
കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പ് ആദ്യ സെമിയില്‍ ഇന്ത്യ ഓസീസിനോട് പൊരുതിത്തോറ്റു. കൈയില്‍വന്ന കളി നായിക ഹര്മന് പ്രീതിന്റെ അശ്രദ്ധമായ ഓട്ടത്തിലൂടെ കളഞ്ഞുകുളിക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇന്ത്യക്ക് അഞ്ച് റൺസിന്റെ പരാജയം. ഇന്നു നടക്കുന്ന ദക്ഷിണാഫ്രിക്ക- ഇംഗ്ലണ്ട് സെമിയിലെ ജേതാക്കളെ ഓസ്ട്രേലിയ ഫൈനലില്‍ നേരിടും.
അര്‍ധസെഞ്ചുറി നേടി കുതിക്കുകയായിരുന്നു ഹര്മന് പ്രീത്. 32 പന്തുകളില്‍ ആറ് ബൗണ്ടറിയും ഒരു സിക്സുമടക്കമായിരുന്നു ഹര്‍മന്‍പ്രീതിന്റെ അര്‍ധസെഞ്ചുറി. മിന്നുന്ന ഫോമില്‍ കളിക്കുകയായിരുന്ന നായകന് അര്‍ധസെഞ്ചുറി നേടിയ തൊട്ടുപിന്നാലെ അശ്രദ്ധമായ റണ്ണൗട്ടിലൂടെ പുറത്തായി. ആരോഗ്യപ്രശ്നമായതിനാല്‍ ഹര്‍മന്‍പ്രീതിന്റെ അനാരോഗ്യം വെളിവാക്കുന്നതായിരുന്നു റണ്ണൗട്ട്. 34 പന്തില്‍ 41 റണ്‍സ് മാത്രം വേണ്ടുന്ന സാഹചര്യത്തിലായിരുന്നു ഹര്മന് പ്രീത് പുറത്തായത്.
മധ്യനിരയില്‍ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ശേഷം ജമീമ റോഡ്രിഗസും അശ്രദ്ധമായ ഷോട്ടിലൂടെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. 24 പന്തില്‍ ആറു ബൗണ്ടറിയടക്കം 42 റണ്‍സ് നേടിയ ശേഷമാണ് ജമീമ പുറത്തായത്. റിച്ച ഘോഷ് 17 പന്തില്‍ 14 റണ്‍സ് നേടി. മറ്റുള്ളവര്‍ക്കാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. ഓപ്പണര്‍മാരായ ഷെഫാലി വര്‍മ (9), സ്മൃതി മന്ദാന (2) യതിക ഭാട്ടിയ (4) എന്നിവര്‍ നിരാശപ്പെടുത്തി. അവസാന ഓവറുകളില്‍ സ്നേഹ റാണയും (11) ദീപ്തി ശര്‍മയും ചേര്‍ന്നുള്ള കൂട്ടുകെട്ട് പ്രതീക്ഷ നല്‍കിയെങ്കിലും വിജയിക്കാന്‍ അതു പോരായിരുന്നു. ഓസ്ട്രേലിയയ്ക്കായി ഡാര്‍സി ബ്രൗണ്‍ നാലോവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ 37 പന്തില്‍ ഏഴു ബൗണ്ടറിയും ഒരു സിക്സുമടക്കം 54 റണ്‍സ് നേടിയ ബെത് മൂണിയുടെയും 34 പന്തില്‍ നാലു ബൗണ്ടറിയുടെയും രണ്ടു സിക്സിന്റെയും അകമ്പടിയോടെ നായിക മെഗ് ലാനിങ്ങിന്റെയും ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോര്‍ സ്വന്തമാക്കിയത്. ആഷ്ലി ഗാര്‍നര്‍ 18 പന്തില്‍ അഞ്ചു ബൗണ്ടറിയടക്കം 31 റണ്‍സ് നേടി. ഇന്ത്യക്കായി ശിഖ പാണ്ഡെ രണ്ടു വിക്കറ്റ് വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഇന്ത്യക്കായി ഇറങ്ങിയപ്പോള്‍ പരിക്കേറ്റ പൂജ വസ്ട്രക്കര്‍ക്ക് പകരം സ്നേഹ് റാണയും രാധാ യാദവിന് പകരം രാജേശ്വരി ഗെയ്ക്വാദുമാണ് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയത്. ഓസീസ് ആകട്ടെ അലാന കിങിന് പകരക്കാരിയായി ജെസ് ജൊനാസനെയും അനാബെല്‍ സതര്‍ലാന്‍ഡിന് പകരം സൂപ്പര്‍ താരം അലീസ ഹീലിയും ടീമിലെടുത്തു. മൂന്ന് വര്‍ഷം മുന്‍പ് ഇന്ത്യയെ തോല്പിച്ചാണ് ഓസീസ് വനിതകള്‍ അഞ്ചാം കിരീടം സ്വന്തമാക്കിയത്. കഴിഞ്ഞവര്‍ഷം കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലിലും ഓസിസ് കരുത്തിന് മുന്നില്‍ ഇന്ത്യക്ക് അടിതെറ്റി.