ഹോം ഗ്രൗണ്ടിൽ ചെന്നൈ സൂപ്പർ കിങ്സിന് തോൽവി; ഗുജറാത്ത് ടൈറ്റൻസിന് തകർപ്പൻ ജയം

നിശ്ചിത 20 ഓവറിൽ ചെന്നൈ ഉയർത്തിയ 159 റൺസ് വിജയല‍ക്ഷ‍്യം ഗുജറാത്ത് 16.4 ഓവറിൽ 8 വിക്കറ്റ് ശേഷിക്കെ മറികടന്നു
ipl chennai super kings vs gujarat titans match updates

മത്സരത്തിൽ നിന്ന്

Updated on

ചെന്നൈ: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരേ ഹോം ഗ്രൗണ്ടിൽ ചെന്നൈ സൂപ്പർ കിങ്സിനു തോൽവി. നിശ്ചിത 20 ഓവറിൽ ചെന്നൈ ഉയർത്തിയ 159 റൺസ് വിജയല‍ക്ഷ‍്യം ഗുജറാത്ത് 16.4 ഓവറിൽ 8 വിക്കറ്റ് ശേഷിക്കെ മറികടന്നു. ഗുജറാത്തിനു വേണ്ടി 46 പന്തിൽ 7 സിക്സും 4 ബൗണ്ടറിയും അടക്കം 87 റൺസ് അടിച്ചെടുത്ത സായ് സുദർശനാണ് ടീമിന്‍റെ ടോപ് സ്കോറർ.

സായ് സുദർശനു പുറമെ ക‍്യാപ്റ്റൻ ശുഭ്മൻ ഗിൽ 33 റൺസെടുത്ത് പുറത്തായപ്പോൾ ജോസ് ബട്‌ലർ 30 പന്തിൽ 39 റൺസെടുത്ത് പുറത്താവാതെ നിന്നു. ചെന്നൈയ്ക്കു വേണ്ടി നൂർ‌ അഹമ്മദ്, അക്കീൽ ഹൊസൈൻ എന്നിവർ മാത്രമാണ് വിക്കറ്റ് വീഴ്ത്തിയത്. പേസർ അൻഷുൽ കാംബോജ്, ജാമി ഓവർടൺ ഗുർജപ്നീത് സിങ് എന്നിവർക്ക് വിക്കറ്റ് വീഴ്ത്താൻ സാധിച്ചില്ല. ചെന്നൈ ഉയർ‌ത്തിയ വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ ഗുജറാത്തിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ സായ് സുദർശനും ശുഭ്മൻ ഗില്ലും ടീമിന് സമ്മാനിച്ചത്.

പവർപ്ലേ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 55 റൺസുണ്ടായിരുന്നു ടീമിന്. ഒന്നാം വിക്കറ്റിൽ 33 പന്തിലാണ് ഇരുവരും 50 റൺസ് അടിച്ചെടുത്തത്. 6.2 ഓവറിൽ 58 റൺസിൽ നിൽക്കെയാണ് കൂട്ടുകെട്ട് പൊളിയുന്നത്. നൂർ അഹമ്മദ് എറിഞ്ഞ പന്തിൽ മലയാളി താരം സഞ്ജു സാംസണിന്‍റെ ഉഗ്രൻ സ്റ്റംപിങ്ങിലൂടെ ശുഭ്മൻ‌ ഗില്ലിനെ പുറത്താക്കുകയായിരുന്നു.

എന്നാൽ കൂട്ടുകെട്ട് പൊളിഞ്ഞത് ടീമിനെ കാര‍്യമായി ബാധിച്ചില്ല. സായ് സുദർശൻ ബട്‌ലറിനൊപ്പം ചേർന്ന് റൺസ് പടുത്തുയർത്തി സ്കോർബോർഡ് ഉയർത്തി. പിന്നീട് സായ് സുദർശൻ അക്കീൽ ഹൊസൈന് വിക്കറ്റ് നൽകി മടങ്ങിയെങ്കിലും ബട്‌ലർ മത്സരം ഫിനിഷ് ചെയ്തു. രണ്ടാം വിക്കറ്റിൽ ഇരുവരും 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയതോടെ വിജയലക്ഷ‍്യം അനായാസ‍്യം മറികടക്കാൻ സാധിച്ചു.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പർ കിങ്സ് ക‍്യാപ്റ്റൻ റുതുരാജ് ഗെയ്ക്‌വാദിന്‍റെ അർധസെഞ്ചുറിയുടെ മികവിലാണ് 158 റൺസ് അടിച്ചെടുത്തത്. റുതുരാജിനു പുറമെ ഓൾറൗണ്ടർ ശിവം ദുബെ (22), കാർത്തിക് ശർമ (9 പന്തിൽ 15), ജാമി ഓവർടൺ (6 പന്തിൽ 18) സഞ്ജു സാംസൺ (15 പന്തിൽ 11) എന്നിവർ മാത്രമാണ് രണ്ടക്കം കടന്നത്. ഉർവിൽ പട്ടേൽ (4), സർഫറാസ് ഖാൻ (0), ഡെവാൾഡ് ബ്രെവിസ് (2) അടക്കമുള്ള താരങ്ങൾ നിരാശപ്പെടുത്തി.

ഗുജറാത്തിനു വേണ്ടി കാഗിസോ റബാഡ മൂന്നും അർഷാദ് ഖാൻ രണ്ടും മാനവ് സുതാർ, മുഹമ്മദ് സിറാജ് എന്നിവർ ഓരോ വിക്കറ്റ് വീതം പിഴുതു. തുടക്കത്തിലെ തന്നെ ചെന്നൈയ്ക്ക് ബാറ്റിങ് തകർച്ച നേരിട്ടിരുന്നു. 21 റൺസിൽ നിൽക്കെയാണ് ആദ‍്യ വിക്കറ്റ് നഷ്ടമാകുന്നത്. സഞ്ജു സാംസണാണ് ആദ‍്യം പുറത്തായത്.

തെട്ടു പിന്നാലെ ഉർവിൽ പട്ടേലും സർഫറാസ് ഖാനും പുറത്തായതോടെ 3 വിക്കറ്റ് നഷ്ടത്തിൽ 26 റൺസെന്ന നിലയിലായി ചെന്നൈ. പിന്നീട് അഞ്ചാം വിക്കറ്റിൽ ഗെയ്ക്‌വാദും ശിവം ദുബെയും ഒന്നിച്ച് 50 റൺസ് അടിച്ചെടുത്തതോടെയാണ് കൂട്ടത്തകർച്ചയിൽ നിന്നും കരകയറാനായത്. ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ കാർത്തിക് ശർമ, എട്ടാമനായി ബാറ്റിങ്ങിനിറങ്ങിയ ജാമി ഓവർടൺ എന്നിവർ അവസാനം മിന്നൽ പ്രകടനം കാഴ്ചവച്ചതോടെ 158 റൺസിലെത്തി ചേരുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com