
ഈഡനിൽ റസൽ ഷോ; 207 റൺസ് വിജയലക്ഷ‍്യം
കോൽക്കത്ത: നിസാര വ്യത്യാസത്തിനു മത്സരങ്ങൾ തോൽക്കുന്ന പതിവ് രാജസ്ഥാൻ റോയൽസ് ആവർത്തിച്ചു. ഇക്കുറി കോൽക്കത്ത നൈറ്റ് റൈഡേഴ്സിനോടു തോറ്റത് വെറും ഒറ്റ റണ്ണിന്. അവസാന ഓവറിൽ ജയിക്കാൻ 21 റൺസാണ് വേണ്ടിയിരുന്നത്. മൂന്നാം പന്തിൽ സിക്സും നാലാം പന്തിൽ ഫോറും അഞ്ചാം പന്തിൽ വീണ്ടും സിക്സും നേടിയ ശുഭം ദുബെ വിജയലക്ഷ്യം അവസാന പന്തിൽ രണ്ടാക്കി കുറച്ചു. പക്ഷേ, വൈഭവ് അറോറ എറിഞ്ഞ അവസാന പന്തിൽ ജോഫ്ര ആർച്ചർ റണ്ണൗട്ടായതോടെ കളി കോൽക്കത്ത ഒരു റണ്ണിനു ജയിക്കുകയായിരുന്നു. ഇതോടെ, ടൂർണമെന്‍റിൽ സാങ്കേതികമായെങ്കിലും ജീവൻ നിലനിർത്താൽ കെകെആറിനു സാധിച്ചു.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത കോൽക്കത്ത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 206 റൺസാണ് നേടിയത്. 25 പന്തിൽ 6 സിക്സറും 4 ബൗണ്ടറിയും അടക്കം 57 റൺസ് നേടി പുറത്താവാതെ നിന്ന ആന്ദ്രെ റസലാണ് കോൽക്കത്തയുടെ ടോപ് സ്കോറർ. രാജസ്ഥാനു വേണ്ടി ജോഫ്ര ആർച്ചർ, മഹീഷ് തീക്ഷണ, യുദ്ധ്‌വീർ സിങ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
മികച്ച തുടക്കമാണ് കോൽക്കത്തയ്ക്ക് ലഭിച്ചത്. പവർപ്ലേ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 56 റൺസെന്ന നിലയിലായിരുന്നു ടീം. ഓപ്പണിങ് ബാറ്റർ സുനിൽ നരെയ്ന്‍റെ (11) വിക്കറ്റാണ് നഷ്ടമായത്.
പിന്നാലെ ക്രീസിലെത്തിയ നായകൻ അജിങ്ക‍്യ രഹാനെയോടൊപ്പം ചേർന്ന് റഹ്മാനുള്ള ഗുർബാസ് ടീം സ്കോർ ഉയർത്തിയെങ്കിലും 35 റൺസിൽ നിൽക്കെ റഹ്മാനുള്ളയെ (35) മഹീഷ് തീക്ഷണ പുറത്താക്കി. ഇതോടെ പ്രതിരോധത്തിലായ ടീമിനെ അംഗ്കൃഷ് രഘുവംശിയാണ് പിന്നെ മുന്നോട്ട് കൊണ്ടുപോയത്. 31 പന്തിൽ 5 ബൗണ്ടറി അടക്കം 44 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ഇന്നിങ്സ്.
ഇതിനിടെ ടീം സ്കോർ 111ൽ നിൽക്കെ രഹാനെ (30) പുറത്തായി. നാലാം വിക്കറ്റിൽ രഘുവംശിയും റസലും ചേർന്ന് വെടിക്കെട്ട് പ്രകടനം തുടർന്നു. ടീം സ്കോർ 172ൽ നിൽക്കെ രഘുവംശിയെ ജോഫ്ര ആർച്ചർ മടക്കി. അവസാന ഓവറുകളിൽ റിങ്കു സിങ് 6 പന്തിൽ 19 റൺസ് കൂടി ചേർത്തതോടെ ടീം സ്കോർ 206 റൺസിലെത്തി.
മറുപടി ബാറ്റിങ്ങിൽ രാജസ്ഥാന്‍റെ തുടക്കം തകർച്ചയോടെയായിരുന്നു. വൈഭവ് സൂര്യവംശിയും (4) കുനാൽ സിങ് റാത്തോഡും (0) പുറത്താകുമ്പോൾ ടീം സ്കോർ വെറും എട്ട്. എന്നാൽ, യശസ്വി ജയ്സ്വാളിനൊപ്പം (21 പന്തിൽ 34) പ്രത്യാക്രമണം നടത്തിയ ക്യാപ്റ്റൻ റിയാൻ പരാഗ് രാജസ്ഥാനു പ്രതീക്ഷ പകർന്നു.
പക്ഷേ, ജയ്സ്വാളിനു പിന്നാലെ ധ്രുവ് ജുറലും (0) വനിന്ദു ഹസരംഗയും (0) കൂടി പുറത്തായപ്പോൾ രാജസ്ഥാൻ 71/5 എന്ന നിലയിൽ വീണ്ടും തകർന്നു. അവിടെനിന്ന് ഷിമ്രോൺ ഹെറ്റ്മെയറെ (23 പന്തിൽ 29) കൂട്ടുപിടിച്ച് പരാഗ് ആക്രമണം തുടർന്നു. 45 പന്തിൽ ആറ് ഫോറും എട്ട് സിക്സറും ഉൾപ്പെട്ടതായിരുന്നു പരാഗിന്‍റെ ഇന്നിങ്സ്. ഇതിൽ രണ്ടോവറുകളിലായി തുടരെ ആറ് സിക്സറുകളും ആർആർ ക്യാപ്റ്റൻ നേടി. ഇതിൽ അഞ്ചെണ്ണം മൊയീൻ അലിയുടെ ഓവറിലായിരുന്നു.
16, 18 ഓവറുകളിലായി ഹർഷിത് റാണ ഇരുവരെയും പുറത്താക്കിയത് കളിയിൽ വഴിത്തിരിവായി. വീണ്ടും കെകെആർ വിജയമുറപ്പിച്ച ഘട്ടത്തിലായിരുന്നു ശുഭം ദുബെയുടെ ആളിക്കത്തൽ. പക്ഷേ, അതും ലക്ഷ്യത്തിന് ഒരു റൺ അകലെ അവസാനിക്കുകയായിരുന്നു.