

സെഞ്ചുറി തികച്ച ഡൽഹി ക്യാപ്പിറ്റൽസ് ഓപ്പണർ കെ.എൽ. രാഹുലിന്‍റെ ആഘോഷം.
ന്യൂഡൽഹി: ഐപിഎൽ 2026 സീസണിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ബാറ്റിങ് വിസ്മയം തീർത്ത് ഡൽഹി ക്യാപ്പിറ്റൽസ് താരം കെ.എൽ. രാഹുൽ. വെറും 67 പന്തിൽ നിന്ന് പുറത്താകാതെ 152 റൺസ് അടിച്ചുകൂട്ടിയ രാഹുൽ, ഐപിഎൽ ചരിത്രത്തിലെ ഒരു ഇന്ത്യൻ താരത്തിന്‍റെ ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോർഡ് സ്വന്തം പേരിലാക്കി.
കഴിഞ്ഞ മത്സരത്തിൽ ഡൽഹിയുടെ പരാജയത്തിനു കാരണക്കാരനായെന്നു പഴി കേട്ട രാഹുൽ, ഈ മത്സരത്തിലുടനീളം 200-ന് മുകളിൽ സ്ട്രൈക്ക് റേറ്റിലാണ് ബാറ്റ് ചെയ്തത്. ക്ലാസിക് ഷോട്ടുകളും കരുത്തുറ്റ പ്രഹരങ്ങളും ഒരുപോലെ നിറഞ്ഞുനിന്ന ഇന്നിങ്സ്.
ഐപിഎൽ ചരിത്രത്തിൽ തന്നെ 150 റൺസ് കടക്കുന്ന മൂന്നാമത്തെ മാത്രം താരമാണ് രാഹുൽ. ക്രിസ് ഗെയ്ൽ (175), ബ്രണ്ടൻ മക്കല്ലം (158) എന്നിവർ മാത്രമാണ് ഇതിനു മുൻപ് ഈ നേട്ടം കൈവരിച്ചിട്ടുള്ളത്. ഐപിഎല്ലിലെ എക്കാലത്തെയും ഉയർന്ന മൂന്നാമത്തെ വ്യക്തിഗത സ്കോർ കൂടിയാണ് രാഹുലിന്‍റേത്.
മത്സരത്തിന്‍റെ തുടക്കത്തിൽ 18 റൺസിൽ നിൽക്കെ ലഭിച്ച ജീവൻ രാഹുൽ കൃത്യമായി മുതലാക്കി. രണ്ടാം വിക്കറ്റിൽ നിതീഷ് റാണയുമായി (91) ചേർന്ന് രാഹുൽ പടുത്തുയർത്തിയ 220 റൺസിന്‍റെ കൂട്ടുകെട്ട് ഐപിഎൽ ചരിത്രത്തിലെ രണ്ടാമത്തെ വലിയ പാർട്ണർഷിപ്പാണ്. വിരാട് കോഹ്‌ലി - എ ബി ഡിവില്ലിയേഴ്‌സ് സഖ്യം നേടിയ 229 റൺസാണ് ഈ പട്ടികയിൽ ഒന്നാമത്.
കർണാടകയിലെ സഹതാരം കൂടിയായ വിജയ്കുമാർ വൈശാഖ് എറിഞ്ഞ 16-ാം ഓവറിൽ മൂന്ന് സിക്സറുകളും ഒരു ഫോറുമടക്കം രാഹുൽ നടത്തിയ കടന്നാക്രമണം ഡൽഹിക്ക് കൂറ്റൻ സ്കോർ സമ്മാനിക്കുന്നതിൽ നിർണായകമായി. രാഹുലിന്‍റെയും റാണയുടെയും തകർപ്പൻ ബാറ്റിങ്ങിന്‍റെ ബലത്തിൽ ഡൽഹി ക്യാപിറ്റൽസ് ഈ സീസണിലെ ഏറ്റവും ഉയർന്ന ടീം സ്കോറായ 264 റൺസാണ് അടിച്ചുകൂട്ടിയത്.