
കേപ്ടൗണ്‍: വനിതാ ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ബിയില്‍ അയർലൻഡിനെ മഴനിയമത്തിന്റെ ആനുകൂല്യത്തിൽ തകർത്ത് ഇന്ത്യ ലോകകപ്പ് സെമിയിൽ കടന്നു. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 155 റൺസ് പിന്തുടർന്ന അയലന്‍ഡ് 8.2 ഓവറില്‍ രണ്ടിന് 54 എന്ന നിലയില്‍ നില്‍ക്കെയാണ് മഴയെത്തിയത്. പിന്നീട് ഏറെ കാത്ത് നിന്നിട്ടും മഴമാറാതെ വന്നപ്പോൾ ഡെക്ക്വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യ അഞ്ച് റൺസിനാണ് അയർലൻഡിനെ തകർത്തത്.
ഇന്ത്യ ഉയർത്തിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അയര്‍ലന്‍ഡിന് ആദ്യ ഓവറില്‍ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ പന്തില്‍ തന്നെ എമി ഹണ്ടര്‍ (1) റണ്ണൗട്ടായി. ഓവറിന്റെ അഞ്ചാം പന്തില്‍ ഒര്‍ല പ്രന്‍ഡര്‍ഗാസ്റ്റ് (0) ബൗള്‍ഡാവുകയാവുകയും ചെയ്തു. രേണുക സിംഗിനായിരുന്നു വിക്കറ്റ്. എന്നാല്‍ ഗാബി ലൂയിസ് (25 പന്തില്‍ 32)- ലൗറ ഡെലാനി (20 പന്തില്‍ 17) എന്നിവര്‍ അയര്‍ലന്‍ഡിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചു. ഇരുവരും ഇതുവരെ 52 റണ്‍സ് കൂട്ടിചേർത്തപ്പോഴാണ് മഴയെത്തിയത്.
ജയിച്ചാല്‍ സെമി ഉറപ്പാകുന്ന മത്സരത്തില്‍ മികച്ച തുടക്കമാണ് ഇന്ത്യക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ ഷെഫാലി വര്‍മ- സ്മൃതി സഖ്യം 62 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ 29 പന്തില്‍ 24 റണ്‍സെടുത്ത ഷെഫാലി ആദ്യം പുറത്തായി. തുടര്‍ന്ന് ക്രീസിലെത്തിയ ഹര്‍മന്‍പ്രീത് കൗറിന് (13) അധികം ആയുസുണ്ടായിരുന്നില്ല. ഡെലാനിയുടെ രണ്ടാം വിക്കറ്റ്. തൊട്ടടുത്ത പന്തില്‍ റിച്ചാ ഘോഷിനേയും (0) ഡെലാനി മടക്കി. ഇതോടെ ഇന്ത്യ 16 ഓവറില്‍ മൂന്നിന് 115 എന്ന നിലയിലായി.
ഇതിനിടെ സ്മൃതി റണ്‍റേറ്റ് ഉയരര്‍ത്താനുള്ള ശ്രമവും നടത്തി. എന്നാല്‍ ടി20 കരിയറിലെ ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ കണ്ടെത്തിയ ശേഷം മടങ്ങി. 56 പന്തില്‍ മൂന്ന് സിക്സും ഒമ്പത് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സ്മൃതിയുടെ ഇന്നിങ്സ്. തൊട്ടടുത്ത പന്തില്‍ ദീപ്തി ശര്‍മയും പുറത്തായി. ഒര്‍ല പ്രെണ്ടര്‍ഗാസ്റ്റാണ് ഇരുവരേയും മടക്കിയത്. ജമീമ റോഡ്രിഗസ് (12 പന്തിൽ 19 റൺസ്) അവസാന പന്തില്‍ മടങ്ങുമ്പോള്‍ സ്കോര്‍ 150 കടത്തിയിരുന്നു. പൂജ വസ്ത്രകര്‍ (2) പുറത്താവാതെ നിന്നു.
ഗ്രൂപ്പ് ബിയില്‍ പോയിന്റ് പട്ടികയില്‍ ഇംഗ്ലണ്ടിന് പിന്നില്‍ രണ്ടാമതാണ് ഇന്ത്യ. പാകിസ്ഥാനേയും വെസ്റ്റ് ഇന്‍ഡീസിനേയും ഇന്ത്യ തോല്‍പ്പിച്ചിരുന്നു. എന്നാല്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടു. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമി ഫൈനലിലേക്ക് യോഗ്യത നേടുക.