
ഡൽഹി ക്യാപ്പിറ്റൽസിനെതിരേ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഓൾറൗണ്ടർ ക്രുനാൽ പാണ്ഡ്യയുടെ ബാറ്റിങ്.
ഡൽഹി: ക്രുനാൽ പാണ്ഡ്യയുടെ ഓൾറൗണ്ട് മികവിനു മുന്നിൽ ഡൽഹി ക്യാപ്പിറ്റൽസ് മുട്ടുകുത്തി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു പത്ത് കളിയിൽ ഏഴാം ജയവുമായി 14 പോയിന്‍റോടെ ഐപിഎൽ പോയിന്‍റ് പട്ടികയിൽ മുന്നിലെത്തി. എട്ട് കളിയിൽ 12 പോയിന്‍റുള്ള ഗുജറാത്ത് ടൈറ്റൻസ് രണ്ടാം സ്ഥാനത്തുണ്ട്.
10 കളിയിൽ 12 പോയിന്‍റുള്ള മുംബൈ ഇന്ത്യൻസ് മൂന്നാമതും ഒമ്പത് കളിയിൽ ഇത്രയും പോയിന്‍റുള്ള ഡൽഹി ക്യാപ്പിറ്റൽസ് നാലാമതുമാണ്. 11 പോയിന്‍റുള്ള പഞ്ചാബ് കിങ്സും 10 പോയിന്‍റുള്ള ലഖ്നൗ സൂപ്പർ ജയന്‍റ്സും പ്ലേഓഫ് പ്രതീക്ഷ നിലനിർത്തുന്നു.
അതേസമയം, അവസാന രണ്ട് സ്ഥാനങ്ങളിലുള്ള രാജസ്ഥാൻ റോയൽസ് (4), ചെന്നൈ സൂപ്പർ കിങ്സ് (4) എന്നീ ടീമുകൾക്ക് സാങ്കേതികമായി മാത്രമാണ് ഇനി സാധ്യതയുള്ളത്. അവിശ്വസനീയ പ്രകടനങ്ങൾ പുറത്തെടുത്താൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനും (7 പോയിന്‍റ്), സൺറൈസേഴ്സ് ഹൈദരാബാദിനും (6) കടന്നുകൂടാം.
ഡൽഹിയുടെ ഹോം ഗ്രൗണ്ടിലെ വേഗം കുറഞ്ഞ പിച്ചിൽ ക്രുനാൽ പാണ്ഡ്യക്കൊപ്പം നിർണായക പ്രകടനം പുറത്തെടുത്തത് വെറ്ററൻ താരം വിരാട് കോലിയാണ്. 163 റൺസ് വിജയലക്ഷ്യം പിന്തുടർന്ന്, 26 റൺസെടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ആർസിബിയെ കോലി - ക്രുനാൽ സഖ്യം പടുത്തുയർത്തിയ 119 കൂട്ടുകെട്ടാണ് കരകയറ്റിയത്.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിലാണ് 162 റൺസെടുത്തത്. 39 പന്തിൽ 41 റൺസെടുത്ത കെ.എൽ. രാഹുലും 18 പന്തിൽ 34 റൺസെടുത്ത ട്രിസ്റ്റൻ സ്റ്റബ്സും ചേർന്നാണ് ഡൽഹിയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്.
ഓപ്പണർ അഭിഷേക് പോറൽ 11 പന്തിൽ 28 റൺസെടുത്തു. ടീമിൽ തിരിച്ചെത്തിയ ഫാഫ് ഡു പ്ലെസിക്ക് 26 പന്തിൽ 22 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്.
ആർസിബിക്കു വേണ്ടി ഭുവനേശ്വർ കുമാർ മൂന്നും ജോഷ് ഹേസൽവുഡ് രണ്ടും വിക്കറ്റ് നേടി. പർപ്പിൾ ക്യാപ്പ് പട്ടികയിൽ 18 വിക്കറ്റുമായി ഹേസൽവുഡ് ഇപ്പോൾ ലീഡ് ചെയ്യുന്നു. ക്രുനാൽ പാണ്ഡ്യ നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലിഷ് യുവതാരം ജേക്കബ് ബഥേൽ (12) ആണ് കോലിയുടെ പുതിയ ഓപ്പണിങ് പങ്കാളിയായത്. എന്നാൽ, ബഥേലിനെയും ഇംപാക്റ്റ് സബ്സ്റ്റിറ്റ്യൂട്ട് ദേവദത്ത് പടിക്കലിനെയും (0) ഡൽഹി ക്യാപ്റ്റൻ അക്ഷർ പട്ടേൽ പുറത്താക്കി. പിന്നാലെ ക്യാപ്റ്റൻ രജത് പാട്ടീദാർ (6) കരുൺ നായരുടെ ഡയറക്റ്റ് ത്രോയിൽ റണ്ണൗട്ടാകുകയും ചെയ്തതോടെ ആർസിബി തകർച്ചയെ അഭിമുഖീകരിച്ചു.
അവിടെ കോലിയോടൊപ്പം ചേർന്ന ക്രുനാൽ, തുടക്കത്തിൽ ടൈമിങ് കണ്ടെത്താൻ ബുദ്ധിമുട്ടി. എന്നാൽ, ഇരുവരും പിടിച്ചുനിന്നതോടെ ഡൽഹി ബൗളർമാർക്ക് മറുപടിയില്ലാതെയുമായി.
ആർസിബിക്കു ജയിക്കാൻ 18 റൺസ് കൂടി ശേഷിക്കുമ്പോഴാണ് കോലി പുറത്താകുന്നത്. 47 പന്തിൽ നാല് ഫോർ ഉൾപ്പെടെ 51 റൺസാണ് ബംഗളൂരു ഓപ്പണർ നേടിയത്. എന്നാൽ, തുടർന്നെത്തിയ ടിം ഡേവിഡ് അഞ്ച് പന്തിൽ 19 റൺസുമായി ചടങ്ങ് വേഗത്തിൽ പൂർത്തിയാക്കി.
ക്രുനാൽ പാണ്ഡ്യ 47 പന്തിൽ അഞ്ച് ഫോറും നാല് സിക്സും സഹിതം 73 റൺസെടുത്ത് പുറത്താകാതെ നിന്നു. ക്രുനാൽ തന്നെയാണ് പ്ലെയർ ഒഫ് ദ മാച്ച്.