കത്തി ജ്വലിച്ച് മുകുൾ ചൗധരി; അവസാന ഓവറിൽ തിരിച്ചടിച്ച് ലഖ്നൗ

നിശ്ചിത 20 ഓവറിൽ കോൽക്കത്ത ഉയർത്തിയ 182 റൺസ് വിജയലക്ഷ‍്യം ലഖ്നൗ സൂപ്പർ ജ‍യന്‍റ്സ് അവസാന ഓവറിലെ അവസാന പന്തിൽ മറികടന്നു
kolkata knight riders vs lucknow super giants ipl match updates

മുകുൽ ചൗധരി

Updated on

കോൽക്കത്ത: ഐപിഎല്ലിൽ‌ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന് തോൽവി. നിശ്ചിത 20 ഓവറിൽ കോൽക്കത്ത ഉയർത്തിയ 182 റൺസ് വിജയലക്ഷ‍്യം ലഖ്നൗ സൂപ്പർ ജ‍യന്‍റ്സ് അവസാന ഓവറിലെ അവസാന പന്തിൽ മറികടന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ലഖ്നൗവിന് മോശമല്ലാത്ത തുടക്കമാണ് ഓപ്പണർമാരായ എയ്ഡൻ മാർക്രവും (15 പന്തിൽ 22) മിച്ചൽ മാർഷും (11 പന്തിൽ 15) സമ്മാനിച്ചത്. ഒന്നാം വിക്കറ്റിൽ 41 റൺസിന്‍റെ കൂട്ടുകെട്ടുണ്ടാക്കാൻ ഇരുവർക്കും സാധിച്ചു.

ക‍്യാപ്റ്റൻ ഋഷഭ് പന്ത് 9 പന്തിൽ നിന്നും 10 റൺസെടുത്ത് മടങ്ങി. നിക്കൊളാസ് പുരാൻ (13), അബ്ദുൾ സമദ് (2) എന്നിവർ തിളങ്ങിയില്ല. എന്നാൽ, മുകുൾ ചൗധരിയും ആയുഷ് ബദോനിയും (34 പന്തിൽ 54) നേടിയ അർധ സെഞ്ചുറികൾ ലഖ്നൗവിന്‍റെ വിജയത്തിൽ നിർണായകമായി.

ഒരു ഘട്ടത്തിൽ 4 വിക്കറ്റ് നഷ്ടത്തിൽ 95 റൺസെന്ന നില‍യിലായിരുന്നു ലഖ്നൗ. വിജയ പ്രതീക്ഷ അസ്തമിച്ചെന്ന് കരുതിയ നിമിഷത്തിൽ നിന്നാണ് ആയുഷ് ബദോനി സ്കോർ ബോർഡ് ചലിപ്പിച്ച് ടീമിന് ആത്മവിശ്വാസം നൽകിയത്. എന്നാൽ, 14.4 ഓവറിൽ ബദോനി പുറത്തായതോടെ ലഖ്നൗവിന്‍റെ റൺ റേറ്റ് കുറഞ്ഞു. പിന്നാലെയെത്തിയ മുഹമ്മദ് ഷമിയും പുറത്തായതോടെ 7 വിക്കറ്റ് നഷ്ടത്തിൽ 128 റൺസെന്ന നിലയിലായി.

ഇവിടെ നിന്നാണ് ഏഴാമനായി ക്രീസിലെത്തിയ മുകുൾ ചൗധരി ലഖ്നൗവിന്‍റെ രക്ഷകനായി അവതരിച്ചത്. 27 പന്തിൽ 7 സിക്സും 2 ഫോറും അടക്കം 54 റൺസാണ് താരം അടിച്ചെടുത്തത്.

കോൽക്കത്തയ്ക്കു വേണ്ടി വൈഭവ് അറോറയും അനുകുൽ റോയ്‌യും രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ സുനിൽ നരയെ്ൻ, കാർത്തിക് ത‍്യാഗി, കാമറൂൺ ഗ്രീൻ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

നേരത്തെ, ആദ‍്യം ബാറ്റ് ചെയ്ത കോൽക്കത്ത നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 181 റൺസാണ് അടിച്ചെടുത്തത്. എല്ലാ ടീമുകളും 200 റൺസിനു മേലെ റൺസ് ഉയർത്തുമ്പോൾ ഹോം ഗ്രൗണ്ടിൽ പോലും മികച്ച സ്കോർ ഉയർത്താൻ കോൽക്കത്തയ്ക്ക് സാധിക്കുന്നില്ല.

33 പന്തിൽ നിന്നും 5 ബൗണ്ടറിയും 2 സിക്സും അടക്കം 45 റൺസ് അടിച്ചെടുത്ത അംഗ്കൃഷ് രഘുവംശിയാണ് ടീമിന്‍റെ ടോപ് സ്കോറർ. പ്രിൻസ് യാദവ്, എം. സിദ്ധാർഥ്, ആവേശ് ഖാൻ, ദിഗ്‌വേഷ് രഥി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടപ്പെട്ട് ഈഡൻ ഗാർഡനിൽ ബാറ്റിങ്ങിനിറങ്ങിയ കോൽക്കത്തയ്ക്ക് അത്ര മികച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ആദ‍്യ ഓവർ എറിഞ്ഞ മുഹമ്മദ് ഷമിയെ പ്രതിരോധിക്കാൻ പാടുപെടുന്ന ഫിൻ അലനെയാണ് കണ്ടത്. രണ്ടാം ഓവറിൽ പ്രിൻസ് യാദവിനെ രണ്ടു ബൗണ്ടറി പറത്തി അലൻ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും 1.4 ഓവറിൽ ദിഗ്‌വേഷ് രഥിക്ക് ക‍്യാച്ച് നൽകി മടങ്ങി.

പിന്നാലെയെത്തിയ അംഗ്കൃഷ് രഘുവംശി രഹാനെയ്ക്കൊപ്പം ചേർന്ന്50 റൺസ് കൂട്ടുകെട്ട് ഉയർത്തിയതോടെ റൺസ് ഉയർന്നു. 10.2 ഓവറിലാണ് പിന്നീട് രണ്ടാം വിക്കറ്റ് ടീമിന് നഷ്ടമാകുന്നത്. അജിങ്ക‍്യ രഹാനെയാണ് പുറത്തായത്. ഇതോടെ റൺറേറ്റ് കുറഞ്ഞു. അടുത്ത ഓവറിൽ അംഗ്കൃഷ് രഘുവംശിയെ സിദ്ധാർഥും റിങ്കു സിങ്ങിനെ ആവേശ് ഖാനും പുറത്താക്കിയതോടെ കോൽക്കത്ത പ്രതിരോധത്തിലായി.

ആറാമനായി എത്തിയ റൊവ്മാൻ പവലിന്‍റെ വെടിക്കെട്ട് പ്രകടനമാണ് റൺസ് വീണ്ടും ഉയരാൻ സഹായകരമായത്. 24 പന്തുകൾ മാത്രമെ ബാറ്റ് ചെയ്തുള്ളുവെങ്കിലും 39 റൺസ് പവൽ അടിച്ചെടുത്തു. കാമറൂൺ ഗ്രീനിന് എൽഎസ്ജിയുടെ ബൗളർമാർക്കു മുന്നിൽ ആക്രമണോത്സുക പുറത്തെടുക്കാൻ സാധിച്ചില്ല. അവസാന ഓവറുകളിലാണ് ഗ്രീൻ റൺസ് കണ്ടെത്തിയത്. 24 പന്തിൽ 32 റൺസാണ് ഗ്രീനിന്‍റെ സമ്പാദ‍്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com