കലമുടച്ചു: വിജയിക്കാവുന്ന മത്സരം കളഞ്ഞുകുളിച്ച് ലഖ്നൗ സൂപ്പർ ജയന്റ്സ്, ഗുജറാത്തിന് ഏഴു റൺസ് ജയം
ലഖ്നൗ: ഇങ്ങനെ പരാജയപ്പെടാന്‍ ലഖ്നൗവിനും കെ.എല്‍. രാഹുലിനും മാത്രമേ സാധിക്കൂ. കൈയിലുണ്ടായിരുന്ന കളി അവസാന ഓവറില്‍ കളഞ്ഞുകുളിച്ച് ലഖ്നൗ സൂപ്പര്‍ ജയന്റ്സ്. ഗുജറാത്ത് ടൈറ്റന്‍സിനോട് ഏഴു റണ്‍സിന്റെ പരാജയമാണ് ലഖ്നൗ ഏറ്റുവാങ്ങിയത്.
136 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്നൗ 15 ഓവറില്‍ 106-2 എന്ന ശക്തമായ നിലയിലായിരുന്നിട്ടും 20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 7 വിക്കറ്റിന് 128 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. നായകന് കെ എല്‍ രാഹുല്‍ 61 പന്തില്‍ 68 റണ്‍സ് നേടിയപ്പോള്‍ ടീമിനെ ജയിപ്പിക്കാന്‍ മറന്നുപോയി. അവസാന ഓവറിലെ രണ്ടാം പന്തിലായിരുന്നു രാഹുലിന്റെ മടക്കം. മോഹിത് ശര്‍മ്മയുടെ ഈ ഓവറില്‍ നാല് വിക്കറ്റുകള്‍ ലഖ്നൗവിന് നഷ്ടമായി.
അവസാന ഓവറില്‍ ലഖ്നൗവിനു ജയിക്കാന്‍ വേണ്ടിയിരുന്നത് 12 റണ്‍സായിരുന്നു. ബൗളര്‍ മോഹിത് ശര്‍മ. കണിശതയാര്‍ന്ന ബൗളിങ്ങിനു മുന്നില്‍ പതറിയ ലഖ്നൗ ബാറ്റ്സ്മാന്മാര് ഓരോന്നായി പവലിയനിലെത്തി. ആദ്യ പന്തില്‍ രണ്ട് റണ്‍സ് നേടിയ നായകന് രാഹുലിനെ രണ്ടാം പന്തില്‍ പുറത്താക്കിക്കൊണ്ട് ആദ്യ തിരിച്ചടി. തൊട്ടുപിന്നാലെയെത്തിയ സ്റ്റോയ്നിസിനെയും മോഹിത് ശര്‍മ മില്ലറുടെ കൈകളിലെത്തിച്ചു. പിന്നീടുവന്ന രണ്ടു ബാറ്റര്‍മാര്‍, ആയുഷ് ബഡോണിയും ദീപക് ഹൂഡയും റണ്‍ ഔട്ടാവുകകൂടി ചെയ്തതോടെ ലഖ്നൗ തോല്‍വിയിലേക്കു കൂപ്പുകുത്തി. 12 റണ്‍സ് വേണ്ടിയിരുന്ന ലഖ്നൗവിന് നേടാനായത് കേവലം 4 റണ്‍സ്.
ജയന്ത് യാദവ് 14-ാം ഓവറില്‍ ഏഴും നൂര്‍ അഹമ്മദ് 15-ാം ഓവറില്‍ ഒന്നും ജയന്ത് യാദവ് 16-ാം ഓവറില്‍ മൂന്നും നൂര്‍ അഹമ്മദ് 17-ാം ഓവറില്‍ നാലും മോഹിത് ശര്‍മ്മ 18-ാം ഓവറില്‍ ആറും മുഹമ്മദ് ഷമി 19-ാം ഓവറില്‍ അഞ്ചും റണ്‍സ് മാത്രം വിട്ടുകൊടുത്തതോടെ ഗുജറാത്തിന് പ്രതീക്ഷയായി.
ഒരര്‍ഥത്തില്‍ നായകന് കെ.എല്‍. രാഹുല്‍ തന്നെയാണ് ലഖ്നൗവിനെ പരാജയപ്പെടുത്തിയതെന്നു പറയാം. 61 പന്തുകളില്‍നിന്നാണ് രാഹുല്‍ 68 റണ്‍സെടുത്ത് അവരുടെ ടോപ് സ്കോററായത്. എട്ടുബൗണ്ടറികളായിരുന്നു രാഹുലിന്റെ ഇന്നിങ്സിലുണ്ടായിരുന്നത്. മികച്ച തുടക്കം ലഭിച്ചിട്ടും അതു മുതലാക്കാന്‍ ലഖ്നൗവിനായില്ല. കൈല്‍ മേയേഴ്സ് 19 പന്തില്‍ 24 റണ്‍സും കൃണാല്‍ പാണ്ഡ്യ 23 റണ്‍സും നേടി. മറ്റൊരു ബാറ്റര്‍ക്കും രണ്ട്ക്കം പിന്നിടാനായിട്ടില്ല. ഗുജറാത്തിനു വേണ്ടി മോഹിത് ശര്‍മയും നൂര്‍മുഹമ്മദും രണ്ടു വിക്കറ്റ് വീതം നേടി.
നേരത്തെ, ടോസ് നേടി ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സ് നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റിന് 135 റണ്‍സാണ് നേടിയത്. 50 പന്തില്‍ 66 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യക്ക് പുറമെ 37 പന്തില്‍ 47 റണ്‍സ് സ്വന്തമാക്കിയ വൃദ്ധിമാന്‍ സാഹ മാത്രമേ ബാറ്റിംഗില്‍ തിളങ്ങിയുള്ളൂ. സാഹയുടെ സഹഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ രണ്ട് പന്തില്‍ പൂജ്യത്തിനും അഭിനവ് മനോഹര്‍ അഞ്ച് പന്തില്‍ മൂന്നിനും വിജയ് ശങ്കര്‍ 12 പന്തില്‍ പത്തിനും ഡേവിഡ് മില്ലര്‍ 12 പന്തില്‍ ആറിനും മടങ്ങിയപ്പോള്‍ രണ്ട് പന്തില്‍ രണ്ട് റണ്‍സുമായി രാഹുല്‍ തെവാത്തിയ പുറത്താവാതെ നിന്നു. ക്രുനാല്‍ പാണ്ഡ്യയും മാര്‍ക്കസ് സ്റ്റോയിനിസും രണ്ട് വീതവും നവീന്‍ ഉള് ഹഖും അമിത് മിശ്രയും ഓരോ വിക്കറ്റും നേടി.