

യഷ് ദയാൽ
ബെംഗളൂരു: മാർച്ച് 28ന് ആരംഭിക്കുന്ന ഇത്തവണത്തെ ഐപിഎൽ സീസണിൽ സ്റ്റാർ പേസർ യഷ് ദയാൽ റോയൽ ചലഞ്ചേഴ്സിന്‍റെ ഭാഗമാകില്ലെന്ന് വ‍്യക്തമാക്കി ഡയറക്റ്റർ ഓഫ് ക്രിക്കറ്റ് മോ ബോബറ്റ.
വ‍്യക്തിപരമായ കാരണങ്ങളാലാണ് യഷ് ദയാൽ ടീമിന്‍റെ ഭാഗമാകാത്തതെന്ന് മോ ബോബറ്റ മാധ‍്യമങ്ങളോട് പ്രതികരിച്ചു. പരിശീലന സെഷനുകളിൽ നിന്ന് യഷ് ദയാൽ വിട്ടുനിന്നിരുന്നു. യഷ് ദയാലിനെതിരേ അടുത്തിടെ നിരവധി പീഡന പരാതികൾ ഉയർന്നിരുന്നു. ഇതേത്തുടർന്നാണ് താരത്തെ പുറത്താക്കാൻ കാരണമായതെന്നാണ് സൂചന.
ക്രിമിനൽ കേസുകൾ നിലനിൽക്കെ താരത്തെ ടീമിൽ നിലനിർത്താനുള്ള ഫ്രാഞ്ചൈസിയുടെ തീരുമാനം വലിയ രീതിയിൽ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇത്തവണത്തെ ഐപിഎൽ താരലേലത്തിന് മുന്നോടിയായി 5 കോടി രൂപ മുടക്കിയാണ് യഷ് ദയാലിനെ ടീം നിലനിർത്തിയത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ചതിനും ലൈംഗികാതിക്രമത്തിനും ജയ്പൂരിലും ഉത്തർപ്രദേശിലെ ഗാസിയാബാദിലുമായി രണ്ട് എഫ്ഐആറുകളാണ് താരത്തിനെതിരേ രജിസ്റ്റർ ചെയ്തിരുന്നത്. വിഷയം വിവാദങ്ങൾക്ക് വഴിവച്ചതോടെ യഷ് ദയാലിനെ ആഭ‍്യന്തര മത്സരങ്ങളിൽ നിന്നും ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ മാറ്റിനിർത്തിയിരുന്നു.