

കോൽക്കത്ത: മുൻ ഇന്ത്യൻ താരവും ഇപ്പോൾ പശ്ചിമ ബംഗാളിലെ സ്പോർട്സ്-യുവജനകാര്യ വകുപ്പ് സഹമന്ത്രിയുമായ മനോജ് തിവാരി ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽനിന്നും വിരമിക്കൽ പ്രഖ്യാപിച്ചു.
ഇന്ത്യക്കായി 12 ഏകദിനങ്ങളും രണ്ട് ട്വന്‍റി20 മത്സങ്ങളും കളിച്ചിട്ടുള്ള തിവാരി, സജീവ ക്രിക്കറ്റിൽ തുടരുമ്പോൾ തന്നെ പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും, മമത ബാനർജി മന്ത്രിസഭയിൽ അംഗമാകുകയും ചെയ്തു. ബംഗാളിലും ഇന്ത്യൻ ടീമിലും തന്‍റെ മുൻഗാമിയായിരുന്ന ലക്ഷ്മി രത്തൻ ശുക്ലയുടെ വകുപ്പാണ് തിവാരിക്കു ലഭിച്ചത്. നിലവിൽ ശിബ്‌പുർ മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ്.
ഇക്കഴിഞ്ഞ ആഭ്യന്തര സീസണിൽ തിവാരി തന്‍റെ മുപ്പത്തേഴാം വയസിൽ ബംഗാൾ ടീമിൽ തിരിച്ചെത്തുകയും, രഞ്ജി ട്രോഫി ഫൈനൽ വരെയെത്തിക്കുകയും ചെയ്തു. സൗരാഷ്‌ട്രയോടു പരാജയപ്പെട്ട ഈ ഫൈനലായിരുന്നു അദ്ദേഹത്തിന്‍റെ അവസാന ഫസ്റ്റ് ക്ലാസ് മത്സരം.
12 ഏകദിനങ്ങളിൽ 287 റൺസാണ് മനോജ് തിവാരിയുടെ സമ്പാദ്യം. വെസ്റ്റിൻഡീസിനെതിരേ 2011ൽ നേടിയ സെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. ഈ മത്സരത്തിനു ശേഷം തുടരെ 14 ഏകദിന മത്സരങ്ങളിൽ തിവാരിക്ക് അവസരം ലഭിച്ചില്ല. മടങ്ങിവരവിൽ രണ്ടു മത്സരങ്ങളിൽ 65 റൺസും രണ്ടു വിക്കറ്റും നേടിയിട്ടും തുടർന്ന് തഴയപ്പെട്ടു.
ലെഫ്റ്റ്-റൈറ്റ് കോംബിനേഷനിൽ വിശ്വസിച്ചിരുന്ന ക്യാപ്റ്റൻ എം.എസ്. ധോണി മധ്യനിരയിൽ സുരേഷ് റെയ്നയ്ക്കാണ് കൂടുതൽ അവസരങ്ങൾ ആ സമയത്ത് നൽകിയിരുന്നത്. നിരന്തരം പരിക്കുകൾ അലട്ടിയതും തിവാരിയുട അന്താരാഷ്‌ട്ര കരിയറിനെ കാര്യമായി ബാധിച്ചു.
പതിനായിരം റൺസിന് 92 റൺസ് അകലെയാണ് ഇപ്പോൾ ഫസ്റ്റ് ക്ലാസ് കരിയർ അവസാനിപ്പിച്ചിരിക്കുന്നത്. 19 വർഷം ദീർഘിച്ച ഫസ്റ്റ് ക്ലാസ് കരിയറിൽ 29 സെഞ്ചുറികൾ ഉൾപ്പെടുന്നു. 48.56 ആണ് ബാറ്റിങ് ശരാശരി.
2012ൽ കോൽക്കത്ത നൈറ്റ്റൈഡേഴ്സിന്‍റെ കന്നി ഐപിഎൽ കിരീട നേട്ടത്തിലും തിവാരി പങ്കാളിയായിരുന്നു. ചെന്നൈ സൂപ്പർ കിങ്സിനെതിരേ ഫൈനലിൽ 191 റൺസ് ചെയ്സ് ചെയ്ത മത്സരത്തിൽ വിന്നിങ് ഷോട്ടും അദ്ദേഹത്തിന്‍റെ ബാറ്റിൽനിന്നായിരുന്നു.