിയാണ് കളിക്കുന്നത്. എന്നാല്‍ ഗ്രീന്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ളവനായതിനാല്‍ ഇന്ത്യന്‍ ബൗളര്‍മാരെ സമ്മര്‍ദ്ദത്തിലാക്കാം. മിച്ചല്‍ സ്റ്റാര്‍ക്കും തുടക്കത്തിലേ ഇംപാക്ട് സൃഷ്ടിക്കാന്‍ കഴിവുള്ളവയാളാണ്.
മിന്നല്‍ യോര്‍ക്കറുകളുമായി ഇന്ത്യയുടെ ടോപ് ഓഡറിനെ വിറപ്പിക്കാന്‍ സ്റ്റാര്‍ക്കിന് സാധിക്കും. മികച്ച റിവേഴ്സ് സ്വിങ്ങിനോടൊപ്പം സ്റ്റംപിന് ആക്രമിക്കുന്ന താരമാണ് സ്റ്റാര്‍ക്ക്. അതുകൊണ്ട് തന്നെ ഇന്ത്യ ഭയക്കണം.
ഇന്ത്യന്‍ പിച്ചില്‍ കളിച്ച് അനുഭവസമ്പത്തുള്ള താരമായ സ്റ്റാര്‍ക്ക് എത്തുന്നതോടെ ഇന്ത്യന്‍ ബാറ്റ്സ്മാന്മാര് കൂടുതല്‍ സമ്മര്‍ദ്ദത്തിലാവുമെന്നുറപ്പ്. എന്നാല്‍, ഓസീസിനെ ഏറ്റവും കൂടുതല്‍ അലട്ടുന്നത് ഇന്ത്യന്‍ സ്പിന്നര്‍മാരുടെ മികച്ച പ്രകടനമാണ്. രണ്ടു ടെസ്റ്റുകളിലായി വീണ ഓസ്ട്രേലിയയുടെ 40 വിക്കറ്റുകളില്‍ 32ഉം നേടിയത് സ്പിന്നര്‍മാരാണ്. ഇതില്‍ 21 വിക്കറ്റുകളും ഒന്നുകില്‍ ബൗള്‍ഡോ അല്ലെങ്കില്‍ എല്ബിഡബ്ലുവോ ആണ്. സ്വീപ്പിങ് പരിശീലനമാണ് ഈ ദിവസങ്ങളില്‍ ഓസീസ് ബാറ്റര്‍മാര്‍ നടത്തിയത്. മുന്‍ താരം മാത്യു ഹെയ്ഡന് ഇതിനായി ഓസീസ് ബാറ്റര്‍മാരെ സഹായിച്ചു.
ഇന്ത്യക്കും ബാറ്റിങ്
തലവേദന
ആദ്യ രണ്ട് മത്സരവും ഇന്ത്യ ജയിച്ചെങ്കിലും ബാറ്റിങ് നിരയുടെ പ്രകടനം ശരാശരി മാത്രമായിരുന്നു. ബൗളര്‍മാരുടെ പ്രകടനമാണ് ടീമിന് വിജയം നേടിക്കൊടുത്തതെന്ന് പറയാം. അതുകൊണ്ട് തന്നെ സ്റ്റാര്‍ക്കും ഗ്രീനും ടീമിലേക്കെത്തുമ്പോള്‍ ഇന്ത്യയുടെ ബാറ്റിങ് നിര കൂടുതല്‍ പ്രയാസപ്പെടും.
ചില വ്യക്തിഗത ബാറ്റിങ് പ്രകടനങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യക്ക് കാര്യമായൊന്നും ബാറ്റിങ്ങില്‍ ചെയ്യാനായിരുന്നില്ല. ഈ സാഹചര്യത്തില്‍ ഓസീസിന്റെ ബൗളിങ് കരുത്ത് ഉയരുന്നത് ഇന്ത്യക്ക് ഭീഷണിയാണെന്നതില്‍ തര്‍ക്കമില്ല.ഓപ്പണിങ്ങില്‍ ഇന്ന് രോഹിത് ശര്‍മയ്ക്കൊപ്പം ശുഭ്മാന്‍ ഗില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍, തുടര്‍ച്ചയായി രാഹുല്‍ പരാജയപ്പെടുമ്പോഴും മുഖ്യപരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അദ്ദേഹത്തെ പിന്തുണയ്ക്കുകയാണ്. മൂന്ന് ഇന്നിങ്സുകളില്‍നിന്നായി രോഹുല്‍ നേടിയത് കേവലം 38 റണ്‍സാണ്. രാഹുലിനെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്. ടീമില്‍ മറ്റ് മാറ്റങ്ങളുണ്ടാകാന്‍ സാധ്യതയില്ല. പിച്ചില്‍ പച്ചപ്പ് ഉള്ളതിനാല്‍ ഫാസ്റ്റ് ബൗളര്‍മാരെയും തുണയ്ക്കുന്ന പിച്ചാകുമെന്ന് വിലയിരുത്താം.
സാധ്യതാ ടീം
ഇന്ത്യ
രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ഭരത്, അശ്വിന്, അക്സര്‍ പട്ടേല്‍, ഷമി, സിറാജ്.
ഓസ്ട്രേലിയ
ട്രാവിസ് ഹെഡ്, ഉസ്മാന് ഖവാജ, മാര്‍നസ് ലാബുഷെയ്ന്, സ്റ്റീവ് സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്സ്കോംപ്, കാമറൂണ്‍ ഗ്രീന്‍, അലക്സ് കാരി, മിച്ചല്‍ സ്റ്റാര്‍ക്ക്, ടോഡ് മര്‍ഫി, നഥാന്‍ ലയണ്‍, മാത്യു കുനെമാന്.