കോൽക്കത്തയെ കശക്കിയെറിഞ്ഞ് മുംബൈക്ക് ആദ്യ ജയം

ഐപിഎൽ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഇന്ത്യൻ ബൗളർ അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് സ്വന്തമാക്കുന്നത്
Mumba Indians debut left arm pacer Ashwani Kumar bowls

മുംബൈ ഇന്ത്യൻസിന്‍റെ അരങ്ങേറ്റക്കാരൻ പേസ് ബൗളർ അശ്വനി കുമാറിന്‍റെ ബൗളിങ്.

Updated on

മുംബൈ: നിലവിലുള്ള ചാംപ്യൻമാരായ കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസിന് ഇത്തവണത്തെ ഐപിഎൽ സീസണിൽ ആദ്യ ജയം. ആദ്യ രണ്ടു മത്സരങ്ങളും തോറ്റ മുംബൈ മൂന്നാം മത്സരത്തിൽ എട്ട് വിക്കറ്റ് വിജയമാണ് സ്വന്തമാക്കിയത്.

ടോസ് നേടിയ മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഫീൽഡിങ്ങാണ് തെരഞ്ഞെടുത്ത്. കോൽക്കത്തയെ 16.2 ഓവറിൽ വെറും 116 റൺസിന് എറിഞ്ഞിടാനും അവർക്കു സാധിച്ചു. 24 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഇടങ്കയ്യൻ പേസ് ബൗളർ അശ്വനി കുമാറാണ് മുംബൈയുടെ ബൗളിങ് ഹീറോ. ഐപിഎൽ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു ഇന്ത്യൻ ബൗളർ അരങ്ങേറ്റ മത്സരത്തിൽ നാല് വിക്കറ്റ് സ്വന്തമാക്കുന്നത്.

ദീപക് ചഹർ രണ്ട് വിക്കറ്റും നേടി. മലയാളി താരം വിഘ്നേഷ് പുത്തൂരിന് ഒരു വിക്കറ്റ് കിട്ടി. ട്രെന്‍റ് ബൗൾട്ട്, ഹാർദിക് പാണ്ഡ്യ, മിച്ചൽ സാന്‍റ്നർ എന്നിവരും ഓരോ വിക്കറ്റ് നേടി.

കോൽക്കത്ത ബാറ്റർമാരിൽ അംഗ്കൃഷ് രഘുവംശിക്കും (26) രമൺദീപ് സിങ്ങിനും (22) മാത്രമാണ് ഇരുപതിനു മുകളിൽ സ്കോർ ചെയ്യാൻ സാധിച്ചത്. ഓപ്പണർമാരായ ക്വിന്‍റൺ ഡികോക്കിനെയും (1) സുനിൽ നരെയ്നെയും (0) പെട്ടെന്ന് നഷ്ടമായതിന്‍റെ ആഘാതത്തിൽനിന്ന് പിന്നീട് അവർക്കു കരകയറാനേ സാധിച്ചില്ല.

മറുപടി ബാറ്റിങ്ങിൽ രോഹിത് ശർമയും (13) വിൽ ജാക്ക്സും (16) നിരാശ സമ്മാനിച്ചെങ്കിലും റിയാൻ റിക്കിൾടണിന്‍റെ തകർപ്പൻ അർധ സെഞ്ചുറി മുംബൈ റൺ ചെയ്സിനു കരുത്ത് പകർന്നു. 41 പന്തിൽ നാല് ഫോറും അഞ്ച് സിക്സും സഹിതം 62 റൺസെടുത്ത റിക്കിൾടണും, വെറും 9 പന്തിൽ 27 റൺസെടുത്ത സൂര്യകുമാർ യാദവും പുറത്താകാതെ നിന്നു. 12.5 ഓവറിൽ മുംബൈ റൺ ചേസ് പൂർത്തിയാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com