
മൊഹാലി: കൂറ്റൻ റൺമല കയറാനായില്ല പഞ്ചാബിനെതിരെ ലഖ്നൗ സൂപ്പർ ജയന്റ്സിന് 56 റൺസിൻ്റെ സൂപ്പർ വിജയം. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ടീം ടോട്ടൽ ലക്ഷ്യമിട്ട് ഇറങ്ങിയ പഞ്ചാബ് 10 വിക്കറ്റ് നഷ്ടത്തിൽ 201 റൺസിൽ അവസാനിച്ചു.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 257 റൺസാണ് അടിച്ചുകൂട്ടിയത്. മാർക്കസ് സ്റ്റോയ്നിസ്, ബദോനി, പൂരൻ എന്നിവരുടെ ഒന്നാന്തരം പ്രകടനമാണ് ലഖ്നൗവിന് മികച്ച ടോട്ടൽ സമ്മാനിച്ചത്. 2013ൽ പൂനെ വാര്യേഴ്സിനെതിരേ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് നേടിയ 263/5 ആണ് ഉയർന്ന സ്കോർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഥർവ ടൈഡി(66)ൻ്റെ തിരിച്ചടിയിൽ പഞ്ചാബ് മികച്ച മുന്നേറ്റമാണ് നടത്തിയത്. എന്നാൽ പതിമൂന്നാം ഓവറിൽ ബിഷ്‌ണോയിയുടെ പന്തിൽ അഥർവ പുറത്തായത് പഞ്ചാബിന് തിരിച്ചടിയായി. അവസാന ഓവറുകളിൽ ജിതേഷ് ശർമ സ്കോർ വേഗത കൂട്ടിയെങ്കിലും ലഖ്നൗ മുന്നേറ്റം തടഞ്ഞു. അതേ ഓവറിലെ അവസാന പന്തില്‍ രാഹുല്‍ ചഹാർ ഗോള്‍ഡന്‍ ഡക്കായും മടങ്ങി.
നവീനെറിഞ്ഞ 19-ാം ഓവറില്‍ കാഗിസോ റബാഡയുടെ വിക്കറ്റ് നഷ്ടമായപ്പോൾ പഞ്ചാബിന് ജയിക്കാൻ 59 റണ്‍സ് വേണമായിരുന്നു. അവസാന ഓവറിൽ ഒരു പന്ത് ബാക്കി നിൽക്കേ ഷാരൂഖ് ഖാനേയും പുറത്താക്കി ലഖ്നൗ വിജയം പിടിച്ചടക്കി. അർഷ്ദീപ്(2) പുറത്താവാതെ നിന്നു.
ശിഖർ ധവാൻ(1), പ്രഭ് സിമ്രൻ സിംഗ് (9) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ സിക്കന്ദർ റാസ(36), ലിയാം ലിവിംഗ്സ്റ്റൺ(23), സാം കറൻ(21), ജിതേഷ് ശർമ(24) എന്നിവർ ബേധപ്പെട്ട പ്രകടനം കാഴ്‌ചവച്ചു.
ക്യാപ്റ്റൻ കെ.എൽ. രാഹുൽ (12) പുറത്തായ ശേഷം കൈൽ മെയേഴ്സ് (24 പന്തിൽ 54), ആയുഷ് ബദോനി (24 പന്തിൽ 43), മാർക്കസ് സ്റ്റോയ്നിസ് (40 പന്തിൽ 72), നിക്കൊളാസ് പുരാൻ (19 പന്തിൽ 45) എന്നിവർ നടത്തിയ വെടിക്കെട്ടാണ് ലഖ്നൗവിന് കൂറ്റൻ സ്കോർ ഉറപ്പാക്കിയത്.
നാലോവറിൽ 29 റൺസ് വഴങ്ങിയ രാഹുൽ ചഹർ ഒഴികെ എല്ലാ പഞ്ചാബ് ബൗളർമാരും ഓവറിൽ ശരാശരി 12 റൺസിലധികം വിട്ടുകൊടുത്തു. കാഗിസോ റബാഡ രണ്ട് വിക്കറ്റ് നേടിയപ്പോൾ, അർഷ്ദീപ് സിങ്, സാം കറൻ, ലിയാം ലിവിങ്സ്റ്റൺ എന്നിവർക്ക് ഓരോ വിക്കറ്റ് കിട്ടി.
ലഖ്നൗവിനായി യാഷ് താക്കൂർ നാലും നവീന്‍ ഉള്‍ ഹഖ് മൂന്നും രവി ബിഷ്ണോയി രണ്ടും മാർക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റും വീഴ്ത്തി.