
ന്യൂഡൽഹി: ഇന്ത്യക്കെതിരായ പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലെ തോൽവിക്ക് പിന്നാലെ ഓസ്ട്രേലിയക്ക് വൻ തിരിച്ചടി. കാലിന്റെ ഉപ്പൂറ്റിക്ക് പരുക്കേറ്റ് ആദ്യ രണ്ട് ടെസ്റ്റുകളും നഷ്ടമായ പേസര്‍ ജോഷ് ഹേസല്‍വുഡ് പരമ്പരയില്‍ നിന്ന് പുറത്തായി. ജനുവരിയില്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ കാലിന് പരുക്കേറ്റ ഹേസല്‍വുഡിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് താരം നാട്ടിലേക്ക് മടങ്ങുന്നത്.
നേരത്തെ വ്യക്തിപരായ കാരണങ്ങളാല്‍ ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് രണ്ടാം ടെസ്റ്റിനുശേഷം നാട്ടിലേക്ക് മടങ്ങിയിരുന്നു. മാര്‍ച്ച് ഒന്നിന് ഇന്‍ഡോറില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിന് മുമ്പ് കമിന്‍സ് ഇന്ത്യയില്‍ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കമിന്‍സ് തിരിച്ചെത്തിയില്ലെങ്കില്‍ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ആവും ഓസ്ട്രേലിയയെ നയിക്കുക.
അതിനിടെ കമിന്‍സിനും ഹേസല്‍വുഡിനും പുറമെ മൂന്ന് താരങ്ങള്‍ കൂടി ഓസ്ട്രേലിയന്‍ ടീം ക്യാംപ് വിട്ട് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതായി ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടാം ടെസ്റ്റില്‍ ബാറ്റിങ്ങിനിടെ പരുക്കേറ്റ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍, ആഷ്ടണ്‍ ആഗര്‍, മാറ്റ് റെന്‍ഷാ എന്നിവരാണ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നത്.
രണ്ടാം ടെസ്റ്റില്‍ പന്ത് ഹെല്‍മറ്റില്‍ കൊണ്ടതിനെത്തുടര്‍ന്ന് രണ്ടാം ഇന്നിങ്സില്‍ വാര്‍ണര്‍ കണ്‍കഷന്‍ വിധേയനായിരുന്നു. വാര്‍ണര്‍ക്ക് പകരം റെന്‍ഷാ ആണ് രണ്ടാം ഇന്നിങ്സിൽ ഓസ്ട്രേലിയക്കായി ബാറ്റിങ്ങിനിറങ്ങിയത്. വാര്‍ണര്‍ക്കൊപ്പം ഫിറ്റ്നെസ് പ്രശ്നങ്ങളുള്ള മാറ്റ് റെന്‍ഷാ, ആഷ്ടണ്‍ അഗര്‍, ടോഡ് മര്‍ഫി എന്നിവരാണ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്നതെന്ന് ഓസീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പരുക്കേറ്റ സ്റ്റാർ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ഓള് റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ആദ്യ രണ്ട് ടെസ്റ്റില്‍ കളിച്ചിരുന്നില്ല, ഇരുവരും മൂന്നാം ടെസ്റ്റില്‍ കളിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടീമിലെ മാറ്റങ്ങള്‍ സംബന്ധിച്ച് നാളെ ചേരുന്ന സെലക്ഷന് കമ്മിറ്റി യോഗം തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. നാലു മത്സര പരമ്പരയില്‍ ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച് ഇന്ത്യ പരമ്പരയില്‍ 2-0ന് മുന്നിലാണ്. മാര്‍ച്ച് ഒന്ന് മുതല്‍ ഇന്‍ഡോറിലാണ് മൂന്നാം ടെസ്റ്റ്.