
ഇന്ത്യൻ പ്രീമിയർ ലീഗിന്റെ കഴിഞ്ഞ സീസണിൽ അരങ്ങേറി അദ്ഭുത പ്രകടനങ്ങളുമായി കളം നിറഞ്ഞപ്പോഴേ ഉയർന്ന ചോദ്യമാണ്, സഹീർ ഖാനു ശേഷം ഇന്ത്യ കാത്തിരിക്കുന്ന ആ ഇടങ്കയ്യൻ ഫാസ്റ്റ് ബൗളർ ഇവനായിരിക്കുമോ എന്ന്? ദേശീയ ടീമിന്റെ പടിവാതിലിൽ വരെയെത്തിയ പ്രകടനങ്ങൾക്കു പിന്നാലെ നിരന്തര പരുക്കുകളാണ് മുഹ്സിനെ കാത്തിരുന്നത്. ലഖ്നൗ സൂപ്പർ ജയന്റ്സിനു വേണ്ടി, ആറിൽ താഴെ ഇക്കോണമി റേറ്റുമായി ഒമ്പത് മത്സരങ്ങളിൽ 14 വിക്കറ്റ് വീഴ്ത്തിയ അസൂയാവഹമായ പ്രകടനത്തിനു പിന്നാലെയാണ് ആഭ്യന്തര സീസൺ അപ്പാടെ കൈവിട്ടു പോകുന്നത്. ഒരു ഫാസ്റ്റ് ബൗളർ എന്ന നിലയിലുള്ള ഭാവി തന്നെ തുലാസിലായിരുന്ന സമയം. പക്ഷേ, ഈ തിരിച്ചടികളെ ധൈര്യപൂർവം അതിജീവിച്ച്, കൂടുതൽ കരുത്തോടെ തിരിച്ചുവന്നിരിക്കുകയാണ് മുഹ്സിൻ ഖാൻ.
എന്നാൽ, അതൊട്ടും എളുപ്പമായിരുന്നില്ല. എൽഎസ്ജിക്ക് വേണ്ടിയുള്ള സീസണിലെ ആദ്യ മത്സരം മഴ കവർന്നു, ഒരു ഓവർ പോലും എറിയാൻ കഴിഞ്ഞില്ല. ഒരു മത്സര ക്രിക്കറ്റ് മത്സരത്തിൽ അവസാനമായി പ്രത്യക്ഷപ്പെട്ട് 12 മാസങ്ങൾക്ക് ശേഷം മെയ് 7 ന് ഗുജറാത്ത് ടൈറ്റൻസിനെതിരേയാണ് പിന്നെ മുഹ്സിന്റെ കൈയിൽ പന്ത് കിട്ടുന്നത്. ഒന്നും വിചാരിച്ചതു പോലെ ശരിയായില്ല. അന്ന് നാല് ഓവറിൽ വഴങ്ങിയത് 42 റൺസാണ്. ഹൈദരാബാദിനെതിരായ അടുത്ത മത്സരത്തിനുള്ള ഫസ്റ്റ് ഇലവനിൽ ഇടമില്ല.
അഞ്ച് തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യൻസിനെതിരേ എൽഎസ്ജിയുടെ നിർണായക ഹോം മത്സരത്തിലാണ് പിന്നെ വീണ്ടും പന്തുമായി പിച്ചിലേക്ക് ഓടിയടുക്കുന്നത്. തുടക്കം വീണ്ടും പിഴച്ചു. ന്യൂബോളിൽ താളം കണ്ടെത്താനാകാതെ വന്നപ്പോൾ, ആദ്യ രണ്ടോവറിൽ ഇഷാൻ കിഷനും രോഹിത് ശർമയും ചേർന്ന് 20 റൺസ് വാരിക്കൂട്ടി.
പിന്നാലെ മുഹ്സിനെ എൽഎസ്ജി ക്യാപ്റ്റൻ ക്രുനാൽ പാണ്ഡ്യ ആക്രമണത്തിൽനിന്നു പിൻവലിച്ചു. രണ്ടാം സ്പെല്ലിനു വിളിക്കുമ്പോൾ ബിഗ് ഹിറ്റർമാരായ ടിം ഡേവിഡും കാമറൂൺ ഗ്രീനുമാണ് ക്രീസിൽ. മുംബൈക്ക് ജയിക്കാൻ ഒരോവറിൽ 11 റൺസ് മാത്രമാണ് അപ്പോൾ ആവശ്യം. ജയം വെറും രണ്ടു ഷോട്ട് അകലെ. എന്നാൽ ഏറ്റവും മികച്ച ആറ് പന്തുകൾ, അതേ മുഹ്സിൻ മുംബൈയെ തോൽപ്പിച്ചു കളഞ്ഞു.
വലംകൈയൻമാരായ ടിം ഡേവിഡ്, കാമറൂൺ ഗ്രീൻ എന്നിവരിൽ നിന്ന് പുറത്തേക്ക് പോയ ലെങ്ത് ബോളുകളായിരുന്നു ആദ്യ മൂന്നെണ്ണം. ബൗളിങ് വേഗത്തിൽ വ്യത്യാസം വരുത്തിക്കൊണ്ടിരുന്നത് ഓസ്ട്രേലിയൻ ജോഡിയെ കുഴപ്പിച്ചു. ലക്ഷ്യം മൂന്നു പന്തിൽ ഒമ്പത് റൺസ് എന്ന നിലയിൽ എങ്ങോട്ടും തിരിയാവുന്ന അവസ്ഥയിൽ. ക്രീസിൽ ഗ്രീൻ. രണ്ട് കിടിലൻ യോർക്കറുകളാണ് മുഹ്സിൻ തൊടുക്കുന്നത്. ഗ്രീൻ നിസഹായനകുമ്പോൾ വിജയം എൽഎസ്ജി ഉറപ്പിക്കുകയായിരുന്നു. അവസാന ഓവറിൽ വഴങ്ങിയത് വെറും അഞ്ച് റൺസ്. എൽഎസ്ജി മത്സരത്തിൽ വിജയിച്ച് മൂന്നാം സ്ഥാനത്തേക്ക് കയറുകയും പ്ലേ ഓഫ് യോഗ്യതയ്ക്ക് സാധ്യത നിലനിർത്തുകയും ചെയ്തു.
പരുക്ക് കാരണമുള്ള തിരിച്ചടികൾക്കും ഐപിഎല്ലിലേക്കുള്ള സുഗമമല്ലാത്ത തിരിച്ചുവരവിനുമിടയിൽ മുഹ്സിനെ തളർത്താൻ വ്യക്തിപരമായ ഒരു പ്രശ്നം കൂടിയുണ്ടായിരുന്നു. അച്ഛൻ കഴിഞ്ഞ 10 ദിവസമായി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. ആ മാച്ച് വിന്നിങ് ലാസ്റ്റ് ഓവർ എറിയുന്നതിന് ഒരു ദിവസം മുൻപു മാത്രമാണ് അദ്ദേഹം ആശുപത്രിവിട്ട് വീട്ടിലേക്കു മടങ്ങിയത്.
"നിർഭാഗ്യവശാൽ, എന്റെ അച്ഛൻ ആശുപത്രിൽ ഐസിയുവിൽ ആയിരുന്നു, അദ്ദേഹത്തെ ഇന്നലെ ഡിസ്ചാർജ് ചെയ്തു, അതിനാൽ ഞാൻ അദ്ദേഹത്തിനു വേണ്ടി ഈ മത്സരം കളിക്കുകയായിരുന്നു. അദ്ദേഹം ടിവിയിൽ കളി കാണുന്നുണ്ടായിരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനു ശേഷം ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയ അച്ഛൻ ഇപ്പോൾ വളരെ സന്തോഷവാനായിരിക്കണം', മോഹ്സിന് മത്സരശേഷം പറഞ്ഞു.