
ക്രൈസ്റ്റ്ചര്‍ച്ച്: ഓസ്ട്രേലിയക്കെതിരായ അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ സമനില വഴങ്ങിയിട്ടും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്തിയത് ന്യൂസിലന്‍ഡിന്റെയും കെയ്ന്‍ വില്യംസണിന്റെയും പോരാട്ടവീര്യം കൊണ്ടാണ്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഏത് ത്രില്ലര്‍ സിനിമയെയും വെല്ലുന്ന ആന്റി ക്ലൈമാക്സിലേക്ക് മുന്നേറിയപ്പോള്‍ ചങ്കിടിച്ചത് ഇന്ത്യക്കായിരുന്നു. മഴമൂലം 37 ഓവര്‍ നഷ്ടമായിട്ടും ഒടുവില്‍ കിവീസ് വിജയവര കടന്നത് അഞ്ചാം ദിവസത്തെ അവസാന ഓവറിലെ അവസാന പന്തില്‍. അതും നാടകീയമായി. ടെസ്റ്റിന്റെ അവസാന ദിനം 37 ഓവര്‍ മഴ അപഹരിച്ചതോടെ 53 ഓവറില്‍ 257 റണ്‍സായിരുന്നു ന്യൂസീലന്‍ഡിന്റെ വിജയലക്ഷ്യം.
ഏകദിന ശൈലിയില്‍ ബാറ്റേന്തിയ കിവീസിനായി കെയ്ന്‍ വില്യംസണ് സെഞ്ചുറിയുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ചു. 121 റണ്‍സെടുത്ത് പുറത്താവാതെ നിന്ന വില്യംസണും 81 റണ്‍സെടുത്ത ഡാരില്‍ മിച്ചലും ചേര്‍ന്ന് കിവീസിനെ വിജയത്തിലെത്തിച്ചു. എന്നാല്‍ അതത്ര എളുപ്പമായിരുന്നില്ല. അനായാസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന കിവീസ് അവസാന ഓവറില്‍ കഷ്ടിച്ചാണ് വിജയം നേടിയത്.
അസിത ഫെര്‍ണാണ്ടോ അവസാന ഓവര്‍ എറിയാനെത്തുമ്പോള്‍ കിവീസിന് ജയിക്കാന്‍ വേണ്ടിയിരുന്നത് എട്ട് റണ്‍സ്. ആദ്യ പന്തില്‍ വില്യംസണ് സിംഗിളെടുത്തു. രണ്ടാം പന്തില്‍ മാറ്റ് ഹെന്റിയും. എന്നാല്‍ മൂന്നാം പന്തില്‍ ഡബിളെടുക്കാനുള്ള ശ്രമത്തിനിടെ മാറ്റ് ഹെന്റി റണ്ണൗട്ടായി. നാലാം പന്തില്‍ വില്യംസണ് ബൗണ്ടറി നേടിയതോടെ ലക്ഷ്യം രണ്ട് പന്തില്‍ ഒരു റണ്ണായി. പക്ഷെ അഞ്ചാം പന്തില്‍ ബൗണ്‍സര്‍ എറിഞ്ഞ അസിത ഫെര്‍ണാണ്ടോ വില്യംസണെ റണ്ണെടുക്കാന്‍ അനുവദിച്ചില്ല. ഇതോടെ ലക്ഷ്യം ഒരു പന്തില്‍ ഒരു റണ്ണായി. അവസാന പന്തും ഷോര്‍ട്ട് ബോളായിരുന്നു.
പന്ത് കണക്ട് ചെയ്യാന്‍ ഇത്തവണയും വില്യംസണായില്ലെങ്കിലും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡില്‍ നിന്ന് നീല്‍ വാഗ്നര്‍ അപ്പോഴേക്കും ഓടി സ്ട്രൈക്കിംഗ് എന്‍ഡിലെത്തിയിരുന്നു. പന്ത് കൈയിലെടുത്ത ലങ്കന്‍ കീപ്പര്‍ ഡിക്വെല്ല അസിത ഫെര്‍ണാണ്ടോയുടെ കൈകളിലേക്ക് എറിഞ്ഞുകൊടുത്തു. എന്നാല്‍ അസിതയുടെ ത്രോ വിക്കറ്റ് തെറിപ്പിക്കും മുമ്പ് വില്യംസണ് ഡൈവിലൂടെ ക്രീസിലെത്തി. അമ്പയര്‍ ഈ റണ്‍ ഔട്ട് തേര്‍ഡ് അമ്പയറിലേക്ക് കൈമാറി. റീപ്ലേയില്‍ വില്യംസണിന്റെ ബാറ്റ് ക്രീസിനുള്ളിലുണ്ടെന്ന് വ്യക്തമായതോടെ ശ്രീലങ്കന്‍ ക്യാമ്പില്‍ നിരാശപടര്‍ന്നു. മുട്ടുകുത്തി നിന്ന് വില്യംസണ് വിജയമാഘോഷിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ത്രില്ലറുകളിലൊന്നാണിത്.
രണ്ടാം ഇന്നിംഗ്സില്‍ ഏയ്ഞ്ചലോ മാത്യൂസിന്റെ തകര്‍പ്പന്‍ സെഞ്ചുറിയാണ് ലങ്കക്ക് രണ്ടാം ഇന്നിംഗ്സില്‍ മികച്ച സ്കോര്‍ സമ്മാനിച്ചത്. 115 റണ്‍സടിച്ച മാത്യൂസിന് പുറമെ ദിനേശ് ചണ്ഡിമല്‍(42), ധനഞ്ജയ ഡിസില്‍വ(47) എന്നിവരും ലങ്കന്‍ നിരയില്‍ തിളങ്ങി. 84-3 എന്ന സ്കോറില്‍ ക്രീസിലെത്തിയ ലങ്കക്ക് നാലാം ദിനം തുടക്കത്തിലെ പ്രഭാത് ജയസൂര്യയുടെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ചണ്ടിമലും മാത്യൂസും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി ലങ്കയെ കരകയറ്റി.
ചണ്ഡിമല്‍ പുറത്തായശേഷം ധനഞ്ജയ ഡിസില്‍വക്കൊപ്പം 60 റണ്‍സിന്റെ കൂട്ടുകെട്ടിലും മാത്യൂസ് പങ്കാളിയായി. ന്യൂസിലന്‍ഡിനായി ടിക്നര്‍ നാലും മാറ്റ് ഹെന്റി മൂന്നും സൗത്തി രണ്ടും വിക്കറ്റെടുത്തു. നേരത്തെ ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ 355 റണ്‍സടിച്ചപ്പോള്‍ ന്യൂസിലന്‍ഡ് 373 റണ്‍സടിച്ചിരുന്നു. ശ്രീലങ്കയ്ക്ക് എതിരെ ന്യൂസിലന്‍ഡിന്റെ വിജയം ആഘോഷിക്കുന്നത് ടീം ഇന്ത്യയാണ്. ഓസ്ട്രേലിയക്കെതിരെയുള്ള അവസാന ടെസ്റ്റ് സമനിലയിലേക്ക് നീങ്ങുമ്പോള്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തണമെങ്കില്‍ ഇന്ത്യക്ക് കിവികള്‍ വിജയിക്കേണ്ടത് അനിവാര്യമായിരുന്നു.