
വൈഭവ് അറോറ
കോൽക്കത്ത: സൺറൈസേഴ്സ് ഹൈദരാബാദിനെ ഐപിഎൽ പോയിന്‍റ് പട്ടികയിൽ അവസാന സ്ഥാനത്തുനിന്ന് കരകയറാൻ അനുവദിക്കാതെ കോൽക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ തകർപ്പൻ വിജയം. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെടുത്ത കെകെആർ, വെറും 120 റൺസിന് എസ്ആർഎച്ചിനെ എറിഞ്ഞിടുകയായിരുന്നു. ജയം 80 റൺസിന്. 16.4 ഓവറിൽ ഹൈദരാബാദ് ഓൾഔട്ടായി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കോൽക്കത്തയുടെ തുടക്കം തകർച്ചയോടെയായിരുന്നു. സ്കോർ ബോർഡിൽ 16 റൺസ് എത്തുമ്പോഴേക്കും ഓപ്പണർമാർ ക്വിന്‍റൺ ഡി കോക്കും (1) സുനിൽ നരെയ്നും (7) ഡഗൗട്ടിൽ തിരിച്ചെക്കഴിഞ്ഞിരുന്നു.
എന്നാൽ, ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും യുവതാരം അംഗ്കൃഷ് രഘുവംശിയും ചേർന്ന് ശരവേഗത്തിൽ സ്കോർ 97 വരെയെത്തിച്ചു. 27 പന്തിൽ നാല് സിക്സും ഒരു ഫോറും സഹിതം 38 റൺസെടുത്ത രഹാനെ പുറത്തായതോടെയാണ് ഈ കൂട്ടുകെട്ട് പൊളിഞ്ഞത്.
32 പന്തിൽ 50 റൺസെടുത്ത രഘുവംശി പുറത്തായ ശേഷം വെങ്കടേശ് അയ്യരും റിങ്കു സിങ്ങും ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 29 പന്ത് മാത്രം നേരിട്ട വെങ്കടേശ്, ഏഴ് ഫോറും മൂന്നു സിക്സും സഹിതം 60 റൺസെടുത്തു. റിങ്കു 17 പന്തിൽ 32 റൺസെടുത്ത് പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്സിനെ കെകെആറിന്‍റെ വൈഭവ് അറോറ - ഹർഷിത് റാണ ന്യൂബോൾ സഖ്യം വരിഞ്ഞുമുറുക്കി. ടീം സ്കോർ 9 റൺസിലെത്തുമ്പോഴേക്കും ട്രാവിസ് ഹെഡും (4) അഭിഷേക് ശർമയും (2) ഇഷാൻ കിഷനും (2) പുറത്ത്.
സ്കോർ ബോർഡിൽ 44 റൺസായപ്പോൾ നിതീഷ് കുമാർ റെഡ്ഡി (19) കൂടി പുറത്തായി. ഹെൻറിച്ച് ക്ലാസൻ പ്രത്യാക്രമണം നടത്തിയെങ്കിലും 21 പന്തിൽ 33 റൺസെടുത്ത് പുറത്തായി. പിന്നെ വന്നവരിൽ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനു (14) മാത്രമാണ് രണ്ടക്ക സ്കോർ നേടാനായത്.
കോൽക്കത്തയ്ക്കു വേണ്ടി വൈഭവ് അറോറയും വരുൺ ചക്രവർത്തിയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആന്ദ്രെ റസൽ രണ്ട് വിക്കറ്റ് നേടിയപ്പോൾ, ഹർഷിത് റാണയ്ക്കും സുനിൽ നരെയ്നും ഓരോ ഇരകളെ കണ്ടെത്തി.