രാജസ്ഥാന് വീണ്ടും അവസാന ഓവറിൽ അടിപതറി; ലഖ്നൗവിന് 2 റൺസ് ജയം

ലഖ്നൗ സൂപ്പർ ജയന്‍റ്സ് 20 ഓവറിൽ 180/5; രാജസ്ഥാൻ റോയൽസ് 20 ഓവറിൽ 178/5
Lucknow Super Giants fast bowler Avesh Khan celebrates after getting the wicket of Rajasthan Royals opener Yashasvi Jaiswal

37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാൻ പ്ലെയർ ഒഫ് ദ മാച്ച്.

Updated on

ജയ്പുർ: ഐപിഎല്ലിൽ തുടരെ രണ്ടാം വട്ടവും ജയം ഉറപ്പിച്ച മത്സരത്തിന്‍റെ അവസാന ഓവറിൽ അടിപതറി രാജസ്ഥാൻ റോയൽസ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്‍റ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തപ്പോൾ, രാജസ്ഥാന്‍റെ മറുപടി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസ് വരെ മാത്രമാണ് എത്തിയത്.

അവസാന ഓവറിൽ പ്രതിരോധിക്കാൻ എട്ട് റൺസ് മാത്രമുള്ളപ്പോൾ പന്തെടുത്ത ആവേശ് ഖാൻ നിരന്തരം യോർക്കറുകൾ എറിഞ്ഞ് രാജസ്ഥാനെ വരിഞ്ഞുമുറുക്കി. രണ്ട് റൺസ് അകലെ വച്ച് അവരുടെ മറുപടി അവസാനിക്കുകയും ചെയ്തു.

നേരത്തെ, എയ്ഡൻ മാർക്രമിന്‍റെയും (45 പന്തിൽ 66) ആയുഷ് ബദോനിയുടെയും (34 പന്തിൽ 50) അർധ സെഞ്ചുറികളാണ് ലഖ്നൗവിന് പൊരുതാവുന്ന സ്കോർ നേടിക്കൊടുത്തത്.

പരുക്കേറ്റ ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെ സ്ഥാനത്ത് പതിനാലു വയസുകാരൻ വൈഭവ് സൂര്യവംശിയാണ് രാജസ്ഥാനു വേണ്ടി യശസ്വി ജയ്സ്വാളിനൊപ്പം ഓപ്പണിങ്ങിനിറങ്ങിയത്. നേരിട്ട ആദ്യ പന്ത് തന്നെ സിക്സറടിച്ച വൈഭവ് 85 റൺസിന്‍റെ ഓപ്പണിങ് സഖ്യത്തിൽ പങ്കാളിയായി.

20 പന്തിൽ രണ്ട് ഫോറും മൂന്നു സിക്സും സഹിതം 34 റൺസെടുത്താണ് വൈഭവ് പുറത്തായത്. ജയ്സ്വാൾ 52 പന്തിൽ അഞ്ച് ഫോറും നാലു സിക്സും സഹിതം 74 റൺസെടുത്തു. നിതീഷ് റാണ (8) പെട്ടെന്ന് മടങ്ങിയെങ്കിലും പകരക്കാരൻ ക്യാപ്റ്റൻ റിയാൻ പരാഗ് 26 പന്തിൽ 39 റൺസുമായി ടീമിനെ മുന്നോട്ടു നയിച്ചു.

മൂന്നോവറിൽ ജയിക്കാൻ 25 റൺസ് മാത്രം മതിയെന്ന ഘട്ടത്തിൽ നിന്ന് രാജസ്ഥാൻ അവസാന ഓവറിൽ കലമുടയ്ക്കുകയും ചെയ്തു. 37 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാൻ പ്ലെയർ ഒഫ് ദ മാച്ച്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com