
മുംബൈ: പരുക്കിന്റെ പിടിയിലുള്ള ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയ്ക്ക് അടുത്ത മാസം ആരംഭിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗും നഷ്ടമാകും. ബുമ്രയുടെ തിരിച്ചുവരവ് ഇനിയും വൈകിയേക്കുമെന്നാണ് വിവരം. ദേശീയ ക്രിക്കറ്റ് അക്കാഡമിയിലുള്ള ബുമ്രയുടെ പരിശോധന നടത്തിയപ്പോൾ പരുക്ക് ഗുരുതരമാണെന്നാണ് കണ്ടത്തിയത്. അതുകൊണ്ട് തിരിച്ചുവരവ് വൈകുമെന്ന് ബിസിസിഐ വൃത്തങ്ങൾ സൂചന നൽകി. ഇന്ത്യൻ ടീമിനെക്കാൾ ഐപിഎല്ലിൽ ാതാരത്തിന്റെ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിനാണ് ബുമ്രയുടെ അഭാവം കൂടുതൽ തിരിച്ചടിയാകുന്നത്. അതോടൊപ്പം ഇന്ത്യ യോഗ്യത നേടുകയാണെങ്കില്‍ ജൂണില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും താരത്തിന് കളിക്കാനായേക്കില്ല. കടുത്ത നടുവേദനയെ തുടര്‍ന്നാണ് താരം വിട്ടുനില്‍ക്കുന്നത്.
2022 സെപ്റ്റംബര്‍ 25-ന് ഓസ്ട്രേലിയക്കെതിരേ നടന്ന ട്വന്റി 20 മത്സരത്തിലാണ് ബുമ്ര അവസാനമായി കളത്തിലിറങ്ങിയത്. പിന്നീട് അഞ്ച് മാസത്തോളമായി താരം ടീമിന് പുറത്താണ്. ബുംറയെ ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ വെച്ച് നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനായി സജ്ജനാക്കുക എന്നതാണ് ഇന്ത്യന്‍ ടീമിന്റെ ലക്ഷ്യം. നേരത്തെ ഓസ്ട്രേലിയയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളില്‍ ബുമ്ര കളിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍.സി.എ.) നിന്ന് ബുംറയ്ക്ക് അനുമതി ലഭിച്ചിരുന്നില്ല.
പരുക്കിനെ തുടര്‍ന്ന് കഴിഞ്ഞ ഏഷ്യാ കപ്പ്, ട്വന്റി 20 ലോകകപ്പ്, ബംഗ്ലാദേശ് പര്യടനം, ശ്രീലങ്കയ്ക്കും ന്യൂസീലന്‍ഡിനുമെതിരായ നാട്ടിലെ പരമ്പരകള്‍ ഇപ്പോഴത്തെ ഓസ്ട്രേലിയന്‍ ടെസ്റ്റ് പരമ്പര തുടങ്ങിയവയെല്ലാം താരത്തിന് നഷ്ടമായിരുന്നു. ജൂണിലോ ജൂലൈയിലോ ലണ്ടനില്‍ നടക്കാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും തുടര്‍ന്ന് ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിലും ബുംറയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനായി ബോര്‍ഡ് കൃത്യമായ ജാഗ്രത പുലര്‍ത്തുന്നുണ്ട്.