ഇതാ കരുൺ കാത്തിരുന്ന ആ അവസരം

ഐപിഎൽ മത്സരം കണ്ട ഏഴരക്കോടിയോളം ആരാധകർക്കു മുന്നിൽ ആഹ്ളാദനൃത്തം പോലെ ആടിത്തിമിർത്ത ഒരിന്നിങ്സുമായി അയാൾ പ്രഖ്യാപിക്കുകയാണ്, ഞാൻ ഇവിടെത്തന്നെയുണ്ട്!
Delhi Capitals batter Karun Nair plays a lofted shot against Mumbai Indians in IPL 2025

മുംബൈ ഇന്ത്യൻസിനെതിരേ ഡൽഹി ക്യാപ്പിറ്റൽസ് താരം കരുൺ നായരുടെ ലോഫ്റ്റഡ് ഷോട്ട്

Updated on

വി.കെ. സഞ്ജു

ഇക്കഴിഞ്ഞ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് സീസണിൽ കരുൺ നായർ വിദർഭയ്ക്കു വേണ്ടി സെഞ്ചുറികൾ കൊയ്തുകൂട്ടുമ്പോഴൊക്കെ ആവർത്തിച്ചു വായിക്കപ്പെട്ട ഒരു ട്വീറ്റുണ്ട്- ''Dear cricket, give me one more chance''.

2022 ഡിസംബർ 10ന് കരുൺ ട്വിറ്ററിൽ കുറിച്ചതായിരുന്നു അത്. കർണാടകയുടെ എല്ലാ ഫോർമാറ്റുകളിലുമുള്ള ക്രിക്കറ്റ് ടീമുകളിൽ നിന്നു പുറത്താക്കപ്പെട്ട ഒരു മുപ്പത്തൊന്നുകാരന്‍റെ ആത്മസംഘർഷം അന്ന് ഇന്ത്യൻ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ നൊമ്പരമായി പടർന്നു.

വീരേന്ദർ സെവാഗിനെക്കൂടാതെ ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യക്കാരൻ, മലയാളി. അയാൾ തീർച്ചയായും ഒരവസരം കൂടി അർഹിച്ചിരുന്നു. അതു കിട്ടുകയും ചെയ്തു, വിദർഭ അയാളെ സർവാത്മനാ സ്വാഗതം ചെയ്തു, അയാളവരെ വലിയ വിജയങ്ങളിലേക്കു കൈപിടിച്ചു നടത്തി, ഒപ്പം ഇന്ത്യൻ ക്രിക്കറ്റിൽ തന്‍റെ കാലം കഴിഞ്ഞിട്ടില്ലെന്നു തെളിയിക്കുകയും ചെയ്തു.

മൂന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം കരുൺ ഒരു ഐപിഎൽ മത്സരം കളിക്കാനിറങ്ങുന്നത് ഇക്കഴിഞ്ഞ ദിവസമാണ്- ഫാഫ് ഡു പ്ലെസിക്കു പരുക്കേറ്റതുകൊണ്ടു മാത്രം ഇംപാക്റ്റ് സബ് ആയി ഡൽഹി ക്യാപ്പിറ്റൽസ് ടീമിൽ ഇടം കിട്ടി. ദീർഘമായ ഇടവേളയുടെ പരിഭ്രമവും സഭാകമ്പവുമൊന്നുമില്ലാതെ അയാൾ ബാറ്റ് വീശി. 206 റൺസ് എന്ന വിജയലക്ഷ്യത്തിലേക്ക് അയാൾ ഒറ്റയ്ക്കു തേരോടിക്കുമെന്ന് മുംബൈ ഇന്ത്യൻസ് ആരാധകർ സംശയിച്ചു. പക്ഷേ, ജസ്പ്രീത് ബുംറയെ മിഡ് വിക്കറ്റിനു മുകളിലൂടെ പറത്തിയ കരുൺ നായരുടെ ഷോർട്ട് ആം പുള്ളിന് ആദ്യം കൈയടിച്ചവരുടെ കൂട്ടത്തിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുമുണ്ടായിരുന്നു. അത്ര മനോഹരമായിരുന്നു, അവിശ്വസനീയമായിരുന്നു ആ ഷോട്ട്!

വർത്തമാനകാല ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫാസ്റ്റ് ബൗളറുടെ ഒമ്പത് പന്താണ് കരുൺ നേരിട്ടത്. അതിൽ മൂന്ന് ഫോറും രണ്ടു മനോഹരമായ സിക്സറുകളും സഹിതം 26 റൺസ് പിറന്നു, എല്ലാം നയനമനോഹരമായ കോപ്പി ബുക്ക് ഷോട്ടുകൾ. അയാളുടെ ലോഫ്റ്റഡ് ഡ്രൈവുകളും സിൽക്കൻ ടച്ചുകളും കണ്ട് വണ്ടറടിച്ച കമന്‍റേറ്റർമാർ നിശബ്ദമായി ചോദിച്ചുകൊണ്ടിരുന്നു, ''എവിടെയായിരുന്നു ഇതുവരെ!''

ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം നേടിയ ഐപിഎൽ അർധ സെഞ്ചുറിക്ക് അയാൾ ചെലവാക്കിയത് വെറും 22 പന്ത്. ഇടയ്ക്ക് ടി20 ക്രിക്കറ്റിന്‍റെ മുഖമുദ്രയായ ചില ഷോട്ടുകൾ, സ്കൂപ്പും റിവേഴ്സ് ഹിറ്റും... ചിലത് കണക്റ്റായി, ചിലത് ശരിയായില്ല. അയാൾക്ക് ചേർന്നത് ക്ലാസിക് ക്രിക്കറ്റ് തന്നെയെന്ന് കമന്‍റേറ്റർമാർ ആവർത്തിച്ചുകൊണ്ടിരുന്നു. സ്വാഭാവികമായ ഷോട്ടുകൾ കൊണ്ടു തന്നെ ഇരുനൂറിനു മേൽ സ്ട്രൈക്ക് റേറ്റിൽ സ്കോർ ചെയ്തുകൊണ്ടിരിക്കുന്ന ഒരാൾ എന്തിന് ഇങ്ങനെ അക്രമം കാട്ടണം!

അനാസായമായൊരു സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന കരുൺ നായരെ 11 റൺസ് അകലെവച്ച് പറഞ്ഞയയ്ക്കാൻ മിച്ചൽ സാന്‍റ്നറുടെ അനുപമമമായൊരു പന്ത് തന്നെ വേണ്ടിവന്നു. ഹർഷ ഭോഗ്ലെയുടെ നിരാശ തുളുമ്പിയ ശബ്ദം മുഴങ്ങി, ''ഇങ്ങനെയൊരു പന്താലല്ലാതെ ഒരാൾക്കും അയാളെ പുറത്താക്കാനാവുമായിരുന്നില്ല.''

ഡൽഹി ഇന്നിങ്സിന്‍റെ ആദ്യ പന്തിൽ തന്നെ ജേക്ക് ഫ്രേസർ മക്ക്ഗുർക്ക് പുറത്തായതോടെയാണ് കരുൺ ക്രീസിലെത്തുന്നത്. സ്വിങ് കൊണ്ട് ഇന്ദ്രജാലം കാട്ടാൻ വെമ്പി നിന്ന ട്രെന്‍റ് ബൗൾട്ടിനെ അടുത്ത ഓവറിൽ മൂന്ന് വട്ടം ബൗണ്ടറി കടത്തിക്കൊണ്ട് കേളികൊട്ട്. ഇന്ത്യയിലെ ഏറ്റവും മികച്ച സ്വിങ് ബൗളർമാരിലൊരാളായ ദീപക് ചഹറിന്‍റെ അടുത്ത ഓവറിൽ ഒരു ബൗണ്ടറി കൂടി. നാലാം ഓവറിൽ സാക്ഷാൽ ബുംറ വരുന്നു- രണ്ടു ഫോർ. ആറാം ഓവറിൽ വീണ്ടും ബുംറ- ഇത്തവണ രണ്ടു സിക്സും ഒരു ഫോറും! അതിൽ ആദ്യത്തെ സിക്സറിന് പാണ്ഡ്യയുടെ ഹൃദയം നിറഞ്ഞ അഭിനന്ദനം.

അനായാസ വിജയത്തിലേക്കു കുതിക്കുകയായിരുന്ന ഡൽഹി, കരുണിന്‍റെ ഒറ്റ വിക്കറ്റിൽ കളി മറക്കുന്നതും കണ്ടു. 12ാം ഓവറിൽ കരുൺ ക്ലീൻ ബൗൾഡായ ശേഷം ഡൽഹിക്ക് ഒരിക്കലും മത്സരത്തിലേക്ക് തിരിച്ചുവരാനേ സാധിച്ചില്ല. പക്ഷേ, കരുൺ നായർക്ക് ഇത് അവിസ്മരണീയമായൊരു തിരിച്ചുവരവ് തന്നെയായി. സെഞ്ചുറി തികച്ചിരുന്നെങ്കിൽ, കളി ജയിച്ചിരുന്നെങ്കിൽ, അതിന്‍റെ മധുരം ഇരട്ടിക്കുമായിരുന്നു എന്നു മാത്രം.

2022ലെ വേദനാനിർഭരമായ ട്വീറ്റിനു ശേഷം ഒരു സീസണിന്‍റെ ഇടവേളയെടുത്താണ് കരുൺ ആഭ്യന്തര ക്രിക്കറ്റിൽ പുതിയ ടീമിലേക്കു മാറുന്നത്. അന്നുതൊട്ടിന്നു വരെ 12 സെഞ്ചുറി ഉൾപ്പെടെ 3035 റൺസ്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ മറ്റൊരാൾക്കും ഈ കാലഘട്ടത്തിൽ ഇതിലധികം നേടാനായിട്ടില്ല. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്‍റിലെ എട്ട് മത്സരങ്ങളിൽ നേടിയ അഞ്ച് സെഞ്ചുറികളും ഇതിൽ ഉൾപ്പെടുന്നു. 389.50 ആയിരുന്നു ടൂർണമെന്‍റിൽ കരുണിന്‍റെ ബാറ്റിങ് ശരാശരി!

വിദർഭയ്ക്കൊപ്പം രഞ്ജി ട്രോഫി സ്വന്തമാക്കി, വിജയ് ഹസാരെ ട്രോഫിയിൽ റണ്ണറപ്പ്. ഇതിനിടെ ഇംഗ്ലിഷ് കൗണ്ടി ചാംപ്യൻഷിപ്പിൽ നോർത്താംപ്റ്റൺഷെയറിനു വേണ്ടി രണ്ടു സീസണുകളിലായി 10 മത്സരങ്ങൾ. 56.61 ശരാശരിയിൽ 736 റൺസ് അവിടെയും നേടി. മൂന്നു വർഷത്തിനിടെ കിട്ടിയത് ഒന്നല്ല, ഒരുപാട് അവസരങ്ങൾ, അതെല്ലാം രണ്ടു കൈയും നീട്ടി ആവേശത്തോടെ സ്വീകരിക്കുകയായിരുന്നു കരുൺ. ഒടുവിൽ ഐപിഎൽ കണ്ട ഏഴരക്കോടിയോളം ആരാധകർക്കു മുന്നിൽ ആഹ്ളാദനൃത്തം പോലെ ആടിത്തിമിർത്ത ഒരിന്നിങ്സുമായി അയാൾ പ്രഖ്യാപിക്കുകയാണ്, ഞാൻ ഇവിടെത്തന്നെയുണ്ട്!

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com