റിക്കിൾടൺ–തിലക് വെടിക്കെട്ട്; അവസാന ഓവറിൽ പഞ്ചാബിനെ തകർത്ത് മുംബൈയ്ക്ക് ആശ്വാസ ജയം

20 ഓവറിൽ പഞ്ചാബ് ഉയർത്തിയ 201 റൺസ് വിജയലക്ഷ‍്യം മുംബൈ 6 വിക്കറ്റ് ശേഷിക്കെ അവസാന ഓവറിൽ മറികടന്നു
ipl mumbai indians vs punjab kings match updates

പഞ്ചാബ് കിങ്സിനെതിരേ ബാറ്റ് ചെയ്യുന്ന മുംബൈ ഇന്ത്യൻസ് താരം തിലക് വർമ.

Updated on

ധരംശാല: പഞ്ചാബ് കിങ്സിനെതിരായ ഐപിഎൽ മത്സരത്തിൽ‌ മുംബൈ ഇന്ത‍്യൻസിന് ആവേശകരമായ വിജയം. നിശ്ചിത 20 ഓവറിൽ പഞ്ചാബ് ഉയർത്തിയ 201 റൺസ് വിജയലക്ഷ‍്യം മുംബൈ 6 വിക്കറ്റ് ശേഷിക്കെ അവസാന ഓവറിൽ മറികടന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കു വേണ്ടി ഓപ്പണിങ് ബാറ്റർ റയാൻ റിക്കിൾട്ടൺ മത്സരത്തിന്‍റെ തുടക്കത്തിലേ തന്നെ വെടിക്കെട്ട് പ്രകടനം കാഴ്ചവച്ചു. 23 പന്തിൽ നിന്നും 4 ബൗണ്ടറിയും 4 സിക്സും അടക്കം 48 റൺസ് അടങ്ങുന്നതായിരുന്നു താരത്തിന്‍റെ ബാറ്റിങ് പ്രകടനം.

റിക്കിൾടണിനു പുറമെ തിലക് വർമ 25 പന്തിൽ അർധസെഞ്ചുറി നേടി. അതോടെ മുംബൈ ബാറ്റിങ് നിരയിലെ ടോപ് സ്കോററായി തിലക് വർമ. 33 പന്തുകൾ നേരിട്ട താരം 73 റൺസാണ് പുറത്താകാതെ അടിച്ചെടുത്തത്.

ഇരുവർക്കും പുറമെ ഷെർഫെയ്ൻ റൂഥർഫോർഡും (20) രോഹിത് ശർമയും (25) തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചു. പഞ്ചാബിനു വേണ്ടി അസ്മത്തുള്ള ഒമർസായി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ യുസ്‌വേന്ദ്ര ചഹലും മാർക്കോ യാൻസനും ഓരോ വിക്കറ്റ് വീതം പിഴുതു.

വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ മുംബൈയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണിങ് ബാറ്റർ റയാൻ റിക്കിൾടൺ സമ്മാനിച്ചത്. രോഹിത് ശർമയെ മറുവശത്ത് കാഴ്ചക്കാരനാക്കി നിർത്തി പഞ്ചാബ് ബാറ്റർമാരെ യാതൊരു ഭയവുമില്ലാതെ തല്ലിച്ചതച്ചു. ഒന്നാം വിക്കറ്റിൽ 61 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കാൻ ഇരുവർക്കും സാധിച്ചു. പവർപ്ലേ പൂർത്തിയാകുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 59 റൺസുണ്ടായിരുന്നു ടീമിന്.

ഒടുവിൽ അസ്മത്തുള്ള ഒമർസായി ആണ് റയാൻ റിക്കിൾട്ടണെ പുറത്താക്കി കൂട്ടുകെട്ട് പൊളിച്ചത്. മൂന്നാമനായെത്തിയ നമൻ ധീറിന് (6 പന്തിൽ 9) തിളങ്ങാനായില്ല. ഉടനെ തന്നെ രോഹിത് ശർമയും മടങ്ങിയതോടെ മുംബൈ പ്രതിരോധത്തിലായി. എന്നാൽ, നാലാം വിക്കറ്റിൽ തിലക് വർമയും ഷെർഫെയ്ൻ റൂഥർഫോർഡും ഒന്നിച്ച് 50 റൺസ് കൂട്ടുകെട്ടുണ്ടാക്കിയത് ടീമിന് ആശ്വാസമായി.

16.3 ഓവറിൽ ഷെർഫെയ്ൻ റൂഥർഫോർഡിനെ അസ്മത്തുള്ള മടക്കി അയച്ചു. ആറാമനായി എത്തിയ വിൽ ജാക്സ് മറുവശത്ത് തിലകിനെ പിന്തുണച്ച് റൺസ് കണ്ടെത്തി. 10 പന്ത് മാത്രം നേരിട്ട താരം 25 റൺസാണ് അടിച്ചെടുത്തത്. അവസാന ഓവറുകളിൽ വിൽ‌ ജാക്സ് കണ്ടെത്തിയ ബൗണ്ടറികളാണ് മുംബൈയുടെ വിജയത്തിൽ നിർണായകമായത്.

നേരത്തെ ആദ‍്യം ബാറ്റ് ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 200 റൺസ് അടിച്ചെടുത്തു. 32 പന്തിൽ 6 ബൗണ്ടറിയും 4 സിക്സും അടക്കം 57 റൺസ് അടിച്ചെടുത്ത പ്രഭ്‌സിമ്രാൻ സിങ്ങാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. പ്രഭ്‌സിമ്രാനു പുറമെ ഓപ്പണിങ് ബാറ്റർ പ്രിയാംശ് ആര‍്യയും (17 പന്തിൽ 22) കൂപ്പർ കോണോലിയും (21 പന്തിൽ 22) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുവെങ്കിലും അധിക നേരം ക്രീസിൽ പിടിച്ചുനിൽക്കാനായില്ല.

മുംബൈയ്ക്ക് വേണ്ടി ശാർദൂൽ ഠാക്കൂർ‌ നാലു വിക്കറ്റ് വീഴ്ത്തിയപ്പോൾ ദീപക് ചാഹർ രണ്ടും, കോർബിൻ ബോഷ്, രാജ് ഭാവ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ഓപ്പണർമാരായ പ്രിയാംശ് ആര‍്യയും പ്രഭ്‌സിമ്രാൻ സിങ്ങും സമ്മാനിച്ചത്.

ഒന്നാം വിക്കറ്റിൽ തന്നെ 50 റൺസിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്താൻ ഇരുവർക്കും സാധിച്ചു. പവർപ്ലേ പൂർത്തിയാകുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 55 റൺസെന്ന നിലയിലായിരുന്നു ടീം. ദീപക് ചാഹർ എറിഞ്ഞ ആദ‍്യ ഓവറിലെ രണ്ടാം പന്തിൽ ബൗണ്ടറി പറത്തികൊണ്ട് പ്രിയാംശ് ആര‍്യയാണ് പഞ്ചാബിന്‍റെ വെടിക്കെട്ടിന് തുടക്കമിട്ടത്.

രണ്ടാം ഓവർ എറിഞ്ഞ ക‍്യാപ്റ്റൻ ജസ്പ്രീത് ബുംറയെ രണ്ട് ബൗണ്ടറി പറത്തി പ്രഭ്സിമ്രാനും റൺസ് കണ്ടെത്തി. ഒടുവിൽ 5.3 ഓവറിൽ ദീപക് ചാഹർ എറിഞ്ഞ ഇൻസ്വിങ്ങറിലാണ് പ്രിയാംശ് ആര‍്യ പുറത്താകുന്നത്. എന്നാൽ രണ്ടാം വിക്കറ്റിൽ കൂപ്പർ കോണോലി പ്രഭ്സിമ്രാനൊപ്പം ചേർന്ന് സഖ‍്യമുണ്ടാക്കി സ്കോർബോർഡ് ചലിപ്പിച്ചു.

33 പന്തിൽ 50 റൺസിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. പക്ഷേ 11.2 ഓവറിൽ പ്രഭ്സിമ്രാനെ പുറത്താക്കി ശാർദൂൽ ഠാക്കൂർ കൂട്ടുകെട്ട് പൊളിച്ചത് തിരിച്ചടിയായി. പിന്നാലെയെത്തിയ പഞ്ചാബ് ക‍്യാപ്റ്റൻ ശ്രേയസ് അയ്യരെയും (4) സൂര‍്യാംശ് ഷെഡ്ഗെയെയും (8) ശാർദൂൽ ഠാക്കൂർ‌ പുറത്താക്കിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി. പിന്നാലെയെത്തിയവരിൽ അസ്മത്തുള്ള ഒമർസായി (17 പന്തിൽ 38), ഇംപാക്റ്റ് പ്ലെയറായി ബാറ്റിങ്ങിനിറങ്ങിയ മലയാളി താരം വിഷ്ണു വിനോദ് (8 പന്തിൽ 15), സേവ‍്യർ ബാർട്‌ലെറ്റ് (7 പന്തിൽ 18 റൺസ്) എന്നിവർ തരക്കേടില്ലാത്ത പ്രകടനം കാഴ്ചവച്ചതോടെ 200 റൺസിലെത്തുകയായിരുന്നു പഞ്ചാബ്.

logo
Metro Vaartha
www.metrovaartha.com